
ഇന്ത്യയില്‍ പൊണ്ണത്തടി പകര്‍ച്ചവ്യാധിക്ക് സമാനമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്നതും കൂടുതല്‍ ലഭ്യമാക്കേണ്ടതും പ്രധാനമാണെന്ന് 'ഒബേസിറ്റി കെയര്‍ ഇന്‍ ഇന്ത്യ' എന്ന സംഘടന പുറത്തുവിട്ട ധവളപത്രത്തില്‍ പറയുന്നു. പഞ്ചസാര അടങ്ങിയ മധുര പാനീയങ്ങള്‍, അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പോലുള്ള ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന ഭക്ഷണ സാധാനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണമെന്നും പഠനത്തില്‍ നിര്‍ദേശിക്കുന്നു.
നയപരമായ ചട്ടക്കൂടുകള്‍ വേണം
പൊണ്ണത്തടിയുടെ നിരക്ക് വലിയ തോതില്‍ വര്‍ധിക്കുമ്പോഴും ഇന്ത്യയില്‍ പൊണ്ണത്തടി തടയുന്നതിനോ പ്രതിരോധിക്കുന്നതിനോ ഘടനാപരമായ ഒരു സമീപനവുമില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 'പൊണ്ണത്തടി ഒരു നിശബ്ദ പകര്‍ച്ചവ്യാധിയാണ്. നിരവധി മേഖലകളില്‍ അടിയന്തിരവും സുസ്ഥിരവുമായ ഇടപെടല്‍ ആവശ്യമാണ്. നയപരമായ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുക, പൊതുജന അവബോധം വർധിപ്പിക്കുക, ആരോഗ്യ സേവനങ്ങളിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നിവ ഇന്ത്യയിലെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹെല്‍ത്ത് പോളിസി റിസെര്‍ച്ചറും ഗ്ലോബല്‍ ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ടുമായ പ്രശസ്ത പ്രൈമറി കെയര്‍ ഫിസിഷ്യൻ ഡോ. ചന്ദ്രകാന്ത് ലഹരിയ പറഞ്ഞു.
പൊണ്ണത്തടി നേരത്തെ കണ്ടെത്തുന്നതിന് ഇന്ത്യയില്‍ ദേശീയ സ്‌ക്രീനിങ് പ്രോഗ്രാമുകളുടെ അഭാവമുണ്ടെന്നും പ്രാഥമിക ആരോഗ്യ സേവനങ്ങളിൽ പൊണ്ണത്തടി പരിചരണത്തിന്‍റെ സംയോജനം പരിമിതമാണെന്നും പഠനത്തില്‍ പറയുന്നു. രാജ്യത്ത് പൊണ്ണത്തടി പരിഹരിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ല, ഇത് ചികിത്സാ സമീപനങ്ങളിലെ പൊരുത്തക്കേടുകളിലേക്കും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് പരിമിതമായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയിലേക്കും നയിക്കുന്നു.
സംരംഭങ്ങള്‍ ഉണ്ട് എന്നാല്‍ സ്വാധീനം കുറവ്
സര്‍ക്കാര്‍തലത്തില്‍ പൊണ്ണത്തടി പരിഹരിക്കുന്നതിന് നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും അവയുടെ അളവും സ്വാധീനവും പരിമിതമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 'പോഷണ്‍ അഭിയാന്‍' (നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍) പ്രാഥമികമായും പോഷകമില്ലായ്മയെയാണ് കേന്ദ്രീകരിക്കുന്നത്. എന്നാല്‍ അവയ്ക്ക് പൊണ്ണത്തടി പ്രതിരോധിക്കുന്നതില്‍ സമര്‍പ്പിത ചട്ടക്കൂടില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതുപോലെ 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റ്' ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ഘടനാപരമായ ഇടപെടല്‍ പരിപാടികളെ സംയോജിപ്പിക്കുന്നില്ല.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ലേബലിങ്
സംസ്കരിച്ച എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളിലും പഞ്ചസാര, കൊഴുപ്പ്, കലോറി എന്നിവയുടെ അളവ് വെളിപ്പെടുത്തുന്നത് നിർബന്ധമാക്കുന്ന കർശനമായ ഭക്ഷ്യ ലേബലിങ് മാനദണ്ഡങ്ങൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കണമെന്നും അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ വിപണനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ പോലുള്ള ആരോഗ്യകരമായ ബദലുകളുടെ ഉൽപ്പാദനവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും പഠനത്തില്‍ നിർദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക