
മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ഉറക്കത്തിനും വ്യായാമത്തിലും തുല്യ പ്രധാന്യമാണ് ഉള്ളത്. എന്നാൽ ഉറക്കം പൂര്‍ത്തിയാക്കണോ അതോ ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്തു വർക്ക്ഔട്ട് ചെയ്യണമോ എന്ന കാര്യത്തിൽ പലപ്പോഴും ആളുകൾ ആശയക്കുഴപ്പത്തിലാകാറുണ്ട്.
ഹോർമോൺ നിയന്ത്രണം, ന്യൂറോളജിക്കൽ റിപ്പയർ, പേശികളുടെ തകരാറുകൾ പരിഹരിക്കൽ തുടങ്ങിയ മിക്ക ശാരീരിക പ്രക്രിയകളും നമ്മൾ ഉറങ്ങുമ്പോഴാണ് ശരീരം നടത്തുന്നത്. എന്നാൽ സ്ഥിരമായ ഒരു വ്യായാമ ദിനചര്യ നമ്മുടെ ശരീരഭാരം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും പേശികളുടെ ശക്തി വർധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സഹായിക്കുന്നു.
ദിവസം ഫ്രഷ് ആയി ആരംഭിക്കുന്നതിന് പ്രഭാതദിനചര്യ പ്രധാനമാണ്. എന്നാൽ പ്രഭാതദിനചര്യ മെച്ചപ്പെടുത്താൻ ഉറക്കത്തിൽ വീട്ടുവീഴ്ച ചെയ്യുന്നത് ദിവസം മുഴുവൻ ക്ഷീണവും ഉന്മേഷം കുറയാനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഉറക്കത്തിനോ വ്യായാമത്തിനോ കൂടുതല്‍ പ്രധാന്യം
മതിയായ ഉറക്കം ലഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നു. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഉറക്കക്കുറവ് ശരീരഭാരം വർധിപ്പിക്കുന്നതിനും കോർട്ടിസോളിന്റെ ഉൽപാദനം കൂട്ടാനും കാരണമാകും. കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കാം.
രാവിലെ വ്യായാമം അല്ലെങ്കിൽ വര്‍ക്ക്ഔട്ട് ചെയ്യാൻ വേണ്ടി തുടർച്ചയായി ആറ് മുതൽ ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഗുണത്തെക്കാൾ ദോഷം ഉണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വ്യായാമം ശരീരത്തിന് ആവശ്യമാണ്. എന്നാൽ പതിവായി ഉറക്കം നഷ്ടപ്പെടുത്തുന്നത് ക്ഷീണം, മോശം പ്രകടനം, പരിക്കുകൾക്കുള്ള സാധ്യത എന്നിവ വർധിപ്പിക്കുന്നു.
മതിയായ ഉറക്കവും വർക്ക്ഔട്ടിനുള്ള സമയവും കിട്ടുന്ന തരത്തിൽ ഷെഡ്യൂൾ ക്രമീകരിക്കുക എന്നതാണ് ഏറ്റവും മികച്ച സമീപനം. രണ്ടും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസമായി വരുന്നവെങ്കിലും വ്യായാമം കുറച്ചാലും ഉറക്കത്തിൽ വിട്ടുവീഴ്ച പാടില്ല. ഉറക്കത്തിന് മേൽ വ്യായാമത്തിന് പ്രധാന്യം നൽകുന്നത് വിപരീതഫലമുണ്ടാക്കും.
എത്ര മണിക്കൂർ ഉറങ്ങണം
മുതിർന്ന വ്യക്തി ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണം. ഉറക്കം ശരീരത്തിന്റെ റിപ്പയർ മെക്കാനിസത്തിനും മെച്ചപ്പെട്ട പ്രകടനത്തിനും വ്യായാമം ചെയ്യാനുള്ള ഊർജ്ജത്തിനും പ്രധാനമാണെന്ന് മനസിലാക്കുക. അമിത പരിശീലനത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉയർന്ന സമ്മർദമുള്ള സാഹചര്യങ്ങളില്‍, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഉറക്കത്തിന് മുൻഗണന നൽകുക.
ഉറക്കക്കുറവ് ശരീരത്തെ എങ്ങനെ ബാധിക്കുന്നു
ഉറക്കക്കുറവ് ഹ്രസ്വകാല, ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ജാഗ്രത കുറവു, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, തീരുമാനം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങള്‍.
എന്നാല്‍ ദീർഘകാലാടിസ്ഥാനത്തിൽ ഉറക്കക്കുറവ് ഹൃദ്രോഗം, പക്ഷാഘാതം, പൊണ്ണത്തടി, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച് വിഷാദം പോലുള്ള അവസ്ഥകളുമായി ഉറക്കത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഉറക്ക ശുചിത്വത്തിലെ ലളിതമായ മാറ്റങ്ങൾ പോലും വളരെയധികം പുരോഗതി കൈവരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ