ഹൃദയസ്തംഭനം തടയാന്‍ പ്രോട്ടീന്‍, നിര്‍ണായക കണ്ടെത്തലുമായി കേരള സര്‍വകലാശാല ഗവേഷകര്‍

പ്രോട്ടീനായ ആക്ടിന്റെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ട് ഹൃദയത്തിന് സംരക്ഷണം നല്‍കാമെന്ന് പഠനം.
man feeling chest pain heart diseases in kerala
ഹൃദയസ്തംഭനം തടയാന്‍ പ്രോട്ടീന്‍
Updated on

കേരളത്തിൽ ഹൃദ്രോ​ഗങ്ങളും ഹൃദയസ്തംഭനങ്ങളും വർധിച്ചുവരുന്നതാണ് സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരാണ് ഹൃദ്രോ​ഗങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്നത്. അടുത്തിടെ കേരള സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ ഓക്സിജൻ ലഭ്യത കുറയുമ്പോൾ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയുന്നതിന് നിർണായകമായ പ്രോട്ടീൻ കണ്ടെത്തി.

ഹൃദയത്തിൽ ഓക്സിജൻ കുറയുന്ന ഘട്ടത്തിൽ ഹൃദയകോശങ്ങളിലെ പ്രധാന പ്രോട്ടീനായ ആക്ടിന്റെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ട് ഹൃദയത്തിന് സംരക്ഷണം നൽകാമെന്ന് ടോക്സിക്കോളജി ആന്റ് ഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കോശങ്ങളുടെ ഘടന നിലനിര്‍ത്തുന്ന പ്രോട്ടീന്‍ ആണ് ആക്ടിന്‍. കാരി മത്സ്യത്തെ (കല്ലേൽ മുട്ടി) ഉപയോഗിച്ചായിരുന്നു ഗവേഷണം.

സാധാരണ മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ അന്തരീക്ഷ വായുവിൽ അടങ്ങിയ ഓക്സിജനും കല്ലേൽ മുട്ടി എന്ന മത്സ്യത്തിന്റെ അതിജീവനത്തിന് പ്രധാനമാണ്. അന്തരീക്ഷ വായു ലഭ്യത കുറയ്ക്കുമ്പോൾ ഇവയുടെ ഹൃദയത്തിനുണ്ടാകുന്ന മാറ്റങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഓക്സിജൻ കുറവുള്ള സഹാചര്യത്തിൽ വായു ശ്വസിക്കുന്ന മത്സ്യങ്ങളുടെ ഹൃദയത്തിൽ മൈറ്റകോൺട്രിയൽ ഊർജ്ജസ്വലത, സെല്ലുലാർ സി​ഗ്നലിങ്, ഘടനാപരമായ സമ​ഗ്രത എന്നിവ നിലനിർത്തുന്നതിൽ ആക്ടിൻ എന്ന പ്രോട്ടീന്റെ നിർണായക പങ്ക് പഠനം ചൂണ്ടിക്കാണിക്കുന്നു.

സമ്മര്‍ദം അനുഭവപ്പെടുമ്പോഴാണ് ഹൃദയത്തില്‍ ഓക്സിജന്‍റെ അളവ് കുറയുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥയുണ്ടാകുന്നത്. കോശങ്ങലുടെ സ്ഥിരതയെ സഹായിക്കുന്ന ആക്ടിന്‍ എന്ന പ്രോട്ടീന്‍റെ പ്രവര്‍ത്തനം ലഘൂകരിച്ചാല്‍ മരണം തടയാനാകുമെന്നാണ് കണ്ടെത്തല്‍.

ഓക്സിജിന്റെ അഭാവം ഹൃദയകോശങ്ങളെ നശിപ്പിക്കും. സൈറ്റോചലാസിന്‍-ഡി എന്ന സംയുക്തം ഉപയോഗിച്ചാണ് ആക്ടിന്‍റെ പ്രവര്‍ത്തനം ലഘൂകരിക്കുന്നത്. ഇത് റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷ്യസ് എന്നറിയപ്പെടുന്ന ദോഷകരമായ തന്മാത്രകളെ കുറയ്ക്കുകയും ഹൃദയസംരക്ഷണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന നൈട്രിക് ഓക്‌സൈഡ് പരിധി വര്‍ധിപ്പിക്കുന്നതിലൂടെയും ഓക്‌സിജന്‍ ഇല്ലാതെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള ഹൃദയത്തിന്റെ കഴിവിനെ ഉത്തേജിപ്പിച്ച് കോശങ്ങളുടെ ഊര്‍ജ്ജ ഫാക്ടറിയായ മൈറ്റോകോണ്‍ട്രിയെ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യാമെന്ന് കേരള സര്‍വകലാശാല ഗവേഷകയായ എസ് രേഖ സമകാലിക മലയാളത്തോട് പറ‍ഞ്ഞു.

ഈ മാറ്റം പുതിയ മൈറ്റോകോണ്‍ട്രിയയുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുകയും സര്‍മ്മദത്തെ നേരിടാന്‍ ഹൃദയ കോശങ്ങള്‍ക്ക് പുതിയ ഊര്‍ജ വിതരണം നല്‍കുകയും ചെയ്യുന്നു. ഹൃദയസ്തംഭനം അല്ലെങ്കില്‍ ആന്‍ജീന പോലെ ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ അവസ്ഥകളില്‍ ആക്ടിന്‍ ട്യൂബുലിന്‍, ഹീറ്റ് ഷോക്ക് എന്നീ ഘടനാപരമായ പ്രോട്ടീനുകളുമായി ഇടപഴകി ഹൃദയ പ്രവര്‍ത്തനത്തെ പുനര്‍നിര്‍മിക്കുന്നതിന് സഹായിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com