'പാമ്പെണ്ണ വില്‍ക്കാന്‍ വരുന്നവരെ സൂക്ഷിക്കുക!' ഹെൽത്ത് സപ്ലിമെന്റ് പ്രമോഷന് പിന്നാലെ സാമന്തയ്ക്ക് രൂക്ഷ വിമർശനം

സാമന്തയെ 'ശാസ്ത്ര നിരക്ഷരരായ സെലിബ്രിറ്റി' എന്നും കമ്പനി ഫ്രോഡ് ആണെന്നും അദ്ദേഹം പറഞ്ഞു
Samantha Ruth Prabhu
ഹെൽത്ത് സപ്ലിമെന്റ് പ്രമോഷന് പിന്നാലെ സാമന്തയ്ക്ക് രൂക്ഷ വിമർശനം ( Samantha Ruth Prabhu)ഇൻസ്റ്റ​ഗ്രാം
Updated on

ൻസ്റ്റ​ഗ്രാമിലൂടെ ഹെൽത്ത് സപ്ലിമെന്റിന്റെ പ്രമോഷൻ നടത്തിയതിന് പിന്നാലെ വീണ്ടും വിവാദത്തില്‍ പെട്ട് നടി സാമന്ത. ദി ലിവർ ഡോക് എന്നറിയപ്പെടുന്ന ഡോ. സിറിയക് ആബി ഫിലിപ്‌സൺ നിക്കോട്ടിനാമൈഡ് മോണോ ന്യൂക്ലിയോടൈഡ് (എൻഎംഎൻ) അടങ്ങിയ സപ്ലിമെന്റുകളെ കുറിച്ച് താരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെതിരെ രം​ഗത്തെത്തിയതോടെയാണ് വിവാദമായത്.

ഈ സപ്ലിമെന്റ് ബ്രാൻഡിന്റെ സഹ സ്ഥാപക കൂടിയാണ് സമാന്ത. പ്രായമാകുന്തോറും മനുഷ്യരിൽ നിക്കോട്ടിനാമൈഡ് അഡിനൈൻ ഡൈന്യൂക്ലിയോടൈഡ് (NAD) ലെവലുകൾ കുറയുകയും ഇത് മൂലം ഊർജ്ജം, ഏകാഗ്രത എന്നിവ കുറയുകയുമെന്നും എൻഎംഎൻ സപ്ലിമെന്റേഷൻ ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്നും സാമന്ത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

എന്നാൽ ഇത് തെറ്റായ വിവരമാണെന്ന് ദി ലിവർ ഡോക് ചൂണ്ടിക്കാട്ടി. സാമന്തയെ 'ശാസ്ത്ര നിരക്ഷരരായ സെലിബ്രിറ്റി' എന്നും കമ്പനി ഫ്രോഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ പിന്തുണയില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികളെ പൊതുജനങ്ങൾ സൂക്ഷിക്കണമെന്നു ഡോക്ടർ പറഞ്ഞു. യോഗ്യതയുള്ള ഡോക്ടർമാരുടെ വൈദ്യോപദേശം മാത്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമന്തയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം വിമർശിച്ചത്. ശാസ്ത്രം അറിയാത്ത സിനിമാ താരങ്ങൾ ഒട്ടും ​ഗുണമില്ലാത്ത സപ്ലിമെന്റുകൾ വിറ്റ് തങ്ങളുടെ ദശലക്ഷക്കണക്കിന് വരുന്ന ആരാധകരെ വഞ്ചിക്കുന്നു. പാമ്പെണ്ണ വിൽക്കാൻ വരുന്നവരെ സൂക്ഷിക്കുക. അവർ വ്യത്യസ്ത രൂപത്തിൽ പ്രത്യക്ഷപ്പെടാം. അറിവുള്ള ഉപഭോക്താവായിരിക്കുക. ശാസ്ത്രത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പുരോ​ഗമിക്കുക. യഥാർഥ ഡോക്ടമാരെ വിശ്വസിക്കണമെന്നും അദ്ദേഹം കുറിച്ചു.

എൻഎഡി ഉപാപചയ പ്രവർത്തനത്തിന് കേന്ദ്രീകൃതമായ ഒരു സഹഎൻസൈമാണ്. എൻഎംഡി സപ്ലിമെന്റുകൾ എൻഎഡി മെച്ചപ്പെടുത്തുകയും ആരോ​ഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് ആവകാശപ്പെടുന്നത്. എൻഎഡി സപ്ലിമെന്റുകൾ അടുത്ത ആന്റി-ഏജിങ് സപ്ലിമെന്റായി പലരും വിശേഷിപ്പിക്കുന്നു. എന്നാൽ ഡാറ്റ പറയുന്നത് ഇതിന് വിപരീതമാണെന്ന് ഡോ. സിറിയക് ആബി ഫിലിപ്‌സൺ പറയുന്നു.

ഹെൽത്ത് സപ്ലിമെന്റ് ബ്രാൻഡ് അവകാശപ്പെടുന്ന പോലെ എൻഎംഡി സപ്ലിമെന്റുകൾ ശരിയായി ആഗിരണം ചെയ്യപ്പെടുകയും അവകാശപ്പെടുന്നതുപോലെ അവയവങ്ങളിൽ എത്തുകയും ചെയ്യുന്നു എന്നതിന് തെളിവില്ല. എൻഎംഎൻ സ്വതവേ കോശങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. വായിലൂടെ എടുക്കുന്ന മിക്ക എൻഎംഡി ഉപയോഗപ്രദമായ എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് തന്നെ പ്ലെയിൻ നിക്കോട്ടിനാമൈഡായി പരിവർത്തനം ചെയ്യപ്പെടുന്നു.

അതിന് എൻഎഡി വർധിപ്പിക്കാനാവുന്നത് വളരെ ചെറിയ രീതിയിൽ മാത്രമായിരിക്കും. കൂടാതെ ആളുകളിൽ ഫലപ്രദമായ സാന്ദ്രതയിൽ തന്മാത്ര പ്രധാന കലകളിൽ എത്തുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം കുറിച്ചു. തന്റെ വാദങ്ങൾ തെളിയിക്കുന്ന വിവിധ പഠനങ്ങളും അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ വർഷം, ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷൻ ശുപാർശ ചെയ്തതിന് സമാന്തയെ വിമര്‍ശിച്ച് ഡോ. സിറിയക് രംഗത്തെത്തിയിരുന്നു. അതേസമയം വിമർശനങ്ങളിൽ സമാന്ത നേരിട്ട് പ്രതികരിച്ചിട്ടില്ല. കൃത്യമായ സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോയ ശേഷമാണ് തന്റെ പ്രോഡക്ടുകൾ മാർക്കറ്റിൽ എത്തുന്നതെന്നാണ് സമാന്ത പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com