
ഫിറ്റ്നസ് ഫ്രീക്കുകളായ സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ നാട്ടില്‍ കൂടിവരികയാണ്. ജിമ്മിലെ തീവ്ര വര്‍ക്ക്ഔട്ടിനൊപ്പം പ്രോട്ടീന്‍ പൗഡര്‍ അല്ലെങ്കില്‍ സപ്ലിമെന്‍റുകളുടെ ഉപയോഗവും സ്ത്രീകളില്‍ വര്‍ധിച്ചു വരിച്ചു വരുന്ന പ്രവണതയുണ്ട്. എന്നാല്‍ ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും ആര്‍ത്തവ ചക്രത്തെയും ബാധിക്കുന്നതെങ്ങനെയെന്ന കാര്യത്തില്‍ ഇപ്പോഴും പലതരത്തിലുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നു.
പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാത്ത പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസത്തില്‍ ശരീരഭാരത്തിന് അനുസരിച്ച് ഒരു ഗ്രാം/കിലോഗ്രാം അല്ലെങ്കില്‍ 0.8 ഗ്രാം/കിലോഗ്രാം ബോഡി വെയിറ്റ് പ്രോട്ടീന്‍ ആവശ്യമാണ്, സ്ത്രീകളില്‍ ആവര്‍ത്തവ സമയത്ത് പ്രത്യേകിച്ച്. ആര്‍ത്തവ സമയം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വയറു വേദന, അസ്വസ്ഥത, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷീണം എന്നിവ ലഘൂകരിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. കൂടാതെ ഈ സമയം ഊര്‍ജ്ജം നിലനിര്‍ത്താനും പ്രോട്ടീന്‍ സഹായിക്കും.
എന്നാല്‍ ദിവസത്തില്‍ ആവശ്യമുള്ള പ്രോട്ടീന്‍ ഒറ്റ പ്രാവശ്യമായി ഉപയോഗിക്കുന്നതിലും നല്ലത് ഓരോ നേരത്തെ ഭക്ഷണത്തിലൂടെയും ചെറിയ തോതില്‍ ഉപയോഗിക്കുന്നതാണ്. കൂടിയ അളവില്‍ ഒരേസമയത്ത് പ്രോട്ടീന്‍ ഉപയോഗിക്കുന്നത് മൂലം ആഗിരണം ശരിയായി നടക്കാതെ വരും. അതിനാല്‍ ഇവയുടെ ദഹനശേഷമുള്ള മാലിന്യം വൃക്കള്‍ക്ക് അധികഭാരം നല്‍കുന്നു. പ്രോട്ടീൻ പൗഡറുകൾ ദോഷകരമല്ലെങ്കിലും, കൃത്രിമ പ്രോട്ടീൻ സ്രോതസ്സുകളെ വളരെയധികം ആശ്രയിക്കുന്നത് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നതിനും സുരക്ഷിതമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പേശി വര്‍ധനവിന് പ്രോട്ടീന്‍ പൗഡര്‍ സഹായിക്കുമെങ്കിലും ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ പ്രക്രിയകളെ ഇത് തടസ്സപ്പെടുത്താം.
സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡര്‍ ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍
ഗര്‍ഭിണികള്‍ : ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും അമ്മയുടെ ക്ഷേമത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും പോഷകാഹാരം ആവശ്യമാണ്. നട്‌സ്, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്ന് പ്രോട്ടീന്‍ ലഭ്യമാക്കുന്നതാണ് ആരോഗ്യകരം. ഈ സമയത്ത് പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കുന്നത് ഗുണകരമല്ല. പല പ്രോട്ടീൻ പൗഡറുകളിലും കൃത്രിമ അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, മധുരപലഹാരങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
വൃക്ക രോഗികള്‍ : വൃക്ക രോഗങ്ങളുള്ള സ്ത്രീകൾ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നതിൽ ജാഗ്രത പാലിക്കണം. കൃത്രിമ പ്രോട്ടീൻ സ്രോതസ്സുകൾ കൂടുതലുള്ള ഭക്ഷണക്രമം മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് കാലക്രമേണ വൃക്കകളുടെ പ്രവർത്തനം വഷളാക്കും.
അലർജി: പല പ്രോട്ടീൻ പൗഡറുകളും പാല്‍, സോയ, ഗ്ലൂറ്റൻ തുടങ്ങിയ ചേരുവകൾ അടങ്ങിയതാണ്. ഇത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. കൂടാതെ ചിലരില്‍ വയറു വീർക്കുന്നതിനോ, ദഹന പ്രശ്നങ്ങൾക്കോ, വീക്കത്തിനോ കാരണമാകാം. ക്വിനോവ, കടല, നട്സ് തുടങ്ങിയ സമ്പൂർണ്ണ പ്രോട്ടീൻ സ്രോതസ്സുകൾ കൂടുതൽ എളുപ്പത്തിൽ ദഹിക്കുന്നതും അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകാനുള്ള സാധ്യത കുറവുമാണ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ : പ്രോട്ടീൻ പൗഡര്‍ പേശികളുടെ ആരോഗ്യത്തിനും വയറിന് സംതൃപ്തിയും നല്‍കുമെങ്കിലും അവയില്‍ അധിക പഞ്ചസാര, കൊഴുപ്പ്, അധിക കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടാന്‍ കാരണമാകും. മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയ സമ്പൂർണ്ണ ഭക്ഷണങ്ങൾ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയ്‌ക്കൊപ്പം പ്രോട്ടീനും നൽകുന്നു. ഇത് ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക