
ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, ചാമ്പക്ക എന്നൊക്കെ സങ്കൽപ്പിക്കുമ്പോൾ തന്നെ വായിൽ നിന്ന് വെള്ളം ഊറും. ഉപ്പിനോടുള്ള ഇത്തരം ആസക്തി സ്വാഭാവികമാണ്. ഉപ്പിൽ അടങ്ങിയ പ്രാഥമിക ധാതുവായ സോഡിയം ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ അമിതമായ ഉപ്പിലിട്ടതിനോട് ആസക്തി (Crave Salt) ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം.
ഉപ്പിലിട്ടതിനോടുള്ള ആസക്തിക്ക് പിന്നിൽ
ഉപ്പിൽ സോഡിയം എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പേശികളുടെ ചലനത്തെ പിന്തുണയ്ക്കാൻ സോഡിയം ആവശ്യമാണ്. മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും നാഡികളിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നതിനും സോഡിയം ആവശ്യമാണ്. ഭക്ഷണത്തിൽ ഉപ്പ് ചേർക്കുക എന്നതാണ് സോഡിയം ശരീരത്തിൽ എത്താനുള്ള എളുപ്പ വഴി. എന്നാൽ ചിലപ്പോൾ ഉപ്പിട്ട ഭക്ഷണത്തോടുള്ള ശക്തമായ ആസക്തി ആളുകൾക്ക് അനുഭവപ്പെടാം.
ഇത് പല കാരണങ്ങളാൽ സംഭവിക്കാം:
നിർജ്ജലീകരണം: അമിതമായ വിയർപ്പ്, ഛർദ്ദി അല്ലെങ്കിൽ മൂത്രമൊഴിക്കൽ കാരണം ശരീരത്തിൽ നിന്ന് ഏറെ ജലം നഷ്ടപ്പെടുന്നതിനൊപ്പം സോഡിയവും നഷ്ടപ്പെടുന്നു. അത് നിങ്ങളുടെ തലച്ചോറിലേക്ക് കൂടുതൽ ഉപ്പ് കഴിക്കാൻ പ്രേരിപ്പിക്കുന്ന സിഗ്നലുകൾ അയയ്ക്കുന്നു. ഇത് ഉപ്പിട്ട ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കാം.
ഇമോഷണൽ ഈറ്റിങ്: സമ്മർദം, ദുഃഖം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ ആളുകൾ ഉപ്പിട്ട ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു. ഇത് സെറോടോണിൻ, നോർപിനെഫ്രിൻ എന്നിവ ഉൽപാദിപ്പിക്കുന്നു. വിഷാദവും ഉത്കണ്ഠയും മൂലം പലപ്പോഴും അസ്വസ്ഥമാകുന്ന കുറഞ്ഞു പോകുന്ന ഹോർമോണുകളാണിവ.
ഉറക്കക്കുറവ്: ഉയർന്ന നിലവാരമുള്ള ഉറക്കം ലഭിക്കാത്തത് ഭക്ഷണക്രമത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഉപ്പിലിട്ട അല്ലെങ്കിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കും.
ആരോഗ്യസ്ഥിതികൾ: ചില മെഡിക്കൽ അവസ്ഥകൾ ഉപ്പിനോടുള്ള ആസക്തിയെ പ്രോത്സാഹിപ്പിച്ചേക്കാം. ഉദാഹരണത്തിന്, അഡിസൺസ് രോഗം അഡ്രീനൽ ഗ്രന്ഥികളെ ബാധിക്കുന്നു. ഇത് സോഡിയത്തിന്റെയും ദ്രാവകത്തിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. സിസ്റ്റിക് ഫൈബ്രോസിസ്, ബാർട്ടർ സിൻഡ്രോം എന്നിവയും സോഡിയത്തിന്റെ അളവിനെ സ്വാധീനിക്കുകയും ഉപ്പിനോടുള്ള ആസക്തിക്ക് കാരണമാകുകയും ചെയ്യും.
ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയർന്ന സോഡിയത്തിന്റെ അളവ് ശരീരത്തിൽ വളരെയധികം ജലാംശം പിടിച്ചുനിർത്താൻ ഇടയാക്കും. ഇത് ഹൃദയത്തിന്റെ പണി ഇരട്ടിയാക്കുകയും. മറ്റ് അവയവങ്ങൾക്ക് സമ്മർദം കൂട്ടുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം, കാലക്രമേണ ഹൃദയം, വൃക്കകൾ, തലച്ചോറ് എന്നിവയ്ക്ക് തകരാറുകൾ ഉണ്ടാക്കാം.
അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കക്കാർക്കുള്ള ഏറ്റവും പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യപ്രശ്നങ്ങളില്ലാത്ത ശരാശരി മുതിർന്നവർ ഒരു ദിവസം സോഡിയം കഴിക്കുന്നത് 2,300 മില്ലിഗ്രാമോ അതിൽ കുറവോ ആയി പരിമിതപ്പെടുത്തണമെന്ന് ശുപാർശ ചെയ്യുന്നു. അത് ഏകദേശം ഒരു ടീസ്പൂൺ ഉപ്പിന് തുല്യമാണ്. എന്നാൽ, ദ്രാവകനഷ്ടം, ശാരീരിക പ്രവർത്തനങ്ങൾ, മെഡിക്കൽ ചരിത്രം തുടങ്ങിയ മറ്റ് ഘടകങ്ങളെ ആശ്രയിച്ച് സോഡിയത്തിന്റെ ആവശ്യകത വ്യത്യാസപ്പെടാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ