
ഇന്ന് ലോക വൃക്കദിനം. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‌റെ ആവശ്യകതയെ കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കുന്നതിന് എല്ലാ വർഷവും മാർച്ച് മാസം രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. 2006 മുതലാണ് ലോക വൃക്ക ദിനം ആചരിച്ചു തുടങ്ങിയത്. പ്രാരംഭഘട്ടത്തില്‍ യാതൊരു ലക്ഷണങ്ങളും പ്രകടമാകില്ലെന്നതു കൊണ്ട് തന്നെ ഗുരുതരമായ ശേഷമാണ് പലപ്പോഴും രോഗം തിരിച്ചറിയുക. 'നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം'- എന്നതാണ് ഇത്തവണത്തെ പ്രമേയം.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്ത് വൃക്കരോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, മൂത്രത്തില്‍ കല്ല് എന്നീ ജീവിതശൈലി രോഗങ്ങളാണ് വൃക്കരോഗങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ലോകവൃക്ക ദിനത്തോട് അനുബന്ധിച്ച് ഡോ. അബി എബ്രഹാം എം, നെഫ്രോളജി ആന്റ് ചീഫ് ഓഫ് റിനൽ ട്രാൻസ്പ്ലാൻഡ് സർവീസസ്, കൊച്ചി ലേക്‌ഷോർ ആശുപത്രി സമകാലിക മലയാളത്തോട് സംസാരിക്കുന്നു.
വലിയൊരു ശതമാനം വൃക്കരോഗങ്ങളും ജീവിതശൈലി മാറ്റങ്ങളിലൂടെ നീക്കാവുന്നതാണ്. 70 ശതമാനത്തോളം വൃക്കതകരാറുകളുടെയും പിന്നില്‍ വര്‍ധിച്ചു വരുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, മൂത്രത്തില്‍ കല്ല് എന്നിവയാണ് കാരണം. മൂത്രത്തിലെ കല്ല് പല തവണയായി വന്നാല്‍ വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്.
വൃക്കയും ഡയറ്റും
മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വൃക്കരോഗങ്ങളെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന ഡയറ്റ് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്ന തരം ആയിരിക്കണം.
ശരീരത്തിന് പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും വൃക്ക രോഗികള്‍ പ്രോട്ടീന്‍ കഴിക്കുന്നതില്‍ മിതത്വം പാലിക്കണം. പ്രത്യേകിച്ച് റെഡ് മീറ്റ് പോലെ മൃഗാധിഷ്ഠിതമായ പ്രോട്ടീന്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
ഉപ്പിന്‍റെ അളവിലും നിയന്ത്രണം ഉണ്ടാകണം. അമിതമായി ഉപ്പ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും വൃക്ക തകരാറിലാകുന്നതിലേക്കും നയിക്കാം.
വേദന സംഹാരികളുടെ സ്വാധീനം
ഡോക്ടറുടെ നിര്‍ദേശമില്ലെങ്കില്‍ പോലും വേദന സംഹാരികള്‍ കഴിക്കുന്ന ശീലം ആളുകള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നുണ്ട്. ഇത് വൃക്കതകരാറിലേക്ക് നയിക്കാം. ബ്രുഫെന്‍, വൊവെറാന്‍ പോലുള്ള വേദനസംഹാരികള്‍ പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് അപകടമാണ്. അതുപോലെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വേദന കുറയ്ക്കുന്നതിന് വേദന സംഹാരികള്‍ കഴിക്കുന്നതും വൃക്ക തകരാറിലേക്ക് നയിക്കാനുള്ള സാധ്യത കൂട്ടുന്നു.
ക്രോണിക് ഡിഹൈഡ്രേഷന്‍
വെള്ളം കുടിക്കുന്നത് തീരെ കുറഞ്ഞു പോകുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് ക്രോണിക് ഡിഹൈഡ്രേഷന്‍. ഈ അവസ്ഥ വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. ഒരു ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും ഒരാള്‍ കുടിച്ചിരിക്കണം. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ആവശ്യമാണ്. ഇപ്പോള്‍ പ്രത്യേകിച്ച്, വേനല്‍ക്കാലമാണ് വരുന്നത് നിര്‍ജ്ജലീകരണത്തിനുള്ള സാധ്യതയുള്ളതിനാല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
കുട്ടികളിലെ വൃക്ക രോഗം
ജനിതക കാരണങ്ങള്‍ കൊണ്ട് കുട്ടികളില്‍ വൃക്കരോഗ സാധ്യതയുണ്ട്. കുടുംബത്തില്‍ വൃക്കരോഗികള്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് വൃക്കരോഗങ്ങള്‍ വരാം. അതുപോലെ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന പൊണ്ണത്തടി കാലക്രമേണ അവരുടെ വൃക്കകള്‍ തകരാറിലാക്കാം. കുട്ടികളെ ശാരീരികമായി സജീവമാക്കാന്‍ പ്രോത്സാഹിപ്പിക്കുക. അതിനൊപ്പം സ്ക്രീന്‍ടൈം കുറയ്ക്കാനും ശ്രദ്ധിക്കണം.
വൃക്കരോഗ ലക്ഷണങ്ങള്‍
വൃക്കരോഗങ്ങള്‍ക്ക് പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാവുക വളരെ ചുരുക്കമായിരിക്കും. രാത്രി കാലങ്ങളില്‍ കൂടുതലായും മൂത്രമൊഴിക്കണമെന്ന തോന്നല്‍ വൃക്കരോഗത്തിന്‍റെ ഒരു പ്രാരംഭ ലക്ഷണമായി കരുതാം. നൊക്ടൂറിയ എന്നാണ് അവസ്ഥ അറിയപ്പെടുന്നത്.
അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഒന്നിനോടും താത്പര്യമില്ലായ്മ, കാലുകളില്‍ നീര്, ചര്‍മം വരണ്ടതും ചൊറിച്ചിലുള്ളതുമാവുക, ശ്വാസതടസം, ഏകാഗ്രതക്കുറവ് എന്നിവയാണ് വൃക്കകള്‍ പണി മുടക്കുമ്പോഴുള്ള മറ്റു പല ലക്ഷണങ്ങള്‍.
പരിശോധന
വൃക്കരോഗം പ്രധാനമായും മൂത്ര പരിശോധനയിലൂടെയാണ് സ്ഥിരീകരിക്കുന്നത്. മൂത്രത്തിൽ ആൽബുമിന്റെയും ആർബിസിയുടെയുമൊക്കെ തോത് പരിശോധിച്ച് കിഡ്നി തകരാറിലാണോ എന്ന് തിരിച്ചറിയാം. അതുപോലെതന്നെ ബ്ലഡ് യൂറിയ, ക്രിയാറ്റിൻ എന്നിവയുടെ നില പരിശോധിച്ചും രോഗനിർണയം നടത്താം. മറ്റു സാഹചര്യങ്ങളിൽ കിഡ്നിയുടെ അൾട്രാ സൗണ്ട് സ്കാൻ ചെയ്ത്, പോളിസിസ്റ്റിക് കിഡ്നിയാണോ എന്നു പരിശോധിക്കാം. സ്കാനിങ്ങിലൂടെ തന്നെ കിഡ്നിയുടെ വലിപ്പക്കൂടുതലും കുറവും പരിശോധിച്ചും രോഗനിർണയം നടത്താം.
പല വൃക്ക രോഗങ്ങളും നേരത്തേ കണ്ടെത്തിക്കഴിഞ്ഞാൽ ചികിത്സയിലൂടെ പൂര്‍ണമായും ഒഴിവാക്കാനാകും. എന്നാൽ തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. വൃക്കയുടെ 60 ശതമാനത്തോളം പ്രവർത്തന രഹിതമായിക്കഴിഞ്ഞായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക. അതിനാൽ നേരത്തേ സ്ക്രീനിങ് നടത്തിയും മറ്റും രോഗനിർണയം നടത്തുന്നത് സങ്കീർണമാകാതിരിക്കാൻ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക