
പുരുഷന്മാരില്‍ അരക്കെട്ടിന്റെ വലിപ്പം ഏതാണ്ട് 11 സെന്‍റിമീറ്റര്‍ അധികമായി വര്‍ധിക്കുന്നത് പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അര്‍ബുദ സാധ്യത 25 ശതമാനം വരെ കൂട്ടുമെന്ന് സ്വീഡനിലെ ലൂണ്ട് സര്‍വകലാശാല ഗവേഷകര്‍. കാന്‍സര്‍ സാധ്യത മനസിലാക്കുന്നതില്‍ ബോഡി മാസ് ഇന്‍ഡക്സ് വിലയിരുത്തുന്നതിനെക്കാള്‍ പുരുഷന്മാരില്‍ അരക്കെട്ടിന്റെ വലിപ്പം അളക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നും ജേണല്‍ ഓഫ് ദ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
അന്നനാളം (അഡിനോകാർസിനോമ), ഗ്യാസ്ട്രിക് (കാർഡിയ), വൻകുടൽ, മലാശയം, കരൾ/ഇൻട്രാഹെപാറ്റിക് പിത്തരസം നാളങ്ങൾ, പിത്താശയം, പാൻക്രിയാസ്, സ്തനം (ആർത്തവവിരാമത്തിനു ശേഷം), എൻഡോമെട്രിയം, അണ്ഡാശയം, വൃക്കസംബന്ധമായ കോശ കാർസിനോമ, മെനിഞ്ചിയോമ, തൈറോയ്ഡ്, മൾട്ടിപ്പിൾ മൈലോമ എന്നിവയിലെ കാൻസറുകള്‍ക്ക് പൊണ്ണത്തടി ഒരു ഘടകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഉപയോഗിച്ച് പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കാന്‍സര്‍ സാധ്യത പ്രവചിക്കാം. എന്നാല്‍ പുരുഷന്മാരില്‍ ബിഎംഐയെക്കാള്‍ അരക്കെട്ടിന്‍റെ വലിപ്പം കാന്‍സര്‍ സാധ്യത പ്രവചിക്കുന്നതില്‍ കൂടുതല്‍ ഫലപ്രദമാണെന്ന് പഠനത്തില്‍ കണ്ടെത്തി.
1981 മുതല്‍ 2019 വരെയുള്ള 3,39,190 ആളുകളുടെ ആരോഗ്യ റെക്കോര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു പഠനം. 14 വര്‍ഷം നീണ്ട പഠനത്തില്‍ 18,185 ആളുകള്‍ക്ക് അന്നനാളം, കുടല്‍, കരള്‍, പാന്‍ക്രിയാസ്, സ്തന, പിത്താശയ അര്‍ബുദം എന്നിവയുള്‍പ്പെടെ അമിതവണ്ണവുമായി ബന്ധപ്പെട്ട അര്‍ബുദം ഉണ്ടായതായി കണ്ടത്തി. പ്രായം, പുകവലി ശീലങ്ങൾ, വിദ്യാഭ്യാസ നിലവാരം, വരുമാനം, ജനിച്ച രാജ്യം, വൈവാഹിക നില എന്നിവയുൾപ്പെടെയുള്ള സാമൂഹിക-ജനസംഖ്യാ ഘടകങ്ങളെ സ്വാധീനിച്ചേക്കാവുന്ന ഒന്നിലധികം ഘടകങ്ങൾ കണക്കിലെടുത്താണ് ഗവേഷകര്‍ അരക്കെട്ടിന്‍റെ വലിപ്പം, ബിഎംഐ എന്നിവയിലെ അമിതവണ്ണവുമായി ബന്ധപ്പെട്ട കാൻസറുകളുമായി ബന്ധപ്പെട്ട ആപേക്ഷിക അപകടസാധ്യതകൾ കണക്കാക്കിയത്.
കണ്ടെത്തിയ ഡാറ്റ നേരിട്ട് താരതമ്യം ചെയ്യാന്‍ അവര്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് സ്‌കോര്‍ ഉപയോഗിച്ചു. ഇതില്‍ അരക്കെട്ടിന്റെ വലിപ്പം വിലയിരുത്തുന്നത് പ്രധാന അവയവങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിന്‍റെ അളവു കൃത്യമായി മനസിലാക്കാന്‍ സഹായിച്ചു. എന്നാല്‍ ബിഎംഐ വിലയിരുത്തുന്നതിലൂടെ ശരീരത്തിന് ചുറ്റുമുള്ള കൊഴുപ്പിന്‍റെ അളവും അത് എവിടെയാണ് അടിഞ്ഞുകൂടുന്നതെന്നും അളക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പഠനത്തില്‍ ഗവേഷകര്‍ വിശദീകരിക്കുന്നു.
ബിഎംഐയിലെ സ്റ്റാന്‍ഡേര്‍ഡ് വര്‍ധനവിനെക്കാള്‍ അടിവയറ്റിലെ കൊഴുപ്പ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. എന്നാല്‍ സ്ത്രീകളില്‍ ഇത് വ്യത്യസ്തമാണ്. സ്ത്രീകളില്‍ അരക്കെട്ടിന്റെ ചുറ്റളവും ബിഎംഐ പാറ്റേണുകളും സമാനമായിരുന്നുവെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. സ്ത്രീകളുടെ ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരുടെ വയറിലെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പുരുഷന്മാരില്‍ അരക്കെട്ടിന്റെ വലിപ്പം അളക്കുന്നത് കാന്‍സര്‍ സാധ്യത മനസിലാക്കാന്‍ കൂടുതല്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക