അന്നും ഇന്നും ഒരുപോലെ, കിടക്കുന്നതിന് മുൻപ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ശാന്തി കൃഷ്ണ
ഭരതന്റെ നിദ്രയിലൂടെ വെള്ളിത്തിരയിലേക്ക് പുഞ്ചിരിച്ചുകൊണ്ട് കയറിവന്ന ശാലിന സുന്ദരി, നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ശാന്തി കൃഷ്ണയ്ക്ക് (Santhi Krishna) യാതൊരു മാറ്റവുമില്ലെന്ന് ആരാധകര്‍ പറയുന്നു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന താരം നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇന്നും കാത്തുസൂക്ഷിക്കുന്ന അഴകിന് പിന്നില്‍ ചിട്ടയായ ജീവിത രീതിയാണെന്ന് താരം പറയുന്നു.
ദിനചര്യ
ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അര നാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്തു കുടിച്ചുകൊണ്ടാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നതെന്ന് ശാന്തി കൃഷ്ണ പറയുന്നു. ഷൂട്ടിങ് ഉള്ള സന്ദര്‍ഭങ്ങളില്‍ നാരങ്ങയും തേനും കിട്ടാത്ത സാഹചര്യത്തിലാണെങ്കില്‍ ചൂടുവെള്ളം മാത്രം കുടിക്കും. അരമണിക്കൂറിനകത്ത് ഒരു ചെറുപഴം കഴിക്കും. ഇതിന് ശേഷമേ ചായ കൂടിക്കൂ, അതും വീണ്ടും അര മണിക്കൂര്‍ ഗാപ്പില്‍.
പഞ്ചസാരയെ പൂര്‍ണമായും ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ് ശാന്തി കൃഷ്ണ പിന്തുടരുന്നത്. മധുരത്തിന് കോക്കനട്ട് ഷുഗര്‍ ആണ് ഉപയോഗിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിന് ഏറ്റവും ഇഷ്ടം പോഹ ആണ്. ഉച്ചയ്ക്ക് ഹെല്‍ത്തി പ്ലേറ്റ് മാതൃകയാണ് പിന്തുടരുന്നത്- ചോറ് കുറച്ചും കറികള്‍ കൂടുതലുമാണ് കഴിക്കുന്നത്. ചെറുപ്പം മുതല്‍ വെജിറ്റേറിയന്‍ ആയതിനാല്‍ പച്ചക്കറിയോടാണ് താല്‍പര്യം. മോര് ഉറപ്പായും ഉച്ചയ്ക്ക് ഉണ്ടാകും.
വൈകുന്നേരം ചായയും കടിയുമൊന്നും അത്ര നിര്‍ബന്ധമില്ല, എന്നാല്‍ ലൊക്കേഷനില്‍ കിട്ടുന്ന ഇലയട കഴിക്കാന്‍ ഇഷ്ടമാണെന്നും താരം പറയുന്നു. ഇടയ്ക്ക് വൈകുന്നേരങ്ങളില്‍ ഗ്രീന്‍ ടീ കുടിക്കാറുണ്ട്. അത്താഴം രാത്രി 8.30ന് മുന്‍പ് കഴിക്കും. ദോശ അല്ലെങ്കില്‍ ഉപ്പുമാവ് ആയിരിക്കും അത്താഴം. ഇടയ്ക്ക് ദോശമാവില്‍ പച്ചക്കറിയും സവാളയും അരിഞ്ഞു ഊത്തപ്പം പോലെ ഉണ്ടാക്കാറുണ്ട്. പണ്ട് മുന്‍തലേ രാത്രി ചോറ് കഴിക്കുന്ന ശീലമില്ല.
വ്യായാമം
ആറ് വയസു മുതല്‍ നൃത്തം അഭിസിച്ചിട്ടുണ്ട്. കൗമാര പ്രായത്തിലും യൗവ്വനത്തിലുമൊക്കെ ശരീരം ആക്ടീവ് ആയി ഇരിക്കാന്‍ നൃത്തം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. മനസിനും ശരീരത്തിനും തെളിച്ചം കിട്ടാനും നൃത്തം മികച്ചതാണ്. എന്നാല്‍ രണ്ട് മൂന്ന് വര്‍ഷമായി നൃത്തപരിശീലനം മുടങ്ങി. നൃത്തത്തിലെ ചില അടവുകള്‍ പരിശീലിക്കാറുണ്ട്, സ്ട്രെച്ചിങ് പോലുള്ളത്. ഫ്ലെക്സിബിലിറ്റി കിട്ടാൻ ഇത് മികച്ച മാര്‍ഗമാണ്. രാവിലെയുള്ള അര മണിക്കൂര്‍ നടത്തം മുടക്കാറില്ല.
ചുരുണ്ട ഇടതൂര്‍ന്ന മുടിയായിരുന്നു മുന്‍പ്. മുടിക്കോ ചര്‍മത്തിനോ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. മുടി വരണ്ടതായി തോന്നുമ്പോള്‍ അല്‍പം സെറം അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടും അതാണ് ഇപ്പോള്‍ ചെയ്യുന്നത്. അമ്മയുടെ ചര്‍മം മനോഹരമാണ്, ആ പാരമ്പര്യം തന്നെയാണ് തനിക്കും കിട്ടിയിരിക്കുന്നത്. ഡാൻസിനൊഴികെ പണ്ടും കാര്യമായി മേക്കപ്പ് ചെയ്യാറില്ലായിരുന്നു. എന്നും രാത്രി കിടക്കുന്നതിനു മുൻപു മുഖം നന്നായി കഴുകിയശേഷം വിർജിൻ കോക്കനട്ട് ഓയിൽ മുഖത്തു പുരട്ടും. എന്റെ ചർമം സെൻസിറ്റീവ് ആണ്. അതിനാൽ നല്ല മേക്കപ്പ് ഉൽപന്നങ്ങൾ അല്ല എങ്കിൽ പ്രശ്നമാണ്.
സംഗീതം
സംഗീതമാണ് സ്ട്രെസ് ബസ്റ്റർ. റിലാക്സ് ആകാൻ മെലഡി പാട്ടുകൾ കേൾക്കാനാണു താൽപര്യം. എന്നാലും മനസ്സിന്റെയും ശരീരത്തിന്റെയും സൗന്ദര്യത്തിന്റെ ക്രെഡിറ്റ് നൃത്തത്തിനാണ് നല്‍കുന്നതെന്നും താരം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ