
കല്യാണം കഴിഞ്ഞ് ഏതാണ്ട് ഒന്നര വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു. ജോലി ചെയ്യുന്ന കംപ്യൂട്ടർ സ്ഥാനത്തിൽ വെച്ച് മൂക്കിന്റെ ഇടത് വശത്ത് പെട്ടെന്നൊരു ചൂട് അനുഭവപ്പെട്ടു അതിന് പിന്നാലെ മൂക്കിൽ നിന്ന് രക്തം വാർന്നൊഴുകി. പലവിധത്തിലുള്ള കാൻസറുകളെ കുറിച്ച് കേൾക്കുകയും അറിയും ചെയ്യുന്നുണ്ടെങ്കിലും നമ്മൾക്ക് ഇതൊന്നും ബാധിക്കില്ലെന്നാണെല്ലോ വിശ്വാസം. ലോകത്തിൽ ഏതാണ്ട് മൂന്ന് മുതൽ അഞ്ച് ശതമാനം ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട 'അഡിനോകാർസിനോമ' എന്ന അപൂർവ കാൻസറിനെ അതിജീവിച്ച ഗീതു വനിത ദിനത്തിൽ സമകാലിക മലയാളത്തോട് സംസാരിക്കുന്നു.
2011 ഏപ്രിൽ ആയിരുന്നു ഗീതുവിന്‍റെയും രതീഷിന്‍റെയും വിവാഹം. ജീവിതം വളരെ നോർമൽ ആയി പോകുന്നതിനിടെയാണ് തലവര മാറ്റിമറിച്ചുകൊണ്ട് കാൻസർ എന്ന അപകടം ഗീതുവിനെ തേടിയെത്തുന്നത്. യാതൊരു ലക്ഷണങ്ങളും പ്രകടമായിരുന്നില്ല. 2013-ൽ പെട്ടെന്നൊരു ദിവസം മൂക്കിൽ നിന്ന് രക്തം വന്നു. ഡോക്ടർമാരെ കാണിച്ചപ്പോൾ മൂക്കിന്റെ പാലത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞു മരുന്നു തന്നു. എന്നാൽ വേദന നല്ലതു പോലെ ഉണ്ടായിരുന്നു. പല ഡോക്ടർമാരെ മാറിമാറി കാണിച്ചു. ഒടുവിൽ അമൃത ആശുപത്രിയിൽ എത്തി വിശദപരിശോധനയിലാണ് അഡിനോകാർസിനോമ എന്ന അപൂർവ കാൻസർ ആണെന്ന് സ്ഥിരീകരിക്കുന്നത്. പിന്നീട് ഒരു നീണ്ട പോരാട്ടമായിരുന്നു.
''മൂന്ന് അല്ലെങ്കിൽ ആറ് മാസം വരെ എന്നായിരുന്നു എന്റെ ആയുസിന്റെ കണക്ക് പുസ്തകത്തിൽ ഡോക്ടർ എഴുതിയ വിധി. ആ വിധി ഞാനും പതിയെ പതിയെ ഉൾക്കൊണ്ടു തുടങ്ങിയിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ റേഡിയേഷൻ റൂമിൽ ഓരേപോലെ വേദന അനുഭവിക്കുന്ന നിരവധി ആളുകളുണ്ടായിരുന്നു. ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ ഒരോന്നായി ഊര്‍ന്നിറങ്ങുന്ന നിമിഷങ്ങളായിരുന്നു അത്. നിസാഹായവസ്ഥയും കണ്ണുനീരും തളം കെട്ടിക്കിടന്ന റേഡിയേഷന്‍ റൂമിന്‍റെ വരാന്തയുടെ അറ്റത്ത് രതീഷേട്ടനും അമ്മയും എന്നെ കാത്തു നിൽക്കുന്നുണ്ടാവും. വേദനകൊണ്ട് പുളഞ്ഞ് അന്ന് ഒഴുക്കിയ കണ്ണുനീരിന് കണക്കില്ല. പകലും രാത്രിയും ഒരു പോലെയായിരുന്നു. പ്രതീക്ഷ എന്നൊരു വാക്കിന് ജീവിതത്തിൽ അർഥമില്ലെന്ന് തോന്നിയ ഇരുണ്ട നിമിഷങ്ങള്‍.'' - ഗീതു പറയുന്നു.
കാൻസറിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലായിരുന്നു. കിമോ ആരംഭിക്കുന്നതിന് മുൻപ് തന്നെ മുടി മുഴുവൻ പൊഴിഞ്ഞു. ശരീരം ചീർത്തു, കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിൽ ഭീകരമായിരുന്നു എന്റെ രൂപം. എന്നെ മുൻപ് കണ്ടവർക്ക് പിന്നീട് എന്നെ തിരിച്ചറിയാത്ത വിധത്തിലായി. ഇനി ഒന്നും ചെയ്യാനില്ലെന്ന അവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എന്നെ ഏതാണ്ട് തള്ളിയ അവസ്ഥയിലായിരുന്നു. ചികിത്സിക്കുന്നത് വെറുതെയാണെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞു. എന്നാൽ മരണത്തെക്കാൾ എന്നെ ഭയപ്പെടുത്തിയിരുന്നത് തല പൊട്ടിപ്പോകുന്ന വേദനയായിരുന്നു. ദിവസത്തിൽ മൂന്ന് തവണയെങ്കിലും തലക്കുള്ളിൽ മിന്നൽപിളർപ്പ് പോലെ വേദന പിടിമുറുക്കും. ഇന്നും ആ വേദനയുടെ തീവ്രത എന്നെ പേടിപ്പിക്കാറുണ്ട്.
വേദന നിയന്ത്രിക്കാൻ വേണ്ടിയായിരുന്നു ഹോമിയോപതി തിരഞ്ഞെടുത്തത്. കാൻസറിന് ഹോമിയോ ചികിത്സ എന്ന് കേട്ടപ്പോഴേ നാലു ഭാഗത്ത് നിന്നും വിമർശനം ഉയർന്നു. എന്നാൽ വിധിയെഴുതി മരണം കാത്തിരിക്കുന്നവൾക്ക് അതിൽ കൂടുതൽ എന്ത് വരാനാണ്. കൊച്ചിയിൽ തന്നെ വളരെ പ്രായം ചെന്ന അബ്രഹാം എന്ന ഡോക്ടർ ആയിരുന്നു എന്നെ ചികിത്സച്ചത്. അദ്ദേഹം ഇന്നില്ല... എങ്കിലും ഒരോ ദിവസവും ദൈവത്തിന് മുന്നിൽ നിൽക്കുമ്പോൾ ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കും. രണ്ട് നിബന്ധനകളായിരുന്നു അദ്ദേഹം എനിക്ക് മുന്നില്‍ വെച്ചത്. ഒന്ന്- ആഹാര നിഷ്ഠ കൃത്യമായി നോക്കണമെന്ന ഉറപ്പ്. രണ്ട്- ഷുഗറും പ്രഷറും നിയന്ത്രണത്തിലാകണം. കാൻസർ സ്ഥിരീകരിച്ച 25 വയസു മുതൽ ഷുഗറും പ്രഷറും അടിക്കടി ക്രമം തെറ്റി ഉയരുന്നുണ്ടായിരുന്നു. രണ്ട് നിബന്ധനകളും സമ്മതിച്ച ശേഷമാണ് അദ്ദേഹം ചികിത്സ ആരംഭിച്ചത്.
ഒൻപതു മാസത്തെ കഠിന നിഷ്ഠ. രാത്രിയും പകലുമൊക്കെ മണിക്കൂറുകൾ ഇടവിട്ട് മരുന്നുണ്ട്. അലാറം വെച്ചും അല്ലാതെയുമൊക്കെ എഴുന്നേൽക്കുമായിരുന്നു. ചികിത്സാ സമയം സസ്യാഹാരം മാത്രം. ഇങ്ങനെയൊക്കായിരുന്നു ചിട്ടകൾ. എല്ലാത്തിനും താങ്ങായി നിന്നതും കരുത്ത് പകർന്നതും ഭർത്താവ് രതീഷ് ആയിരുന്നു. ഹോമിയോ ചികിത്സയിൽ വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ശരീരഭാരം നിയന്ത്രണത്തിലായി. വേദന കുറഞ്ഞു അങ്ങനെ വലിയ ആശ്വാസത്തിന്റെ നാളുകളായിരുന്നു അത്. എന്നാൽ വിധി വീണ്ടും ക്രൂരമായി.
വീണ് കാല്‍മുട്ട് പൊട്ടി പഴുക്കാൻ തുടങ്ങി. കാൽ മുട്ടിന് ശസ്ത്രക്രിയ നടത്തണമെന്ന അവസ്ഥയുണ്ടായി. ഹോമിയോ ചികിത്സ മതിയാക്കി വീണ്ടും അലോപ്പതിയിലേക്ക്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിലെത്തി ഗംഗാധരൻ ഡോക്ടറിനെ നേരിൽ കണ്ട് കാൻസർ വിവരവും കാൽമുട്ടിന്റെ അവസ്ഥയും അറിയിച്ചു. സ്കാനിങ്ങിൽ കാൻസർ കോശങ്ങൾ ശരീരത്തിന്റെ അവയവങ്ങളിലേക്കും ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. വീണ്ടും വേദന അസഹനീയമായപ്പോൾ അദ്ദേഹമാണ് ഓർത്തോ ഡോക്ടറെ നിർദേശിച്ച് ശസ്ത്രക്രിയയിലേക്ക് നയിച്ചത്. പിന്നീട് കാൻസർ വേദന കുറയുന്നതിന് ആറ് കിമോ കൂടി നൽകി.
വീണ്ടും ആറ് മാസത്തിന് ശേഷം ഒരു സ്കാനിങ് കൂടി നടത്തി. എന്നാൽ ആ പരിശോധനയിൽ എന്റെ ജീവിതത്തിൽ നിന്ന് മറഞ്ഞു പോയ പ്രതീക്ഷയുടെ നേർത്ത വെളിച്ചം വീശി. ശരീരത്തിൽ മറ്റ് ഭാഗങ്ങളിലുണ്ടായിരുന്ന കാൻസർ ഇപ്പോൾ ഇല്ല. മൂക്കിന്റെ സൈനസിൽ മാത്രമായിരുന്നു അപ്പോൾ കാൻസർ കോശങ്ങൾ ഉണ്ടായിരുന്നത്. ഹോമിയോ ചികിത്സയുടെ ഗുണമോ കിമോയുടെ കരുത്തോ ദൈവത്തിന്റെ കരുണയോ എന്ന് അറിയില്ല. അന്ന് ഞാൻ ജീവിതത്തിലേക്കുള്ള മടക്കയാത്രയുടെ ആദ്യ ചുവട് വെച്ചു.
ലോക്ക്ഷോർ ആശുപത്രിയിലെ ഡോ. ഷോൺ ആണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് മാസം വരെ എന്ന് വഴിയെഴുതിയിടത്തു നിന്ന് നീണ്ട അഞ്ച് വർഷം കാൻസറിനോട് പടപൊരുതി. ശസ്ത്രക്രിയയിലൂടെ മൂക്കിന്റെ ഭാഗത്ത് നിന്ന് കാൻസർ മുഴകളെ നീക്കി. 2017-ലാണ് രോഗം പൂർണമായും സുഖപ്പെട്ടത്. പിന്നീട് സാധാരണ ചെക്കപ്പുകള്‍ മാത്രമേ വേണ്ടിവന്നുള്ളു. പൊഴിഞ്ഞ പോയവയ്ക്ക് പകരം കറുത്ത ഇടതൂര്‍ന്ന മുടി വളരാന്‍ തുടങ്ങി. ഫുള്‍സ്റ്റോപ്പ് ചെയ്തിടത്ത് നിന്ന് വീണ്ടും ജീവിതം എഴുതാന്‍ ആരംഭിച്ചു. കാൻസർ മാറി ഒരു വർഷത്തിൽ തന്നെ ഒരു കുഞ്ഞും പിറന്നു. ആരവ്... ആർത്തലച്ചു പെയ്തൊഴിഞ്ഞ മഴയ്ക്ക് അവസാനം മഴവില്ല് വിരിയുന്ന പോലെ അവന്റെ ചിരിയാണ് ഇപ്പോൾ ജീവിതം മുന്നോട്ടു നയിക്കുന്നത്.
അവസാനം വരെ പ്രതീക്ഷ കൈവിട്ടില്ലെന്നതാണ് ഗീതുവിനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താന്‍ സഹായിച്ചത്. മെഡിക്കല്‍ രംഗം ഈ മേഖലയില്‍ ഇനിയും കൂടുതല്‍ വളരാനുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടുന്നതില്‍ തെറ്റില്ല. ഗീതുവിനെ സംബന്ധിച്ചടത്തോളം അവര്‍ പ്രതീക്ഷ ഒരിക്കലും കൈവിട്ടില്ല. ഒരാള്‍ ഒരു കാര്യം നേടണമെന്ന് ആഗ്രഹിച്ചാല്‍ ഈ പ്രവഞ്ചം കൂടെ നില്‍ക്കമെന്ന് പറയുന്ന പോലെയുള്ള ചില സന്ദര്‍ഭങ്ങളാണിതെന്ന് ഗീതുവിന്‍റെ ശസ്ത്രക്രിയ നടത്തിയ കൊച്ചി, ലേക്‌ഷോർ ആശുപത്രി, ഹെഡ് ആന്‍റ് നെക്ക് കാന്‍സര്‍ വിദഗ്ധന്‍ ഡോ. ഷോണ്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക