

തന്നെ ബാധിച്ച ഫൈബ്രോമയാൾജിയ അഥവാ പേശിവാതം എന്ന രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞു പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയ മോഹൻ. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ചലനശേഷി ക്രമേണ കുറയുകയും ദൈംനിദിന കാര്യങ്ങൾ പോലും ചെയ്യാനാകാതെ വരികയും ചെയ്യുന്നു.
'കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാൻ പോലും കൈ പൊങ്ങാത്ത അവസ്ഥ, കട്ടിലിൽ നിന്നും എഴുന്നേൽക്കണമെങ്കിൽ, വസ്ത്രം മാറണമെങ്കിൽ, ഒന്ന് പുറം ചൊറിയാൻ പോലും പരസഹായം വേണം. ഒരു പ്ലേറ്റോ ഗ്ലാസോ പോലും കൈ കൊണ്ട് എടുക്കാൻ പറ്റുന്നില്ല. എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ തോന്നിയെന്നും പ്രിയ പറയുന്നു'. ഒരു ഹാപ്പി ഫാമിലി എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം ഭർത്താവ് നിഹാൽ പിള്ളയ്ക്കൊപ്പം പ്രിയ തുറന്നു പറഞ്ഞത്. ലോകത്ത് നിരവധി സ്ത്രീകൾ നേരിടുന്ന അവസ്ഥയാണിത്. എന്നാൽ ഇതിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള അബോധമില്ലായ്മ രോഗത്തെ വഷളാക്കുമെന്നും പ്രിയ പറഞ്ഞു.
'ഒരു ദിവസം രാത്രി കുളിക്കുന്നതിനിടെ ബാത്ത്റൂമിൽ വീണു, സ്വയം എഴുന്നേൽക്കാൻ കഴിയാതെ വന്നതോടെ സഹായത്തിന് ഉച്ചത്തിൽ വിളിക്കാൻ ശ്രമിച്ചുവെങ്കിലും ആരും കേട്ടില്ല. പിന്നീട് ഏറെ ശ്രമിച്ചിട്ടാണ് എഴുന്നേൽക്കാൻ കഴിഞ്ഞത്. പിന്നീട് പല തവണ ഇത് ആവർത്തിച്ചു. പ്രത്യക്ഷത്തിൽ ശരീരത്തിൽ യാതൊരു കുഴപ്പവുമുള്ളതായി തോന്നിയില്ല. രക്ത പരിശോധനയിലോ സ്കാനിങ്ങിലോ രോഗം കണ്ടെത്താൻ ഡോക്ടർമാർക്ക് ആയില്ല. വിഷാദം, ഉറക്കമില്ലായ്മ, ക്ഷീണം തളർച്ചയോക്കെ ഫൈബ്രോമയാൾജിയ ഭാഗമായി നേരിടേണ്ടി വന്നു. മാനസിക സമ്മർദത്തെ തുടർന്ന് ഉണ്ടാകുന്നതാണെന്ന് പറഞ്ഞ് രോഗത്തെ പലപ്പോഴും നിസാരവൽക്കരിക്കുന്നു. ഫൈബ്രോമയാൾജിയ എന്ന രോഗത്തിന് ചികിത്സയില്ലെന്നതാണ് മറ്റൊരു പ്രത്യേകതയെന്നും പ്രിയ പറയുന്നു.
എന്താണ് ഫൈബ്രോമയാൾജിയ
ഇത് ഒരു ഫങ്ഷണൽ സൊമാറ്റിക് സിൻഡ്രോം ആണ്. ഒരാൾക്ക് രോഗമുണ്ടെന്ന് തോന്നിയാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കാത്ത അവസ്ഥ. വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക പ്രതികരണം ആണ് ഫൈബ്രോമയാൽജിയ എന്ന് വിദഗ്ധർ പറയുമ്പോഴും രോഗത്തിന്റെ കൃത്യമായ കാരണം കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കേരളത്തില്‍ മൂന്ന് മുതൽ നാല് ശതമാനം ആളുകളില്‍ രോഗാവസ്ഥ കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കൂടുതൽ സമയവും ഇരുന്ന് ജോലികൾ ചെയ്യുന്ന സ്ത്രീകളിൽ രോഗ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
ഫൈബ്രോമയാൾജിയ ഉള്ള രോഗികൾ പലപ്പോഴും കേന്ദ്ര നാഡീവ്യൂഹത്തിൽ ന്യൂറോകെമിക്കൽ അസന്തുലിതാവസ്ഥ പ്രകടിപ്പിക്കുന്നു. ഫൈബ്രോമയാൽജിയയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായ ദേഹം മുഴുവനുമുളള വേദന ന്യൂറോകെമിക്കൽ അസന്തുലിതാവസ്ഥ കാരണമാണ് ഉണ്ടാകുന്നത്. തലച്ചോറിലെ കോശജ്വലന പാതകൾ ഇക്കാരണത്താൽ ത്വരിതപ്പെടുകയും അതുവഴി വേദന സംസ്കരണത്തിൽ അസാധാരണത്വം നേരിടുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്ന ന്യൂറോകെമിക്കൽ തകരാറുകൾ വ്യക്തിയുടെ മാനസികാവസ്ഥയെയും, ഉറക്കത്തെയും, ഉന്മേഷത്തേയു൦ സ്വാധീനിക്കുന്നു. ഉന്മേഷരാഹിത്യം, തളർച്ച, ഉറക്കം സംബന്ധമായ പ്രശ്നങ്ങൾ ഫൈബ്രോമയാൾജിയ രോഗികളിൽ ഒന്നിച്ചുകണ്ടുവരുന്നത് ഇതു കാരണമാണ്.
രോഗം തിരിച്ചറിഞ്ഞതു തന്നെ വലിയ കാര്യമാണ്. നല്ല ഭക്ഷണം കഴിക്കുക, യോഗ ഇതൊക്കെയാണ് പ്രിയ ഇപ്പോൾ ചെയ്യുന്നത്. എപ്പോഴാണ് രോഗം പൂർണമായും ഭേദമാകുന്നതെന്ന് അറിയില്ലെന്നും നിഹാൽ പറയുന്നു. തെറാപ്പി, ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ, തീവ്രത കുറഞ്ഞ വ്യായാമം, ആവശ്യമായ സപ്ലിമെന്റ്സുകൾ തുടങ്ങിയ കാര്യങ്ങളിലൂടെ വലിയ മാറ്റമുണ്ടാകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates