

'എനിക്ക് അപ്പൻഡിസൈറ്റിസ് ഉണ്ടെന്ന് തോന്നുന്നു. ആരോടും വിവരം പങ്കുവെച്ചില്ല. എന്തിന് സുഹൃത്തുക്കളെ വെറുതെ ഭയപ്പെടുത്തണം? ആർക്കാണ് സഹായം എത്തിക്കാൻ കഴിയുക'- 1961ൽ അന്റാർട്ടിക്കയിലെ ഒരു തണുത്തു മരവിച്ച രാത്രിയിൽ ഡോ. ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ് തന്റെ ഡയറിൽ കുറിച്ചു.
സോവിയറ്റ് യൂണിയൻ്റെ ആന്റാർട്ടിക് എക്സ്പെഡിഷന്റെ ഭാഗമായി നോവോലാസറേവ്സ്കയ എന്ന സ്റ്റേഷനിൽ 13 ഗവേഷകർക്കൊപ്പമുണ്ടായിരുന്ന ഏക മെഡിക്കല്‍ ഡോക്ടർ ആയിരുന്നു ഡോ. ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ്. 1960 മുതൽ 1962 വരെ റോഗോസോവ് അന്റാർട്ടിക്കയിൽ ജോലി ചെയ്തു. 1961 ഏപ്രിൽ 29ന് ആണ് ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയത്. അടിവയറ്റിൽ വേദന, ഓക്കാനം, ക്ഷീണം, പനി... അപ്പൻഡിസൈറ്റിസ് ആണെന്ന് അദ്ദേഹം സ്വയം രോഗനിർണയം നടത്തി. അടുത്ത ദിവസത്തോടെ ലക്ഷണങ്ങള്‍ വഷളായി.
ചികിത്സിച്ചില്ലെങ്കിൽ അപ്പൻഡിസൈറ്റിസ് മാരകമായ സെപ്സിസിന് കാരണമാകും. ഏറ്റവും അടുത്തുള്ള ആശുപത്രി ആയിരക്കണക്കിന് മൈലുകൾ അകലെയാണ്. സ്വയം ശസ്ത്രക്രിയ നടത്തുകയല്ലാതെ ആ 27കാരന്റെ മുന്നിൽ മറ്റ് വഴിയില്ലായിരുന്നു. കൊടും തണുപ്പും ഭീകരമായ കാലാവസ്ഥയും കാരണം പുറത്തുനിന്ന് സഹായം എത്തിക്കാനും സാധ്യമല്ലായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ശസ്ത്രക്രിയയ്ക്ക് വേണ്ടി റോഗോസോവ് തയ്യാറാക്കി.
മെയ് 1ന് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. ടേബിളില്‍ ചാരിയിരുന്നു കൊണ്ടായിരുന്നു വയറു കീറിയുള്ള ശസ്ത്രക്രിയ. കൂടെയുള്ള ഒരു മെറ്റിരിയോളജിസ്റ്റിനെയും (വ്ലാഡിമിർ കോർഷാക്) മെക്കാനിക്കിനെയും (സിനോവി ടെപ്ലിൻസ്കി) സഹായികളായി തിരഞ്ഞെടുത്തു. ഒരാൾ ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും മറ്റൊരാൾ ലൈറ്റ് പിടിക്കുകയും ചെയ്തു. മൂന്നാമതൊരാൾ സ്റ്റാൻഡ്-ബൈ ആയി നിന്നു. മാത്രമല്ല, രോഗിക്ക് ഹൃദയസ്തംഭനം വന്നാൽ എങ്ങനെ സിപിആര്‍ കൊടുക്കണം, അഡ്രിനാലിൻ കൊടുക്കണം എന്നതൊക്കെ സുഹൃത്തുക്കളെ റോഗോസോവ് പഠിപ്പിക്കുകയും ചെയ്തിരുന്നു.
വയറിന്റെ വലതു വശത്ത് ലോക്കൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചു. ഏതാണ്ട് 15 മിനിറ്റിന് ശേഷം ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച്, അതിൽ നോക്കിക്കൊണ്ട് 10-12 സെന്റിമീറ്റർ നീളത്തിൽ മുറിവുണ്ടാക്കി. ശസ്ത്രക്രിയ മുന്നോട്ടു പോകുന്തോറും അനസ്തേഷ്യയുടെ ഫലം കുറഞ്ഞു വന്നു. ശസ്ത്രക്രിയ ആരംഭിച്ച അര മണിക്കൂർ നീണ്ടപ്പോഴേക്കും ക്ഷീണവും ഓക്കാനവും അനുഭവപ്പെട്ടു. ഒരു ഘട്ടത്തിൽ കൈകൾ അനക്കാൻ പോലും പ്രയാസമായി. പക്ഷേ ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുത്ത് അദ്ദേഹം തുടര്‍ന്നു.
ഒടുവിൽ വയറിനുള്ളിൽ കൈകൊണ്ട് തപ്പി അണുബാധയുള്ള അപ്പൻഡിക്സ് നീക്കം ചെയ്തു. അത് വീർത്ത് പഴുപ്പ് നിറഞ്ഞ നിലയിലായിരുന്നു. ഏതാനും മണിക്കൂറുകൾ കൂടി വൈകിയിരുന്നെങ്കിൽ പൊട്ടിപ്പോകുമായിരുന്നു. മുറിവ് ശ്രദ്ധപൂര്‍വം തുന്നി. ആൻറിബയോട്ടിക്കുകൾ കഴിച്ചു ഉറങ്ങാന്‍ കിടന്നു. രണ്ട് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രിക്രിയ നാല് മണിയോടെ വിജയകരമായി പൂർത്തികരിച്ചു. അഞ്ച് ദിവസത്തിന് ശേഷം തുന്നലുകൾ നീക്കം ചെയ്തു, രണ്ടാഴ്ച കൊണ്ട് പൂർണ ആരോഗ്യം വീണ്ടെടുത്തു.
ശസ്ത്രക്രിയയ്ക്കിടെ കാഴ്ച വ്യക്തമാക്കുന്നതിന് കണ്ണാടി ഉപയോഗിച്ചിരുന്നെങ്കിലും ഇടയ്ക്ക് തല പൊക്കി നോക്കിയും സ്പർശിച്ചുമാണ് റോഗോസോവ് ശസ്ത്രക്രിയയും പൂർത്തീകരിച്ചതെന്ന് നീർ ബേർമൽ തന്റെ കേസ് ഡയറിൽ പറയുന്നു. റോഗോസോവ് സ്വയം ശസ്ത്രക്രിയ ചെയ്യുന്നതിന്റെ സഹപ്രവർത്തകർ പകർത്തിയ ചിത്രം സോവിയറ്റ് ജനങ്ങളെ പിടിച്ചുലച്ചു. "ഓർഡർ ഓഫ് ദ റെഡ് ബാനർ ഓഫ് ലേബർ" എന്ന വലിയ ബഹുമതി വരെ അദ്ദേഹത്തിന് ലഭിച്ചു. 1966 സെപ്റ്റംബറിൽ അദ്ദേഹം "അന്നനാള കാൻസർ ചികിത്സിക്കുന്നതിനുള്ള അന്നനാളത്തിന്റെ വിഘടനം" എന്ന പേരിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. 2000-ൽ, 66-ാം വയസ്സിൽ ശ്വാസകോശ അർബുദം മൂലം മരണമടയും വരെ അദ്ദേഹം സർജനായി തന്നെ തുടർന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates