
പാരമ്പര്യം മുതല്‍ പൊണ്ണത്തടി വരെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കാമെന്ന് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
60-ാം വയസ്സിലാണ് നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ രോഗം സ്ഥിരീകരിച്ചതെങ്കില്‍, 45-ാം വയസ്സില്‍ ഈ അവസ്ഥ വികസിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറയുന്നത്. 'ഹൃദ്രോഗത്തിന്റെ യഥാർത്ഥ ആരംഭത്തിനും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും ഇടയിൽ ഒരു ദശാബ്ദത്തിലധികം വർഷത്തെ വ്യത്യാസം ഉണ്ടാകാം. ഇത് ഒരു പൈപ്പ് തുരുമ്പെടുക്കുന്നത് പോലെയാണ്. പൈപ്പ് അടഞ്ഞുപോകുമ്പോൾ മാത്രമാണ് പ്രശ്നമുണ്ടെന്ന് നമുക്ക് തിരിച്ചറിയുക. ജീവിതശൈലിയില്‍ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, നമുക്ക് രോഗം അഞ്ചോ പത്തോ വർഷം നീട്ടിവെക്കാൻ കഴിഞ്ഞേക്കും. എന്നാല്‍ ദീര്‍ഘകാല ജീവിതത്തില്‍ ഹൃദ്രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്'- അദ്ദേഹം പറഞ്ഞു.
കുടുംബ പാരമ്പര്യവും ഹൃദ്രോഗവും
'കുടുംബത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ചരിത്രമുണ്ടെങ്കിൽ, ചെറുപ്പം മുതൽ തന്നെ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചിട്ടയായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ പോലും അത്തരം പാരമ്പര്യമുള്ളവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 10 ശതമാനം വരെ കൂടുതലാണ്. 90-ാം വയസില്‍ ഹൃദ്രോഗം ബാധിച്ച് ഒരു ബന്ധു മരിച്ചതില്‍ ഭയക്കേണ്ടതില്ല, മറിച്ച് 50 വയസിന് മുന്‍പ് ഹൃദ്രോഗം സ്ഥിരീകരിച്ച നേരിട്ട് ബന്ധമുള്ള കുടുംബാംഗങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്'.
പ്രായം മറ്റൊരു ഘടകമാണ്. പ്രായമാകുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. കൂടാതെ പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്കയാണ്. 40 വയസിന് മുകളിലുള്ള 20 ശതമാനം ആളുകളും പ്രമേഹ രോഗികളാണ്.
ഡയറ്റ്
സമീകൃതാഹാരം കഴിക്കുക എന്നത് പ്രധാനമാണ്. എന്നാല്‍ ഇന്ന് ആളുകള്‍ കൂടുതലും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നു. ഇത് പൊണ്ണത്തടി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അതുപോലെ ഡയറ്റില്‍ നിന്ന് ഉപ്പ്, പഞ്ചസാര, വെള്ളയരി തുടങ്ങിയ 'വൈറ്റ് പോയിസണ്‍' പരിമിതപ്പെടുത്തേണ്ടതും പ്രധാനമാണ്. ചിലര്‍ പറയും പൊറോട്ടയും ബീഫും കഴിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന്. ഇതില്‍ ശാസ്ത്രീയ സ്ഥിരീകരണം നടന്നിട്ടുണ്ടോയെന്ന് അറിയില്ല. എന്നാല്‍ ഏത് തരം ഭക്ഷണം ആണെങ്കിലും സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമാണ്. നിങ്ങള്‍ക്ക് എല്ലാം കഴിക്കാം. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക