Tiny Tom on Prem Nazir:Is what Tiny Tom said about Prem Nazir true? This is the truth Fact Check വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

അവസാനം അഭിനയിച്ച ചിത്രം റിലീസ് ചെയ്ത് 21 ആം ദിവസം മരണം, മരണത്തിന് ശേഷം ഒന്നേകാൽ വർഷത്തിനിടെ അഭിനയിച്ച രണ്ട് സിനിമകൾ കൂടി റിലീസ് ചെയ്തു; പ്രേം നസീറിന്റെ അഭിനയ ജീവിതം ഇങ്ങനെ

മലയാളത്തിലെ നിത്യഹരിത നായകനായിരുന്ന പ്രേംനസീറിനെ കുറിച്ച് പുതുതലമുറയിലെ നടനായ ടിനിടോം നടത്തിയ അഭിപ്രായപ്രകടനങ്ങൾ വിവാദമായിരുന്നു. നസീറിന് സിനിമ കിട്ടാത്ത കാലമുണ്ടായിരുന്നോ?

സമകാലിക മലയാളം ഡെസ്ക്

സിനിമാ രം​ഗത്ത് പുതിയ വിവാദവും മാപ്പുപറച്ചിലുമൊക്കെയായി മലയാളികളുടെ നിത്യഹരിത നായകൻ നിറഞ്ഞു നിൽക്കുന്ന ദിവസങ്ങളാണ്. പ്രേംനസീർ എന്ന നടൻ മലയാളികളുടെ മനസ്സി​ന്റെ തിരശ്ശീലയിൽ മരണത്തിന് ശേഷം 36 വർഷം കഴിയുമ്പോഴും നിറഞ്ഞു നിൽക്കുന്ന എന്ന തിരിച്ചറിവാണ് ടിനി ടോം എന്ന യുവതാരത്തി​ന്റെ വാക്കുകളിൽ നിന്നുണ്ടായ അബദ്ധം തെളിയിച്ചത്. മലയാള സിനിമ കഴിഞ്ഞ 36 വർഷത്തിനുള്ളിൽ വളരെയധികം മുന്നോട്ട് പോയി. സിനിമയുടെ സാങ്കേതിക വിദ്യയിലും സിനിമയുടെ നിർമ്മാണത്തിലും കഥ, അഭിനയം എന്നിവയിലുമൊക്കെ വളരെയേറെ മാറ്റം വന്നു. ഒട്ടേറെ പുതിയ താരങ്ങൾ എല്ലാമേഖലയിലും വന്നു. അന്നത്തെ സിനിമയിൽ നിന്നും ഇന്നത്തെ സിനിമയും കാഴ്ചയും ആസ്വാദനശീലവുമൊക്കെ ഒട്ടേറെ മാറി.

സിനിമയുടെ ചരിത്രത്തിലെ 1951 മുതൽ 18988 വരെയുള്ള കാലയളവിൽ പ്രേം നസീർ എന്ന നടൻ 781 സിനിമകളിൽ നായകനായി. അതിൽ മലയാളത്തിൽമാത്രം 672 സിനിമകൾ. 56 തമിഴ് സിനിമകൾ. 21 തെലുങ്ക് സിനിമകൾ. 32 കന്നഡ സിനിമകളിലും അഭിനയിച്ചു. പക്ഷേ ആളുകളുടെ ഓ‍‍ർമ്മകളിൽ നിന്നും മായാത്ത പഴയ താരങ്ങൾ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ള താരങ്ങളിൽ ആദ്യസ്ഥാനത്തു നിൽക്കുന്ന നടനാണ് പ്രേംനസീർഅതുകൊണ്ട് തന്നെ പ്രേംനസീറിനെ കുറിച്ച് ടിനിടോം എന്ന താരം പറഞ്ഞ കാര്യങ്ങൾ വിവാദമായതും.

പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ചാണെന്ന് ടിനി ടോം അഭിപ്രായപ്പെട്ടത്. സിനിമയും സ്റ്റാര്‍ഡവും നഷ്ടപ്പെട്ട പ്രേം നസീര്‍ അവസാന കാലത്ത് ദിവസവും ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയുമായിരുന്നുവെന്നാണ് ടിനി ടോം അഭിമുഖത്തിൽ പറയുന്നു. ഒരു യൂട്യൂബ് ചാനലിലാണ് ടിനി ടോം ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ടിനി ടോം നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ സിനിമ മേഖലയിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് ഉയർന്നു. സംവിധായകൻ എം എ നിഷാദ്, നടൻ മണിയൻപിള്ള രാജു, ഡബ്ബിങ് ആ‍ർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ ടിനി ടോമി​ന്റെ അഭിപ്രായപ്രകടനത്തെ വിമർശിച്ച് രം​ഗത്തു വന്നു. അതോടെ ഒരു സീനിയർ നടൻ പറഞ്ഞതിനെ തുടർന്നാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് എന്ന് അവകാശപ്പെട്ട അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

ഇങ്ങനെ അഭിപ്രായപ്രകടനം ആരെങ്കിലും പറയുന്നത് കേട്ട് നടത്തുന്നതിന് മുമ്പ് ടിനി ടോം ഒന്ന് കൈവശമുണ്ടായിരുന്ന ഫോണെടുത്ത് നോക്കിയാൽ ​കിട്ടുമായിരുന്നു ആ ചരിത്രം എന്നാണ് സിനിമാ മേഖലയിലുള്ളവർ പറയുന്നത്. പ്രേം നസീർ മരിക്കുന്നത് 1989 ജനുവരിയിലാണ്. അന്ന് ടിനിടോമിന് 13 വയസ്സായിരിന്നുവെന്നാണ് വിക്കി പീഡിയ പറയുന്നത്. അന്നത്തെ കാര്യങ്ങൾ അദ്ദേഹത്തിന് ഓ‍‍ർമ്മയുണ്ടാകില്ല. എന്നാൽ, പ്രേംനസീർ അഭിനയിച്ച സിനിമകൾ പലതും ഇപ്പോഴും ടെലിവിഷനിലും മറ്റും വരുന്നുണ്ട്. പലതും യു ട്യൂബിലും ലഭ്യമാണ്. മിക്കവാറും എല്ലാ സിനിമകളെ കുറിച്ചുള്ള വിവരവും വിവിധ വെബ് സൈറ്റുകളിലായി കാണാൻ കഴിയും.

പ്രേം നസീറിന് സിനിമയും സ്റ്റാ‍ർഡമും നഷ്ടപ്പെട്ട വിഷമിച്ചിരുന്നുവെനന്ന് പറയുന്നവർ അദ്ദേഹത്തി​ന്റെ മരണശേഷവും അദ്ദേഹം അഭിനയിച്ച സിനിമ​കൾ റിലീസ് ചെയ്തിരുന്നുവെന്ന് അറിയണം. അദ്ദേഹം അവസാനം അഭിനയിച്ച സിനിമ 'ധ്വനി' എന്ന ചിത്രമാണ്. ആ ചിത്രം പൂർത്തിയാകുന്നത് 1988 അവസാനമാണ്. 1998 ഡിസംബർ 25 നാണ് 'ധ്വനി' തിയേറ്ററുകളിലെത്തുന്നത്. ക്രിസ്മസ് റിലീസ് ആയിരന്നു ആ സിനിമ. അതിൽ പ്രധാന റോളുകളിലൊന്നിലാണ് പ്രേം നസീർ അഭിനയിച്ചത്. ജയറാമായിരുന്നു അതിലെ മറ്റൊരു പ്രധാന വേഷം. തൊട്ടടുത്ത മാസമാണ് അദ്ദേഹം നിര്യാതനായത്. ധ്വനി റിലീസ് ചെയ്ത് 21 ദിവസമാകുമ്പോഴാണ് അദ്ദേഹം ജീവിതത്തിൽ നിന്നും വിടവാങ്ങിയത്. 1989 ജനുവരിയിൽ പ്രേം നസീർ നിര്യാതനായി എട്ട് മാസം കഴിഞ്ഞപ്പോഴാണ് 1989 സെപ്തംബറിൽ അദ്ദേഹവും മോഹൻലാലും ചേർന്ന് അഭിനയിച്ച ലാൽ അമേരിക്കയിൽ എന്ന സിനിമ റിലീസ് ചെയ്തത്. ഓണത്തിന് അനുബന്ധമായിരുന്നു ഈ റിലീസ്. അടുത്ത വർഷം 1990 ഏപ്രിലിൽ ആണ് അദ്ദേഹവും മോഹൻലാലും പ്രധാന റോളുകളിലെത്തിയ കടത്തനാടൻ അമ്പാടി തിയേറ്ററുകളിലെത്തിയത്. വിഷു റിലീസ് ആയിരുന്നു ഈ ചിത്രം. അതായത് മരണശേഷവും അദ്ദേഹം അഭിനയിച്ച സിനിമകൾ റിലീസ് ചെയ്തുകൊണ്ടിരുന്നു. അതായത് സിനിമ ഇല്ലാത്ത ബുദ്ധിമുട്ട് അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

മലയാള സിനിമയിൽ പ്രേംനസീറി​ന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് 1952 ലാണ്. അദ്ദേഹത്തി​ന്റെ മരണം വരെയുള്ള നാല് പതിറ്റാണ്ടോളം നീണ്ട കാലത്തിനിടയിൽ 1987ൽ മാത്രമാണ് അദ്ദേഹത്തി​ന്റെ ചിത്രങ്ങളൊന്നും റിലീസ് ചെയ്തതായി കാണാൻ സാധിക്കാത്തത്. നസീർ മലയാള സിനിമയിൽ തിളങ്ങി നിന്ന കാലത്തും അദ്ദേഹം കുറച്ച് ചിത്രങ്ങൾ മാത്രം ചെയ്ത സമയമുണ്ട്. അദ്ദേഹം ഏറ്റവും കുറവ് ചിത്രങ്ങൾ ചെയ്തത് മൂന്ന് വർഷങ്ങളിലാണ്.

1953 ൽ പൊൻകതി‍ർ, 1959 സഹോദരി (ഇത് മലയാളം സിനിമയല്ല, ഭീം സിങ് സംവിധാനം ചെയ്ത തമിഴ് ചിത്രമായിരന്നു- മാത്രമല്ല, 1959 ൽ അദ്ദേഹത്തി​ന്റേതായ മലയാള ചലച്ചിത്രങ്ങളൊന്നും തന്നെ റിലീസ് ചെയ്തതായി സമകാലിക മലയാളത്തിന് ലഭ്യമായ രേഖകളിൽ കാണാൻ സാധിച്ചിട്ടുമില്ല.) പിന്നീട് 1986ൽ അയൽവാസി ഒരു ദരിദ്രവാസി എന്ന ചിത്രം റിലീസ് ചെയ്തു ഈ മൂന്ന് ഘട്ടങ്ങളിലും അദ്ദേഹം വളരെ സജീവമായി സിനിമയിലുണ്ടായിരുന്ന കാലമാണ്. അഭിനയിച്ച പല ചിത്രങ്ങളും അതേ വർഷം തന്നെ പുറത്തിറങ്ങണമെന്നില്ല എന്നത് ഇതിന് കാരണായിരിക്കാം. അദ്ദേഹത്തി​ന്റെ മരണശേഷവും അദ്ദേഹം അഭിനയിച്ച സിനികമൾ പുറത്തിറങ്ങി എന്നത് ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്.

പ്രേം നസീ‍ർ 1988 ആകുമ്പോൾ അഭിനയത്തെ കുറിച്ചുള്ള ത​ന്റെ സമീപനത്തെ കുറിച്ച് വ്യക്തമാക്കിയത് മുതിർന്ന മാധ്യമപ്രവർത്തകനായ രവിമേനോൻ ഒരു ലേഖനത്തിൽ ഈ വർഷം ജനുവരിയിൽ എഴുതിരുന്നു. പ്രേം നസീറി​ന്റെ ചരമവാർഷിക ദിനത്തിൽ മാതൃഭൂമിയിൽ പ്രസീദ്ധീകരിച്ച ആ ലേഖനത്തിൽ എഴുതുന്നത് ഇങ്ങനെയാണ് - തമാശയാണ് എന്ന് വിചാരിച്ചോ മിസ്റ്റര്‍ മേനോന്‍? ഞാന്‍ സീരിയസ് ആയി പറഞ്ഞതാണ്. ധ്വനി ഷൂട്ടിങ് കഴിഞ്ഞു തിരിച്ചുപോയ ശേഷം ഒന്നുകൂടി കോഴിക്കോട്ട് വരേണ്ട കാര്യമുണ്ട്. കൊച്ചി വരെ ഫ്ലൈറ്റില്‍ വന്ന ശേഷം ഇങ്ങോട്ട് കാറില്‍ വരാമല്ലോ. വഴിക്ക് നിങ്ങളുടെ വീട്ടില്‍ കയറുകയും ചെയ്യാം.' ഒന്ന് നിര്‍ത്തിയ ശേഷം നിത്യഹരിതനായകന്‍ പറഞ്ഞു: 'എനിക്കിപ്പോള്‍ സ്‌പെയര്‍ ടൈം ധാരാളമുണ്ട്. പഴയ പോലെ ഓടിനടന്ന് അഭിനയിക്കുന്നില്ലല്ലോ.. എന്തായാലും അഡ്രസ് തരൂ.'' എന്നാണ്.

അതായത്, സിനിമയും സ്റ്റാര്‍ഡവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നില്ല പ്രേം നസീര്‍ ഒരു കാലത്തും. നസീ‍ർ തിളങ്ങി നിന്ന കാലത്തുമുണ്ടായിരുന്നു മലയാളത്തിൽ അദ്ദേഹത്തി​ന്റെ ഒരു സിനിമ പോലും ഇറങ്ങാത്ത വർഷം എന്ന് അദ്ദേഹത്തി​ന്റെ ഫിലിമോ​ഗ്രഫിയിൽ കാണാൻ കഴിയും. എന്നാൽ അദ്ദേഹത്തിന് ഒരിക്കലും സിനിമയക്ക് വേണ്ടി ഒരിടത്തേക്കും പോകേണ്ടി വന്നിരുന്നില്ല, സിനിമ അദ്ദേഹത്തെ തേടി ചെല്ലുകയായിരുന്നു അവസാന നിമിഷം വരെയും എന്നാണ് അക്കാലത്തെ കുറിച്ച് ഓർമ്മയുള്ള സിനിമാ പ്രവർത്തകർ പറയുന്നതും സിനിമയുടെ ചരിത്രം വ്യക്തമാക്കുന്നതും.

Prem Nazir died on the 21st day after the release of his last film dhwani malayalam movie, and two more films were released after his death. filmography and fact check of Evergreen hero in malayalam film

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT