2040 ഓടെ രാജ്യത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം 22 ലക്ഷം കടക്കും, കൂടുതല്‍ രോഗബാധിതര്‍ യുപിയില്‍

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണക്ക് പ്രകാരം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് കാന്‍സര്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
cancer risk
കാന്‍സര്‍ സാധ്യത
Updated on

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുപി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍, തമിഴ്‌നാടു എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍. 2040 ഓടെ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 22 ലക്ഷം കടക്കുമെന്നാണ് ഐഎആര്‍സി വിലയിരുത്തുന്നതെന്നും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവ് അറിയിച്ചു.

സാംക്രമികേതര രോഗങ്ങളുടെ വര്‍ധനവു കണക്കിലെടുത്ത് മുപ്പതു വയസിനും അതിനും മുകളിലും പ്രായമായവരില്‍ 100 ശതമാനം സ്‌ക്രീനിങ് നടത്തുന്നതിന് ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 31 വരെ ക്യാംപയ്ന്‍ ആരംഭിച്ചതായി പ്രതാപ്‌റാവു ജാദവ് അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണക്ക് പ്രകാരം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് കാന്‍സര്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപി (2,10,958) മഹാരാഷ്ട്ര (1,21,717), പശ്ചിമബംഗാള്‍ (1,13,581), ബിഹാര്‍ (1.09,274), തമിഴ്‌നാട് (93,536).

ഐസിഎംആര്‍-എന്‍സിആര്‍പി ഡാറ്റ പ്രകാരം ഈ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആകെ 15,69,793 കാന്‍സര്‍ കേസുകളാണ്. എന്നാല്‍ 2040-ഓടെ ഇന്ത്യയില്‍ 22,18,694 കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററി, ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐഎആര്‍സിയുടെ കണക്കുകള്‍ പ്രകാരം ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇന്ത്യയിലാണ്. പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദവും സ്ത്രീകളില്‍ സ്തന അർബുദവുമാണ് ഏറ്റവും സാധാരണമായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ജില്ല ആശുപത്രികള്‍ കേന്ദ്രീകരിച്ച് 200 ഡേ കെയർ കാൻസർ സെന്ററുകൾ (ഡിസിസിസി) സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രികളിലായി പ്രവർത്തിക്കുന്ന 372 ഡിസിസിസികളുമായി നിലവിലുള്ള ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം. ഗ്രാമങ്ങളിലും സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും കാൻസർ പരിചരണം കൂടുതൽ എത്തിക്കുകയും തിരക്ക് കുറയ്ക്കുകയുമാണ് ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com