

ഇന്ത്യയിൽ കുട്ടികളിലെ പൊണ്ണത്തടി ഒരു പകർച്ചവ്യാധി പോലെ വർധിച്ചുവരികയാണ്. എന്നാൽ ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സമഗ്രമായ ഡാറ്റ ഇന്ത്യയിൽ ഇതുവരെയില്ലെന്ന് വിദ്ഗധർ വ്യക്തമാക്കുന്നു. ആഗോള ആരോഗ്യ ഏജൻസികൾ പൊണ്ണത്തടി ലോകത്ത് വർധിച്ചു വരുന്ന ആശങ്കയായി വളരെക്കാലമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ആരോഗ്യ സർവേകൾ പ്രധാനമായും പോഷകാഹാരക്കുറവിനെ കേന്ദ്രികരിച്ചാണ് നടക്കുന്നത്. എന്നാൽ അതിന് സമാന്തരമായി ഉണ്ടാകുന്ന അമിത പോഷകാഹാര പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്നു.
പ്രദേശാടിസ്ഥാനത്തില്‍ ഡാറ്റ വേണം
കുട്ടികളിലെ വർധിച്ചു വരുന്ന പൊണ്ണത്തടി പ്രവണതയെ കുറിച്ച് പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തി കൃത്യമായി ഡാറ്റയില്ലാതെ ഇടപെടലുകള്‍ അസാധ്യമാണ്. സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ എന്നിവയിലൂടെ കുട്ടികളിലെ പൊണ്ണത്തടി ട്രാക്ക് ചെയ്യുന്നത് വളരെ നേരത്തെ തന്നെ പ്രതിരോധം തീർക്കാനും പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള നടപടികൾ രൂപീകരിക്കാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
'കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നഗരവൽക്കരണവും സാമ്പത്തിക വളർച്ചയും കുട്ടികളുടെ ഭക്ഷണരീതിയിൽ സാരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. കുട്ടികൾക്ക് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തെക്കാൾ സംസ്കരിച്ചതും ഉയർന്ന കലോറി അടങ്ങിയതുമായ ഭക്ഷണങ്ങളോടെ തൽപര്യം വർധിച്ചു. ഫാസ്റ്റ് ഫുഡ്, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, അൾട്രാ-പ്രോസസ്ഡ് സ്നാക്സ് പോലുള്ളവ എളുപ്പത്തിൽ ലഭ്യമാവുകയും അവയുടെ വില താങ്ങാനാവുന്നതുമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ഭക്ഷണക്രമത്തിൽ സാധാരണമായി'- ഡോ. പരിമള വി തിരുമലേഷ്, (സീനിയർ കൺസൾട്ടന്റ്, യോനാറ്റോളജി ആൻഡ് പീഡിയാട്രിക്സ്, ആസ്റ്റർ സിഎംഐ ആശുപത്രി) പറയുന്നു.
അതുപോലെ തന്നെ ഡിജിറ്റൽ ഉപകരണങ്ങളുടെ വർധിച്ച ഉപയോഗവും നീണ്ട സ്കൂൾ സമയവും തുറസായ സ്ഥാലങ്ങളിലെ കളികൾ കുറഞ്ഞതും കുട്ടികളിലെ ശാരീരിക പ്രവർത്തനങ്ങൾ കുറയാൻ കാരണമായി. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ കുട്ടികളിലെ പൊണ്ണത്തടി നിരക്ക് ഏകദേശം ഇരട്ടിയായി വർധിച്ചുവെന്ന് വിവിധ സ്വതന്ത്ര സംഘടനകൾ നടത്തിയ പഠനങ്ങൾ പറയുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ഈ പ്രവണത കൂടുതൽ.
കൂടാതെ കുട്ടികളിലെ പൊണ്ണത്തടി പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ ചെറുപ്രായത്തിൽ തന്നെ ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഡോ. പരിമള പറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തെ കുറിച്ചും ജീവിതശൈലി തിരഞ്ഞെടുപ്പുകളെ കുറിച്ചുമുള്ള അവബോധമില്ലായ്മയാണ് കുട്ടികളിലെ പൊണ്ണത്തടി നിരക്ക് വർധിക്കാൻ കാരണമെന്ന് ഡോ. പരിമള മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യകരമെന്ന ടാഗിൽ വീണ് പോകരുത്
കമ്പനികളുടെ മാർക്കറ്റിങ് തന്ത്രങ്ങളിൽ കുടുങ്ങിയും പോഷകാഹാരത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളാലും പല മാതാപിതാക്കളും കുട്ടികൾക്ക് 'ആരോഗ്യകരം' എന്ന് ലേബല്‍ ചെയ്ത പാക്കറ്റ് ഭക്ഷണങ്ങൾ നൽകുന്നു. എന്നാൽ യാഥാർഥത്തിൽ ഇത്തരം ഭക്ഷണം അനാരോഗ്യകരമായ കൊഴുപ്പുകൾ, പ്രിസർവേറ്റീവുകൾ, അധിക പഞ്ചസാര എന്നിവയാൽ നിറഞ്ഞതായിരിക്കുമെന്നും ഡോ. പരിമള കൂട്ടിച്ചേർത്തു.
പോഷകാഹാര വിദ്യാഭ്യാസം
ഇന്ത്യൻ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ പോഷകാഹാര വിദ്യാഭ്യാസത്തിനോ ശാരീരിക പ്രവർത്തനത്തിനോ പ്രാധാന്യം നൽകുന്നില്ലെന്നതാണ് എടുത്തു പറയേണ്ട് മറ്റൊരു കാര്യമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അക്കാദമിക് പ്രകടനത്തിന് വേണ്ടി കായിക വിനോദങ്ങളും വ്യായാമവും പലപ്പോഴും ഒഴിവാക്കാറുണ്ട്. സ്കൂൾ കാന്റീനുകളിൽ ജങ്ക് ഫുഡിന്റെ ലഭ്യത സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്നും വിദഗ്ധർ പറയുന്നു. ഇത് കുട്ടികൾ ചെറുപ്പം മുതലേ അനാരോഗ്യകരമായ ഭക്ഷണതിരഞ്ഞെടുപ്പുകൾ നടത്താൻ കാരണമാകുന്നു.
സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ
സാമൂഹിക സാമ്പത്തിക അസമത്വങ്ങളും പൊണ്ണത്തടി പ്രവണതകളിൽ ഒരു നിർണായത പങ്കു വഹിക്കുന്നു. താഴ്ന്ന വരുമാന പശ്ചാത്തലത്തിൽ വളരുന്ന കുട്ടികൾ പോഷകാഹാര അസന്തുലിതാവസ്ഥ നേരിടേണ്ടി വന്നേക്കാം. സമീകൃത പോഷകാഹാരത്തിന് പകരം അനാരോഗ്യകരമായ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.
നഗരങ്ങളിലും ഗ്രാമങ്ങളിലും കുട്ടികളിലെ പൊണ്ണത്തടി ആശങ്കാജനകമായ തോതിൽ വർധിച്ചുവരുന്നതായി ഫോർട്ടിസ് ആശുപത്രിയിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി കൺസൾട്ടന്റ് ഡോ. രാംരാജ് വി എൻ പറഞ്ഞു. കുട്ടികളിലെ പൊണ്ണത്തടി പകർച്ചവ്യാധിയുടെ തോതിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങൾ ചെറുപ്പക്കാരിൽ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ ഈ പ്രശ്നത്തെ ഗുരുതരമായ ഒരു പൊതുജനാരോഗ്യ ഭീഷണിയായി തിരിച്ചറിയേണ്ടത് അടിയന്തിര ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊണ്ണത്തടി ആഗോള ആരോഗ്യപ്രശ്നമായി നിലനിൽക്കുമ്പോഴും ഇന്ത്യയിൽ കുട്ടികൾക്കിടയിലെ പൊണ്ണത്തടിയെ കുറിച്ചുള്ള ഡാറ്റ ശേഖരണം നടക്കുന്നില്ലെന്നും ഡോ. രാംരാജ് പറയുന്നു. കൃത്യമായ ഡാറ്റ ഇല്ലാത്തത് പ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പിലാക്കാൻ തടസമാകുന്നു. നിലവിലെ ആരോഗ്യ സർവേകൾ പലപ്പോഴും പോഷകാഹാരക്കുറവിനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാൽ അമിത പോഷകാഹാരത്തിന്റെ സമാന്തര പ്രതിസന്ധിയെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
കുട്ടികളിലെ പൊണ്ണത്തടി പ്രവണത ട്രാക്ക് ചെയ്യുന്നതിനും, ഭക്ഷണശീലങ്ങൾ വിലയിരുത്തുന്നതിനും, ശാരീരിക പ്രവർത്തന നിലവാരം വിലയിരുത്തുന്നതിനും സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ സഹകരിക്കണം. ഇത് അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള നിർണായക ഉൾക്കാഴ്ചകൾ നൽകുകയും സ്കൂൾ അധിഷ്ഠിത പോഷകാഹാര പരിപാടികൾ, ബോധവൽക്കരണ ക്യാംപയിനകൾ, പ്രാദേശിക വിപണികളിൽ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ലഭ്യത നിയന്ത്രിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയവ രൂപകൽപ്പന ചെയ്യാൻ സഹായിക്കുമെന്നും ഡോ. രാംരാജ് കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ മരണകാരണമായി പകർച്ചവ്യാധികളെ മറികടന്ന് പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ (എൻസിഡി) വളർന്നതു പോലെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടികളിലെ പൊണ്ണത്തടി അടുത്ത ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയായി വളരാമെന്നും അദ്ദേഹം പറയുന്നു. വർധിച്ചുവരുന്ന പൊണ്ണത്തടി പ്രവണതയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ആഘാതം വിനാശകരമാകുമെന്ന് ഡോർക്ടർ മുന്നറിയിപ്പ് നൽകുന്നു. പകർച്ചവ്യാധികളിൽ നിന്ന് വ്യത്യസ്തമായി പൊണ്ണത്തടിയെ തുടർന്നുള്ള സങ്കീർണതകൾ ക്രമേണ വികസിക്കുന്നു. പ്രകടമല്ലാത്തതും സ്ഥിരവുമായ രീതി കൂടുതൽ അപകടമാണ്. ഡാറ്റാ അധിഷ്ഠിതമായ അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ വിട്ടുമാറാത്ത രോഗങ്ങളുമായി മല്ലിടുന്ന ഒകു തലമുറയെ രാജ്യം നേരിടേണ്ടി വരുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates