

മെഷീനുകൾ ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ എഞ്ചിൻ ഓഫ് ആക്കി കുറച്ചു സമയത്തിന് ശേഷം റീ-സ്റ്റാർട്ട് ചെയ്യാറില്ലേ? ഈ ടെക്നിക് മനുഷ്യരിലും പ്രാവർത്തികമാണ്. നമ്മുടെ തലച്ചോർ ശരിയായി പ്രവർത്തിക്കാൻ ഇടയ്ക്കൊരു ബ്രേക്ക് ആവശ്യമാണ്. 'ഒന്നും ചെയ്യാതെയിരിക്കുക...' 1972 ൽ അമേരിക്കൽ മാധ്യമ പ്രവർത്തകൻ ഹാരോള്‍ഡ് പുള്‍മാന്‍ കൊഫിന്‍ അവതരിപ്പിച്ച 'നത്തിങ് ഡേ' എന്ന ആശയത്തിൽ നിന്നാണ് 1973 ജനുവരി 16 മുതൽ എല്ലാ വർഷവും അമേരിക്കക്കാർ നാഷണൽ നത്തിങ് ഡേ ആചരിച്ചു തുടങ്ങുന്നത്.
ഒന്നും ചെയ്യാതെ ചുമ്മാതിരിക്കുന്നത് പലപ്പോഴും മടി കാരണമാണെന്ന് ആക്ഷേപിക്കാറുണ്ട്. എന്നാൽ തലച്ചോറിന് ആയാസപ്പെട്ട പണിയിൽ നിന്ന് ഒരു ദിവസത്തെ മുടക്ക് നൽകുന്നത് അവയെ കൂടുതൽ ക്രിയാത്മകമാക്കുമെന്ന് മിനസോട്ട സര്‍വകലാശാല ഗവേഷകർ പറയുന്നു. യുക്തി, ആസൂത്രണം, തീരുമാനമെടുക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്നത് മസ്തിഷ്കത്തിന്റെ മുൻഭാഗമാണ്. ഈ ഭാഗം ഒന്ന് റീ-സ്റ്റാർട്ട് ചെയ്യുന്നത് ചിന്തകൾക്ക് വ്യക്തതയും ഏകാഗ്രതയും വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
മൈന്‍ഡ്ഫുള്‍നെസ്സിനെ കുറിച്ചല്ല പറഞ്ഞുവരുന്നത്. ചിന്തകൾ ശൂന്യമാക്കി പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുക അതായത് പതിവ് ദിനചര്യയിൽ നിന്ന് ഇടവേളയെടുത്ത് ഒരു ദിവസത്തേക്ക് ഒന്നും ചെയ്യാതിരിക്കുക എന്നതാണ് ആശയം. ഇത് ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്കും തലച്ചോർ ഫ്രഷ് ആകാനും സഹായിക്കും. ഒന്നും ചെയ്യാതിരിക്കുന്നത് വർത്തമാനകാലം ആസ്വദിക്കാനും ശാന്തമാകാനും ഗുണകരമാണ്. കൂടാതെ സ്വന്തത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനും പ്രശ്നങ്ങൾ ക്രിയാത്മകമായി പരിഹരിക്കാനും ഈ ഇടവേള സമയം നൽകുന്നു.
ചുമ്മാതിരിക്കൽ ഒരു വ്യായാമമുറയാണ്, എങ്ങനെ പരിശീലിക്കാം
വേഗത കുറയ്ക്കുക
തിരിക്കുപിടിച്ചുള്ള ജീവിത ഓട്ടത്തിന്റെ വേഗത കുറയ്ക്കുക എന്നതാണ് ആദ്യപടി. പതുക്കെ നടക്കുക, പതുക്കെ ഭക്ഷണം കഴിക്കുക, പതുക്കെ സംസാരിക്കുക, പതുക്കെ വാഹനമോടിക്കുക എന്നിവ പരിശീലിച്ചു തുടങ്ങാം. ഈ സമയം ചുറ്റും നടക്കുന്നതിന് വീക്ഷിക്കാനും ശ്രദ്ധിക്കാനും സമയമെടുക്കാം.
ചിന്തിക്കുന്നതിന് പകരം ശ്രദ്ധിക്കുക
അഞ്ച് മിനിറ്റ് സമയമാണെങ്കിലും ശാന്തമായ സ്ഥലത്തിരുന്നത് സ്വയം ഉള്ളിലേക്ക് ആഴ്ന്ന് ഇറങ്ങുക. ചിന്തകളെ ചിന്തിക്കുന്നതിനു പകരം ചിന്തകളെ ശ്രദ്ധിക്കാൻ ശ്രമിക്കാം. സ്വയം വിധിക്കുന്നതിനു പകരം ജിജ്ഞാസയോടെ നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും ശരീര സംവേദനങ്ങളെയും നിരീക്ഷിക്കുന്നത് ആഴത്തിലുള്ള ആത്മബോധത്തെ പ്രോത്സാഹിപ്പിക്കും.
ശ്രദ്ധിച്ച് കേൾക്കാം
ഒരു മിനിറ്റ് നേരത്തേക്ക് ഒരു ടൈമർ സജ്ജമാക്കി, ചുറ്റുമുള്ള ശബ്ദങ്ങൾ കഴിയുന്നത്ര തിരിച്ചറിയുക. അവ മനഃപാഠമാക്കാൻ ശ്രമിക്കാതെ തന്നെ. നമ്മുടെ ശരീരത്തിനുള്ളില്‍ നിന്നുണ്ടാകുന്ന ശബ്ദങ്ങള്‍, എയർ കണ്ടീഷനിങ് സിസ്റ്റം, ട്രാഫിക്, പശ്ചാത്തലത്തിലെ ശബ്ദങ്ങൾ എന്നിവ ശ്രദ്ധിക്കുക. ഒരു മിനിറ്റിനു ശേഷം നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ശാന്തത തോന്നുന്നതായി അനുഭവപ്പെടും.
ചെറിയ ചെറിയ കാര്യങ്ങള്‍ ലിസ്റ്റ് ചെയ്യാം
ഭാവിയില്‍ നടത്തിയെടുക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ സ്വപ്നങ്ങള്‍ ചിട്ടപ്പെടുത്തിയ ഒരു ബക്കറ്റ് ലിസ്റ്റ് നമ്മള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകും. അതിനൊപ്പം മനസിന് ശാന്തത കിട്ടുന്നതിന് വേണ്ടിയുള്ള തയ്യാറാക്കാം. ഒരു ദിവസം കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ധ്യാനിക്കുക അല്ലെങ്കില്‍ പ്രകൃതിയോടൊപ്പം പരമാവധി സമയം ചെലവഴിക്കുക എന്നിങ്ങനെ.
പ്രിയപ്പെട്ട ഇടം
പ്രവര്‍ത്തനത്തിനും ബ്രേക്കിനുമിടയില്‍ ഒരു സ്പോര്‍ട്ട് കിട്ടുക എന്നത് വലിയ പ്രയാസമാണ്. സമ്മര്‍ദം പിടിപ്പെടുമ്പോള്‍ ഒരു സ്റ്റെപ്പ് പിന്നിലേക്ക് ഇറങ്ങി ആ സ്പോര്‍ട്ട് കണ്ടെത്തേണ്ടത് പ്രധാനമാണ്. സമ്മര്‍ദം എപ്പോഴും നമ്മുടെ പിന്നാലെ ഉണ്ടാകും. എന്നാല്‍ സ്വയം പരിചരണം, ഒന്നും ചെയ്യാതിരിക്കുക എന്നിവ പരിശീലിക്കുന്നതിലൂടെ അത് തരണം ചെയ്യാന്‍ സാധിക്കും.
അഞ്ച് മിനിറ്റ് വെറുതെയിരിക്കാം
തിരക്കിനിടെ ഒരു അഞ്ച് മിനിറ്റ് മനസിനെ നിശ്ചലമാക്കി വെറുതെയിരിക്കുന്നത് വളരെ സമ്മര്‍ദം പിടിച്ച സാഹചര്യം പോലും കൈകാര്യം ചെയ്യാന്‍ സഹായിക്കും. ശാന്തമാകുമ്പോള്‍ ഹൃദയമിടിപ്പും ശ്വസനനിരക്കും മന്ദഗതിയിലാകും. പേശികൾ അയഞ്ഞിരിക്കും. ചിന്തകളില്‍ വ്യക്തയുണ്ടാവാന്‍ ഇത് സഹായിക്കും. ഇത് നിങ്ങളെ കൂടുതല്‍ പ്രൊഡക്ടീവ് ആക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates