അരിഭക്ഷണം ഉപേക്ഷിച്ചതോടെ കൊളസ്‌ട്രോള്‍ താഴേക്കു വന്നു

അരിഭക്ഷണം ഉപേക്ഷിച്ചതോടെ കൊളസ്‌ട്രോള്‍ താഴേക്കു വന്നു

Published on

രി ഭക്ഷണം ഇല്ലാതെ മുന്നോട്ടു പോകുന്ന കാര്യം മലയാളികളില്‍ പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. ഇഡ്ഡലി, ദോശ, അപ്പം, ഇടിയപ്പം തുടങ്ങി നമ്മുടെ മുഖ്യ ഭക്ഷണമെല്ലാം അരി അടിസ്ഥാനമാണ്. എനിക്കും അതുപോലെ തന്നെ ആയിരുന്നു. ചപ്പാത്തി, പൊറോട്ട അങ്ങനെ എന്ത് കഴിച്ചാലും 'കല്യാണരാമനി'ലെ പോഞ്ഞിക്കര പറയുന്നതുപോലെ 'ശകലം തൈര് കൂട്ടി ചോറ് കഴിക്കാതെ' ഉറക്കം വരില്ലായിരുന്നു. ഇത് അരി ലഹരി (Rice Craving / Rice addiction) എന്ന അവസ്ഥയായി തന്നെ നമ്മളില്‍ പലര്‍ക്കും ഉണ്ടല്ലോ. പാലക്കാട് നിന്നും തിരുവനന്തുരത്തേക്ക് ഗവേഷണ ആവശ്യത്തിന് ലാവണം മാറ്റിയ കാലത്ത് വൈകിട്ട് ജഗതിയിലെ ഹോട്ടലുകളില്‍ അല്പം ചോറ് കിട്ടുമോ എന്ന് ചോദിച്ച് അലഞ്ഞു നടന്നതും, എങ്ങും കിട്ടാതെ ഒരു ഹോട്ടലില്‍ നിന്നും ഉച്ചയ്ക്കു ബാക്കി വന്ന ചോറ് വാങ്ങി കഴിച്ച് സായൂജ്യമടഞ്ഞതും ഈ ചോറുസ്‌നേഹം കാരണമാണ്.

ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് നടത്തിയ പരിശോധനയിലാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ശ്രദ്ധിക്കുന്നത്. മാക്‌സിമം ലിമിറ്റിന് തൊട്ട് മുകളില്‍ ആണെങ്കിലും അതൊരു സൈ്വര്യക്കേട് ആയിരുന്നു. പിന്നീടങ്ങോട്ട് എണ്ണയടങ്ങിയ വിവിധ ഭക്ഷണസാധനങ്ങള്‍ അളവ് നന്നായി കുറച്ചും മാംസ ഭക്ഷണ സാധനങ്ങളുടെ അളവും നാവിനോട് ഒരു ദയില്ലാത്ത വിധം കുറച്ചുമൊക്കെ ഭക്ഷണ നിയന്ത്രണം ശക്തമാക്കി. ഒപ്പം ലഘു വ്യായാമങ്ങളും സൈക്ലിങ്ങും എല്ലാം. കൊളസ്‌ട്രോള്‍ എന്ന വില്ലനെ ഇപ്പോള്‍ ഒതുക്കിയിട്ടുണ്ടാവും എന്ന ആത്മവിശ്വാസത്തില്‍ വീണ്ടും ഒന്ന് പരിശോധിച്ചു. എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ആ വില്ലന്‍ പൂര്‍ണ്ണ ശക്തിയില്‍ തന്നെ കൂടെ ഉണ്ട് എന്ന അറിവ് ഒരു വലിയ ഷോക്കായിരുന്നു.

അപ്പോഴാണ് പോഷക ശാസ്ത്രത്തില്‍ അഗ്രഗണ്യയായ പ്രിയ സുഹൃത്ത് പ്രീതി ഒരു സജഷന്‍ വയ്ക്കുന്നത്. ഒന്ന് രണ്ടു മാസക്കാലം കാര്‍ബ്, പ്രത്യേകിച്ചും അരി ഉപേക്ഷിച്ചുള്ള ഭക്ഷണം െ്രെട ചെയ്യുക, എന്നിട്ട് പരിശോധിക്കുക. അരി ഉപേക്ഷിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും അന്ന് വയ്യായിരുന്നു. എങ്കിലും പറയുന്നത് അന്ന് ഹാര്‍വാര്‍ഡിലെ പോഷക ശാസ്ത്ര വിദഗ്ധയാണ്. ഒന്ന് ശ്രമിച്ചു നോക്കാം എന്ന് വെച്ചു.

2023 ഫെബ്രുവരി മുതല്‍ അരി ഭക്ഷണം പൂര്‍ണമായി ഉപേക്ഷിച്ചു. പല സാഹചര്യങ്ങളിലും ആ റെസല്യൂഷന്‍ മുറിഞ്ഞുപോകും എന്ന ഘട്ടം എത്തി. പക്ഷേ അപ്പോഴൊക്കെ കടിച്ചുപിടിച്ച് മുന്നോട്ടുപോയി. രണ്ട് മാസത്തിനു ശേഷം വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ വീണ്ടും കൊളസ്‌ട്രോള്‍ പരിശോധിച്ചു.

എന്നാല്‍ ആ ഫലം എന്നെ ശരിക്കും സ്തബ്ധനാക്കി. ഏകദേശം 6- 7 വര്‍ഷമായി മാക്‌സിമം ലിമിറ്റിന് (200) വളരെ മുകളില്‍ തുടര്‍ന്നിരുന്ന കൊളസ്‌ട്രോള്‍ താഴേക്ക് വന്നിരിക്കുന്നു, വളരെ താഴെ.

ആ നിമിഷങ്ങളില്‍ വേദനയോടെ ഞാന്‍ മനസ്സിലാക്കി 'ഈ മാടമ്പള്ളിയിലെ യഥാര്‍ത്ഥ രോഗകാരി, സന്തതസഹചാരിയായ അരിയായിരുന്നു' എന്ന്. ഏറ്റവും കൂടുതല്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഉള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒന്നായ അരി നമ്മുടെ സ്ഥിരഭക്ഷണം ആവുന്നതു കൊണ്ടുള്ള ദോഷമാവണം. ജീവിതശൈലിയില്‍ കായികാധ്വാനം പുറത്തു പോയെങ്കിലും ഭക്ഷണരീതിയിലുള്ള അമിത അളവ് നമ്മള്‍ തുടര്‍ന്നിരുന്നു. നല്ല കിടിലന്‍ നെയ്മീന്‍ കറിയാണെങ്കിലും കൂടുതല്‍ കഴിക്കുന്നത് ചോറ് തന്നെയായിരിക്കും. അളവില്‍ നമ്മള്‍ കാണിക്കുന്ന ധാരാളിത്തം ആവണം ഇത്തരം പല ജീവിതശൈലി രോഗങ്ങളുടെയും മൂല കാരണം.

എന്തായാലും അവിടന്നങ്ങോട്ട് അരി ഉപേക്ഷിച്ചുകൊണ്ടുള്ള ഭക്ഷണശീലം തുടരാന്‍ തീരുമാനിച്ചു. പ്രധാനമായും മില്ലറ്റ് അടിസ്ഥാനമാക്കിയ ഭക്ഷണ ശീലത്തിലേക്കാണ് മാറിയത്. പക്ഷേ എന്നിരുന്നാലും അരി ഒഴികെ എന്തും കഴിക്കാം എന്ന ഒരു രീതിയിലാണ് അത് ആയത്. ഇതിപ്പോള്‍ 25 മാസങ്ങള്‍ പിന്നിടുന്നു. ഇതിനിടയില്‍ ഒരിക്കല്‍പോലും അറിഞ്ഞുകൊണ്ട് അരി ഭക്ഷണം കഴിക്കാന്‍ ഇട വന്നിട്ടില്ല. ചിലപ്പോഴൊക്കെ അറിയാതെ അരി കലര്‍ന്ന ചില പലഹാരങ്ങള്‍ കഴിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും അരിവിരോധം ശക്തമായി തുടരുന്നു.

അരിഭക്ഷണം ഉപേക്ഷിച്ചാലുള്ള പുലിവാലുകള്‍ ചെറുതല്ല. ഈ കാലയളവില്‍ ഞാന്‍ പോയി ഇരുന്നിട്ടുള്ള കല്യാണസദ്യകളില്‍ ഏകദേശം എല്ലാറ്റിലും എന്റെ ഇലയില്‍ ചോറ് കാണാത്തത് കൊണ്ട്, ചോറ് വിളമ്പാന്‍ മറന്നുപോയി എന്ന മട്ടില്‍ വിളമ്പുകാര്‍ക്കിടയില്‍ ചില്ലറ വഴക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സദ്യ കഴിക്കാന്‍ പോയി ഇരുന്നിട്ട് കറികള്‍ മാത്രം കഴിക്കുന്ന നമ്മള്‍ അവിടെയൊക്കെ ഒരു നോട്ടപ്പുള്ളിയാവും.

മറ്റൊന്ന് ബന്ധുവീടുകളില്‍ ചെല്ലുമ്പോള്‍ ഉണ്ടാവുന്ന വിഷയമാണ്. നമുക്കായി അവര്‍ ഒരുക്കിയിട്ടുള്ള ചോറ് കഴിക്കില്ല എന്ന അറിവ് അവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. അത്തരം അവസരങ്ങളില്‍ ധാരാളം കറികള്‍ കഴിക്കുമെങ്കിലും നമ്മുടെ ഭക്ഷണശീലം മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അത് കാണുമ്പോള്‍ നമുക്കുണ്ടാകുന്ന അനുബന്ധ ബുദ്ധിമുട്ടുകളും ഒരു പ്രശ്‌നമാണ്. യാത്രകളിലും വലിയ വിഷയമാണ്. പല ഹോട്ടലുകളിലും അരിയില്ലാത്ത ഭക്ഷണങ്ങള്‍ ഒന്നും കാണില്ല. അപ്പോഴൊക്കെ കറികള്‍ മാത്രം കഴിച്ച് തൃപ്തിപ്പെടേണ്ടി വരും.

ഇതുകൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചാല്‍ നമുക്ക് ഭക്ഷണത്തിന് അരിയൊഴികെ എന്തും കഴിക്കാം എന്നുള്ളതാണ്. ഉദാഹരണത്തിന് ഒരു പഴം, രണ്ടു പരിപ്പുവട, ഇതൊക്കെ കൊണ്ട് ഒരു നേരം സുഖമായി പോകും.

എന്തായാലും ബുദ്ധിമുട്ടി ആണെങ്കിലും, ബുദ്ധിമുട്ടിച്ചു കൊണ്ടാണെങ്കിലും ഇതിങ്ങനെ പറ്റുന്നിടത്തോളം തുടരാനാണ് തീരുമാനം. കുടുംബത്തിന്റെ പിന്തുണ നല്ലോണം വേണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏറ്റവും ലളിതമായി നമുക്കുള്ള ഭക്ഷണം തയ്യാറാക്കാം എന്നുള്ളത് ഒരു ഗുണമാണെങ്കിലും അത് പ്രത്യേകമായി കാണേണ്ടി വരും എന്നത് ഒരു വിഷയമാണ്. ലളിതം എന്നതിനുള്ള ഒരു ഉദാഹരണത്തിന് അത്താഴമായി വെറും അര കപ്പ് പുളിക്കാത്ത തൈരില്‍ അല്പം പഞ്ചസാരയും ഉപ്പും ചേര്‍ത്തിയത് മാത്രം മതിയാവും എന്നതാണ്.

ഇതിന്റെ ഏറ്റവും വലിയ മെച്ചമായി തോന്നിയത് Rice craving എന്നതില്‍ നിന്നും രക്ഷപ്പെട്ടു എന്നുള്ളതാണ്.

അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്ന കാര്യങ്ങള്‍ ഇനി എനിക്ക് മനസ്സിലാവുന്നുണ്ടാവില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Disclaimer: Statements and observations made are strictly personal and may be prone to various cognitive biases and logical fallacies.

(സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com