
സ്നേഹത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ പ്രകടമായ രൂപമാണ് ചുംബനം (Kissing). ചുംബിക്കുന്നതിലൂടെ ഒരാളുടെ വിശ്വാസവും കരുതലും പ്രണയവും പങ്കുവെയ്ക്കപ്പെടുന്നു. എന്നാൽ അത് മാത്രമല്ല, ചുംബിക്കുന്നതിലൂടെ പങ്കാളിക്കുള്ള വിഷാദവും ഉത്കണ്ഠയും ഉറക്കമില്ലായ്മ പോലുള്ള ലക്ഷണങ്ങളും പകർന്നേക്കാമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും സംഗതിയിൽ കാര്യമുണ്ട്.
ഇറാനിലെ 268 നവദമ്പതികളുടെ ഓറല്‍ മൈക്രോബയോമിയെ വിശകലനം ചെയ്താണ് സ്വതന്ത്ര ഗവേഷകനായ റെസ റാസ്റ്റ്മാന്‍സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഈ നിഗമനത്തില്‍ എത്തുന്നത്. ദമ്പതികള്‍ ചുംബിക്കുമ്പോള്‍ ബാക്ടീരിയല്‍ സംക്രമണം സംഭവിക്കാമെന്നതിനാല്‍ നവദമ്പതികള്‍ക്കിടയില്‍ ഓറല്‍ മൈക്രോബയോട്ടയുടെ സംക്രമണം വിഷാദത്തിന്റെയും ഉതക്ണഠയുടെയും ലക്ഷണങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ടോയെന്നായിരുന്നു ഗവേഷകര്‍ നിരീക്ഷിച്ചത്.
പഠനത്തിന് മുന്നോടിയായി ദമ്പതികളുടെ മാനസികാരോഗ്യ നില വിശകലനം ചെയ്തു. ഓറല്‍ മൈക്രോബയോം പരിശോധനയില്‍ ഉമിനീരിലെ കോര്‍ട്ടിസോളിന്റെ അളവും നൂതന ഡിഎന്‍എ സീക്വന്‍സിങ് ടെക്‌നിക്കുകളിലൂടെ വായിലെ ബാക്ടീരികളുടെ അളവും മനസിലാക്കി. ദമ്പതികളില്‍ ഒരാള്‍ക്ക് വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു. 2024 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ നീണ്ടുനിന്ന പഠനത്തില്‍ ദമ്പതികളോട് തങ്ങളുടെ ജീവിതശൈലിയില്‍ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്തരുതെന്ന് നിര്‍ദേശിച്ചു.
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവ പരിശോധിക്കുകയും രണ്ട് ഫലങ്ങളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ പഠനത്തിന്റെ തുടക്കത്തില്‍ ആരോഗ്യവാനായിരുന്ന പങ്കാളിയുടെ ഓറല്‍ മൈക്രോബയോമി അനാരോഗ്യകരമായ പങ്കാളിയുടെതിന് സമാനമായി കാണപ്പെട്ടു. അതായത് മുന്‍പ് ആരോഗ്യത്തോടെയിരുന്ന പങ്കാളിയില്‍ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ ഉയര്‍ന്നതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു.
ക്ലോസ്ട്രിഡിയ, വീലോണെല്ല, ബാസിലസ്, ലാക്നോസ്പിറേസി തുടങ്ങിയ ബാക്ടീരിയകൾ രണ്ട് പങ്കാളികളിലും കൂടുതൽ വ്യാപകമായി കാണപ്പെടുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇവ തലച്ചോറിലെ തകരാറുകൾ, വിഷാദം, ഉത്കണ്ഠ, ഉറക്ക അസ്വസ്ഥതകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇവ രക്തത്തിൽ കലർന്ന് തലച്ചോറിനെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇവ പടരാൻ സാധ്യത കൂടുതലെന്ന് പഠനം വ്യക്തമാക്കുന്നു. മുമ്പ് ആരോഗ്യവാനായ പങ്കാളിയിൽ പിന്നീട് കോർട്ടിസോളിന്റെ അളവ് വർധിച്ചതായും പഠനം കണ്ടെത്തി. ചുംബനം പാപമല്ല, എന്നാൽ അതിലൂടെ പകരുന്ന ബാക്ടീരിയകളാണ് വില്ലൻ. അടുത്ത് ബന്ധപ്പെടുന്ന, ദമ്പതികൾക്കിയിൽ ഓറൽ മൈക്രോബയോമിന്റെ കൈമാറ്റം വിഷാദത്തിനും ഉത്കണ്ഠയ്ക്കും പടരാൻ കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.
ഓറൽ മൈക്രോബയോം ഘടനയിലെ മാറ്റങ്ങൾ ഉറക്കമില്ലായ്മയുടെ തീവ്രത, ഉമിനീരിലെ കോർട്ടിസോൾ അളവ്, വിഷാദം- ഉത്കണ്ഠ സ്കോറുകൾ എന്നിവയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം കണ്ടെത്തി. എന്നാൽ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ തുടങ്ങിയ മറ്റ് ബാഹ്യ ഘടകങ്ങള്‍ പഠനം കണക്കിലെടുത്തില്ല. അതിനാല്‍ വിശാലമായ ഗവേഷണം ആവശ്യമാണെന്നും പഠനം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ