കൂടിയാലും കുറഞ്ഞാലും പ്രശ്നം, വിറ്റാമിന്‍ ഡി ദിവസവും എത്ര കഴിക്കണം

ക്ഷീണം, തളര്‍ച്ച, അടിക്കടി മാറിമറിയുന്ന മാനസികാവസ്ഥ തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്നതാണ്.
Egg
മുട്ട
Updated on

ചെറുപ്പക്കാര്‍ക്കിടയില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണരീതിയുമെല്ലാം ഇതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ഷീണം, തളര്‍ച്ച, അടിക്കടി മാറിമറിയുന്ന മാനസികാവസ്ഥ തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്നതാണ്.

നമ്മുടെ ശരീരത്തില്‍ ഒരേ സമയം ഹോര്‍മോണ്‍ ആയും പോഷകമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. കാത്സ്യത്തിൻറെയും ഫോസ്ഫേറ്റിൻറെയും തോത് നിയന്ത്രിക്കാനും എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി.

  • വിറ്റാമിൻ ഡിയുടെ അഭാവം ലക്ഷണങ്ങള്‍

  • വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച

  • ഉറക്കമില്ലായ്മ

  • വിഷാദം, ഉത്കണ്ഠ

  • മുടികൊഴിച്ചില്‍

  • എല്ലുകള്‍ക്കും പേശികള്‍ക്കും വേദന

  • വിശപ്പില്ലായ്മ

  • ഇടയ്ക്കിടെ പനിയും ജലദോഷം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍.

വിറ്റാമിൻ ഡിയുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് പോലുള്ള രോഗങ്ങൾക്കും മുതിർന്നവരിൽ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിവുകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇതിനു പുറമേ പ്രമേഹം, ഉയർന്ന രക്തസമ്മർദം, അർബുദം, മൾട്ടിപ്പിൾ സ്കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും വിറ്റമിൻ ഡിയുടെ അഭാവവുമായി ബന്ധമുണ്ട്.

വിറ്റാമിന്‍ ഡി എങ്ങനെ ലഭ്യമാകും

സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം, അതുകൊണ്ട് സണ്‍ ഷൈന്‍ വിറ്റാമിന്‍ എന്നും വിളിക്കുന്നു. കൂടാതെ ചില ഭക്ഷണങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

മത്തി, സാൽമൺ പോലുള്ള എണ്ണമയമുള്ള മീനുകൾ, റെഡ് മീറ്റ്, കരൾ, മുട്ടയുടെ മഞ്ഞക്കരു, ഫോർട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങൾ എന്നിവയിൽ വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കാത്തവർക്ക് സപ്ലിമെൻറുകളെയും ആശ്രയിക്കാം.

വിറ്റാമിന്‍ ഡി എത്ര അളവില്‍

വിറ്റാമിൻ ഡിയുടെ അളവ് നിങ്ങളുടെ പ്രായത്തെയും വിറ്റാമിൻ ഡി കുറവിനുള്ള സാധ്യതയെയും ആശ്രയിച്ചിരിക്കുന്നു. കുട്ടി​കളിലും മുതിർന്നവരിലും പ്രതിദിനം ഏകദേശം 600 IU വിറ്റാമിൻ ഡി ആവശ്യമാണ്. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ഈ അളവ് ബാധകമാണ്. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് പ്രതിദിനം 400 IU വിറ്റാമിൻ ഡി യും 70 വയസിനു മുകളിലുള്ള മുതിർന്നവർക്ക് പ്രതിദിനം 800 IU വിറ്റാമിൻ ഡിയും ആവശ്യമാണ്.

വിറ്റാമിൻ ഡി ടോക്സിസിറ്റി

ആവശ്യമാണെന്ന് കരുതി അമിതമായാലും പ്രശ്നമാണ്. അപൂർവം ചില സന്ദർഭങ്ങളിൽ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവു കൂടാനും സാധ്യതയുണ്ട്. സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വൈറ്റമിൻ-ഡി അധികമായി ശരീരത്തിലെത്തുക. സപ്ലിമെന്‍റ്സ് തന്നെയാണ് ഇതിന് കാരണമായി വരുന്നത്. ഡോക്ടർമാരുടെ നിർദേശമില്ലാതെ സപ്ലിമെന്റ്സ് കഴിക്കരുത്. കാത്സ്യം ആഗിരണം ചെയ്യുന്നതിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ശരീരത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി ഉണ്ടെങ്കിൽ രക്തത്തിൽ ഉയർന്ന അളവിൽ കാത്സ്യം ഉണ്ടാകാനും ഇത് ഹൈപ്പര്‍കാല്‍സെമിയ എന്ന അവസ്ഥയ്ക്കും കാരണമാകുന്നു.

അമിതമായാൽ ഈ അവസ്ഥ വൃക്കയെയും തകരാറിലായേക്കാം. കൂടാതെ ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ തുടങ്ങിയ മൃദുവായ ടിഷ്യൂകളിൽ കാത്സ്യം നിക്ഷേപിക്കുന്നതിനും കാരണമാകും. ഇത് അവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൾമണറി ഫൈബ്രോസിസ്, കിഡ്നി തകരാറുകൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com