
ചെറിയ മൂക്കടപ്പ്, അതിന് പിന്നാലെ മണം നഷ്ടമാവുക ഇതൊന്നും അത്ര നിസാരമാക്കരുതെന്നാണ് കൊച്ചി, ലേക്‌ഷോർ ആശുപത്രി, ഹെഡ് ആന്‍റ് നെക്ക് കാന്‍സര്‍ വിദഗ്ധന്‍ ഡോ. ഷോണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് അഡിനോകാർസിനോമ എന്ന അപൂര്‍വ കാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങളാകാമെന്ന് അദ്ദേഹം സമകാലിക മലയാളത്തോട് പറയുന്നു. ആന്റീരിയർ സ്കൾ ബേസ് കാൻസർ വിഭാഗത്തിൽ പെടുന്ന ഒരു തരം കാൻസർ ആണ് അഡിനോകാർസിനോമ. തലയോട്ടിയുടെ അടിഭാഗത്ത്, സൈനസുകൾക്കും കണ്ണുകൾക്കും മൂക്കിനും ചെവിക്കുമിടിയുലുള്ള പ്രദേശത്താണ് ഇവ വികസിക്കുക. ഈ ട്യൂമറുകൾ ദോഷകരമോ മാരകമോ ആകാം. ലോകത്തില്‍ തന്നെ മൂന്ന് മുതല്‍ അഞ്ച് ശതമാനം ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു അപൂര്‍വ കാന്‍സര്‍ ആണ് അഡിനോകാർസിനോമ.
ലക്ഷണങ്ങൾ
ചെറിയ മൂക്കടപ്പ്, മൂക്കിൽ നിന്ന് രക്തം വരിക, മണം നഷ്ടമാവുക തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ പ്രകടമാവുക. എന്നാൽ രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമ്പോൾ കണ്ണുകൾ പുറത്തേക്ക് തള്ളാനും ഡബിൾ വിഷൻ, കാഴ്ച നഷ്ടപ്പെടൽ പോലുള്ള അവസ്ഥയ്ക്കും കാരണമാകാം. തുടർന്ന് കാൻസർ കോശങ്ങൾ വികസിച്ച് ചർമത്തിലേക്കും തലച്ചോറിലേക്കും വ്യാപിക്കാം.
രോഗ കാരണം
അഡിനോകാർസിനോമയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇന്‍റസ്ട്രിയല്‍ കെമിക്കല്‍, അറക്കപ്പൊടി എന്നിവയോടുള്ള ദീര്‍ഘകാല സമ്പര്‍ക്കം, റേഡിയേഷന്‍, എപ്സ്റ്റീൻബാർ പോലുള്ള ചില വൈറസുകള്‍, വിട്ടുമാറാത്ത സൈനസ് അണുബാധ എന്നിവ രോഗ സാധ്യത വര്‍ധിപ്പിച്ചേക്കാം.
രക്ത പരിശോധനകൾ, സിടി സ്കാൻ, എംആർഐ, ബയോപ്സി എന്നീ പരിശോധനകളിലൂടെ രോഗ നിര്‍ണയം നടത്താം. ചില സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ ശരീരം പരിശോധിച്ചുകൊണ്ടുള്ള പെറ്റ സ്‌കാന്‍ ആവശ്യമായി വരും. എന്നാല്‍ ഈ ഭാഗത്ത് പലതരം കാന്‍സറുകള്‍ വരാം. അതുകൊണ്ട് പലപ്പോഴും രോഗസ്ഥിരീകരിക്കുന്നതിനും സങ്കീര്‍ണകള്‍ ഉണ്ടാകാം. ബയോപ്‌സിക്ക് പുറമേ ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധനയും നടത്തേണ്ടതായി വരാം.
കാന്‍സര്‍ കോശങ്ങളെ നേരത്തെ കണ്ടെത്തുന്നത് രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സഹായിക്കും. കാന്‍സര്‍ കോശങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നതാണ് പ്രധാന മാര്‍ഗം. എന്നാല്‍ തലയോട്ടിയുടെ അടിഭാഗത്തായതുകൊണ്ട് തന്നെ ശസ്ത്രക്രിയ പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. തലയോട്ടിയും മുഖവും പിളന്നുള്ള ശസ്ത്രക്രിയകളായിരുന്നു മുന്‍പ് നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ മെഡിക്കല്‍ രംഗത്ത് വളര്‍ച്ച എന്‍റോസ്കോപ്പി പോലുള്ളവ സംവിധാനം വികസിപ്പിച്ചതിലൂടെ ശസ്ത്രക്രിയ എളുപ്പമാക്കി. എന്റോസ്‌കോപ്പിക് സര്‍ജറിയുടെ വളര്‍ച്ച മൂക്ക് വഴി കാന്‍സര്‍ എടുത്തു നീക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് എത്തി.
ചില സന്ദര്‍ഭങ്ങളില്‍ എന്റോസ്‌കോപ്പിയോടൊപ്പം ഓപ്പണ്‍ സര്‍ജറിയും ആവശ്യമായി വരാം. ട്യൂമറിന്‍റെ സ്വഭാവം അനുസരിച്ചു മാത്രമേ ശസ്ത്രക്രിയയുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയൂ. ശസ്ത്രക്രിയയ്ക്ക് ശേഷം ചില രോഗികളില്‍ റേഡിയേഷന്‍, കിമോ തെറാപ്പി, ഇമ്മ്യുണോ തെറാപ്പിയൊക്കെ ആവശ്യമായി വരാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക