സ്മാര്‍ട്ട്ഫോണിനെ പേടിക്കേണ്ട, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രായമായവരില്‍ ഡിജിറ്റല്‍ ഡിമെന്‍ഷ്യ ഉണ്ടാക്കില്ലെന്ന് പഠനം

പ്രായമായവരിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം അവരുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാൻ സാധിക്കുമെന്ന് പഠനം.
Smart Phone Use in Elder people
ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം ഡിജിറ്റല്‍ ഡിമെന്‍ഷ്യ കുറയ്ക്കും (Digital Dementia)പ്രതീകാത്മക ചിത്രം
Updated on

റണ്ട് ബില്ല് മുതല്‍ സിനിമ ടിക്കറ്റ് ബുക്കിങ് വരെ ഓണ്‍ലൈന്‍ ആയി ചെയ്യുന്ന ഡിജിറ്റല്‍ കാലമാണിത്. നമ്മുടെ ജീവിതത്തിന്‍റെ ഏതാണ്ട് ഭൂരിഭാഗവും ഡിജിറ്റൽ ഉപകരണങ്ങൾ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന് തന്നെ പറയാം. സ്മാര്‍ട്ട്ഫോണ്‍ പോലുള്ള വയുടെ അമിത ഉപയോഗത്തില്‍ ചെറുപ്പക്കാര്‍ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വരാറുണ്ടെങ്കിലും മുതിര്‍ന്ന തലമുറയിലും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ചെറുപ്പക്കാരിലും കുട്ടികളിലും ഇത്തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ആസക്തിയും പെരുമാറ്റ വ്യത്യാസങ്ങളും ഉണ്ടാക്കുമെങ്കില്‍ മുതിര്‍ന്നവരില്‍ ഇത് നേരെ തിരിച്ചാണെന്ന് സമീപകാല പഠനം തെളിയിക്കുന്നു.

ഓസ്റ്റിനിലെ ബെയ്ലർ സർവകലാശാലയും ടെക്സസ് സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തില്‍ പ്രായമായവരിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം അവരുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാൻ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, പ്രായമായവരില്‍ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം ഡിജിറ്റൽ ഡിമെൻഷ്യ (Digital Dementia) ഉണ്ടാക്കുന്നതായി തെളിവുകളില്ലെന്ന് നേച്ചർ ഹ്യൂമൻ ബിഹേവിയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഡിജിറ്റൽ ​ഗാഡ്ജറ്റുകളുമായുള്ള സമ്പർക്കം പ്രായമായവരുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു

സാങ്കേതികവിദ്യ തലച്ചോറിന്റെ വികാസത്തെ സ്വാധീനിക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. എന്നാല്‍ പ്രായമായവരുടെ തലച്ചോറിൽ അതിന്റെ സ്വാധീനം വ്യക്തമായിരുന്നില്ല. നാഡീ മനഃശാസ്ത്രജ്ഞരായ ജാരെഡ് ബെഞ്ചും മൈക്കൽ സ്കുള്ളിനും നടത്തിയ പഠനത്തില്‍ മുൻകാല പഠനങ്ങളുടെ ഫലങ്ങൾ സംയോജിപ്പിച്ച് ഗവേഷകർ ഒരു മെറ്റാ അനാലിസിസ് നടത്തിയിരുന്നു. 50 വയസിനു മുകളിലുള്ളവരിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചും വൈജ്ഞാനിക തകർച്ച അല്ലെങ്കിൽ ഡിമെൻഷ്യയുമായുള്ള അതിന്റെ ബന്ധത്തെക്കുറിച്ചും വിശകലനം നടത്തി.

4,11,000-ത്തിലധികം മുതിർന്നവരിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 57 പഠനങ്ങളാണ് നടത്തിയത്. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം പ്രായമായവരില്‍ വൈജ്ഞാനിക തകർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം കണ്ടെത്തി. ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വൈജ്ഞാനിക തകർച്ചയ്ക്കുള്ള സാധ്യത 58 ശതമാനം കുറയ്ക്കുന്നതുമായി കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.

എന്താണ് 'ഡിജിറ്റൽ ഡിമെൻഷ്യ' ?

2012 ൽ മാൻഫ്രെഡ് സ്പിറ്റ്സർ എന്ന ജർമൻ ന്യൂറോ സയന്റിസ്റ്റാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ അമിത ഉപയോ​ഗം തലച്ചോറിന്റെ പ്രവർത്തനത്തെയും ചിന്താശേഷിയെയും ദുർബലപ്പെടുത്തുന്നതു മൂലം ഉണ്ടാകുന്ന വൈജ്ഞാനിക തകർച്ചയെയാണ് ഡിജിറ്റൽ ഡിമെൻഷ്യ കൊണ്ട് ഉദ്ദേശിക്കുന്നത്.

മൂന്ന് പ്രധാന ആശങ്കകൾ

  • ടിവി കാണുന്നതോ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നതോ പോലുള്ള, അധികം ചിന്ത ആവശ്യമില്ലാത്ത പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന കൂടുതൽ നിഷ്ക്രിയ സ്ക്രീൻ സമയം.

  • ഫോൺ നമ്പറുകൾ പോലുള്ള നമ്മൾ ഓർമിച്ചിരുന്ന ജോലികൾക്ക് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്.

  • കൂടുതൽ എളുപ്പത്തിൽ ശ്രദ്ധ തിരിക്കപ്പെടുന്നു

എന്നാല്‍ സാങ്കേതികവിദ്യ നേരിട്ട് ഉപയോഗിക്കുന്നത് മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനത്തിന് കാരണമാകുമെന്ന് ഇതുവരെ അവകാശപ്പെടാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, പ്രാതിനിധ്യം കുറവായിരുന്ന താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത വിഭാഗങ്ങളിൽ പുതിയ കണ്ടെത്തലുകൾ ശരിയാണോ എന്ന് കാണാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. എല്ലാ ഡിജിറ്റൽ സാങ്കേതികവിദ്യയും ദോഷകരമല്ലെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഡിജിറ്റല്‍ ഉപകരണങ്ങളുമായുള്ള ആളുകളുടെ ഇടപെടല്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ പ്രായമായവര്‍ക്കിടയില്‍ എഐയുടെ ഉപയോഗം കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. സാങ്കേതികവിദ്യയോടുള്ള നമ്മുടെ മുൻകാല പൊരുത്തപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത് ഇതിന് വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കാൻ കഴിയുമെന്നാണ്, അതിനാൽ വരും കാലം പൂര്‍ണമായും നെഗറ്റീവായിരിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com