nano plastic
നാനോ പ്ലാസ്റ്റിക്

അപരിചിതമായ സ്ഥലങ്ങള്‍ ഉത്കണ്ഠ വര്‍ധിപ്പിക്കും, നാനോ പ്ലാസ്റ്റിക് തലച്ചോറില്‍ ഉണ്ടാക്കുന്ന മാറ്റം ചില്ലറയല്ല

നാനോ പ്ലാസ്റ്റിക് നമ്മുടെ തലച്ചോറിന്‍റെ വികാസത്തെയും പെരുമാറ്റ രീതിയെയും വരെ ബാധിക്കാമെന്ന് പഠനം.
Published on

രിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാണ് മൈക്രോ-നാനോ പ്ലാസ്റ്റിക്. ഏതാണ്ട് ഒരു മൈക്രോമീറ്ററിൽ താഴെ വ്യാസമുള്ള പ്ലാസ്റ്റിക്കിന്‍റെ ഈ ചെറു കണങ്ങൾ കുടിവെള്ളത്തിലടക്കം നമ്മൾ നിത്യം ഉപയോ​ഗിക്കുന്ന മിക്കവയിലും ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ സൂഷ്മ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യശരീരത്തിൽ എത്തിയാൽ കാൻസർ മുതൽ പ്രത്യുൽപാദന ആരോഗ്യത്തെ വരെ ബാധിക്കാം. 

കൂടാതെ നാനോ പ്ലാസ്റ്റിക് നമ്മുടെ തലച്ചോറിന്‍റെ വികാസത്തെയും പെരുമാറ്റ രീതിയെയും വരെ ബാധിക്കാമെന്ന് ന്യൂറോ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഇവ ഗർഭകാലം പോലുള്ള സെൻസിറ്റീവ് കാലഘട്ടങ്ങളിൽ പോലും ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിന്‍റെ വികാസത്തെ ബാധിക്കുകയും ചെയ്യുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു.

ഗര്‍ഭാവസ്ഥയില്‍, ശിശുക്കളായിരിക്കുമ്പോള്‍, കൗമാരകാലഘട്ടം എന്നിങ്ങനെ എലികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വ്യാപകമായി നാനോ പ്ലാസ്റ്റിക്കുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവരികയും ഈ കാലയളവിലുള്ള അവയുടെ പെരുമാറ്റവും തലച്ചോറിന്റെ പ്രവർത്തനവും വിലയിരുത്തുകയും ചെയ്തു. എലികൾ നാനോപ്ലാസ്റ്റിക്കുമായി സമ്പർക്കപ്പെടുന്ന സമയം പ്രധാനമാണെന്ന് ഗവേഷകർ പറയുന്നു.

എലികൾ നാനോപ്ലാസ്റ്റിക്സുമായി സമ്പർക്കത്തിൽ എത്തിയപ്പോൾ അവ വളരെ വ്യത്യസ്തമായ പ്രതികരണങ്ങൾ കാണിച്ചതായി പഠനത്തിൽ വിശദീകരിക്കുന്നു. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലോ അല്ലെങ്കിൽ യൗവനാരംഭത്തിലോ നാനോപ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വന്ന എലികൾക്ക് സാമൂഹിക പെരുമാറ്റത്തിൽ പ്രശ്‌നങ്ങളുണ്ടായതായി ഗവേഷകര്‍ പറയുന്നു.

അപരിചിതമായ സ്ഥലങ്ങൾ അവരെ ഉത്കണ്ഠാകുലരാക്കുന്നതായി കണ്ടെത്തി. കൂടാതെ ഇത്തരം സന്ദർഭങ്ങളിൽ അവ പകച്ചു നിൽക്കുകയും ഉയർന്ന ദുരിത ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതായി ​ഗവേഷകർ പറയുന്നു. എലികൾ മറ്റ് എലികളോട് സാധാരാണയായി ഇടപഴകുന്നത് കുറവാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പരീക്ഷണ കാലയളവില്‍ അവയുടെ ഡോപാമൈനുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ പ്രദേശത്തെ പ്രവർത്തനം തടസ്സപ്പെട്ടതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇതാകാം അവ പെട്ടെന്ന് ഉത്കണ്ഠാകുലരാകുന്നതിന് പിന്നിലെ കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാനസികാവസ്ഥയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളിൽ ഒന്നാണ് ഡോപാമൈൻ. ഹാപ്പി ഹോര്‍മോണ്‍ എന്നും ഇവയെ വിളിക്കുന്നു.

അതേസമയം ഗർഭാവസ്ഥയുടെ മധ്യത്തിൽ നാനോപ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വന്ന എലികളുടെ ചലനങ്ങള്‍ മന്ദഗതിയിലായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com