വെള്ളിയാഴ്ചയാണ് കർക്കടകം ഒന്ന്. ഓഗസ്റ്റ് 12നാണ് കർക്കടക വാവ് വരുന്നത്. വിദേശ രാജ്യങ്ങളിൽ കഴിയുന്നവരിലും അന്യനാടുകളിൽ കഴിയുന്നവരിലും പലർക്കും ബലി ഇടാൻ നാട്ടിൽ എത്താൻ കഴിയാറില്ല. പിതൃക്കളുടെ മോഷത്തിനായി ബലി ഇടാൻ കഴിയാത്തത് പലർക്കും വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. അവരവർക്ക് തന്നെ വീട്ടിലിരുന്ന് ബലി ഇടാനുള്ള മാർഗ്ഗം ആണ് ഇവിടെ നിർദ്ദേശിക്കുന്നത്.
കർക്കടക വാവിനോടനുബന്ധിച്ച് പിതൃസ്മരണയ്ക്കും പിതൃതർപ്പണത്തിനും വലിയ പ്രാധാന്യമുണ്ട്. തീർത്ഥാടനകേന്ദ്രങ്ങളിൽ പോയി ബലിയിടാൻ സാധിക്കാത്തവർക്ക് വീട്ടിൽത്തന്നെ ഭക്തിപൂർവം ബലിയിടാം. ശാസ്ത്രവിധികൾ പരമാവധി പാലിച്ച് ആത്മാർത്ഥതയോടെയും വിശ്വാസത്തോടെയും ചെയ്യുന്ന ബലിയാണ് പ്രധാനമെന്ന് ആചാരഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു.
ബലിയിടുന്നതിന് മുമ്പ്
ബലിയിടുന്നയാൾ തലേദിവസം ഒരിക്കൽ മാത്രം ഭക്ഷണം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നത് ഉചിതമാണ്. മനസ്സും ശരീരവും ശുദ്ധമായി സൂക്ഷിച്ച് പിറ്റേദിവസം രാവിലെ കുളിച്ച് ഈറനോടെ തറ്റുടുത്ത് ചടങ്ങിന് തയ്യാറാകണം.
ആവശ്യമായ സാധനങ്ങൾ:-
നിലവിളക്ക്
രണ്ട് നാക്കിലകൾ
ഉണക്കലരി
എള്ള്
തുളസി, ചെറൂള തുടങ്ങിയ പൂക്കൾ
ചന്ദനം
ദർഭപ്പുല്ല് അല്ലെങ്കിൽ കറുകപ്പുല്ല്, വെള്ളം നിറച്ച കിണ്ടി, ദർഭപ്പുല്ലുകൊണ്ടുള്ള പവിത്രം
കർക്കടക വാവിൽ ബലിയിടുമ്പോൾ വേവിച്ച ചോറ് (കവ്യം, ഹവിസ്സ്) നിർബന്ധമല്ല. ഉണക്കലരി ഉപയോഗിച്ചാൽ മതിയാകും.
ചടങ്ങ് ആരംഭിക്കുന്ന വിധം
പൂജാസ്ഥലം വൃത്തിയാക്കി തളിച്ചുമെഴുകണം. നിലവിളക്ക് കിഴക്ക്–പടിഞ്ഞാറ് തിരിയിട്ട് തെളിയിക്കണം. പുരുഷന്മാർ തെക്കോട്ടും സ്ത്രീകൾ കിഴ ക്കോട്ടും അഭിമുഖമായി ഇരിക്കണം. വലതുകൈയിലെ മോതിരവിരലിൽ ദർഭപ്പുല്ലു കൊണ്ടുള്ള പവിത്രം ധരിക്കണം.
കിണ്ടിയിലെ വെള്ളം വിശുദ്ധമാക്കുന്നതിനായി സപ്തനദികളെ ധ്യാനിച്ച് താഴെ പറയുന്ന ശ്ലോകം ജപിക്കണം.
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേസ്മിൻ സന്നിധിം കുരു॥
ഈ ശ്ലോകം ജപിച്ചശേഷം വെള്ളം ശിരസ്സിലും കണ്ണുകളിലും പാദങ്ങളിലും സ്പർശിച്ച് ശരീര ശുദ്ധി വരുത്തണം. കാശിയിൽ ഇരുന്ന് തർപ്പണം ചെയ്യുന്നുവെന്ന സങ്കൽപ്പത്തോടെയാണ് ഈ ചടങ്ങ് നിർവഹിക്കുന്നത്.
ഗണപതി പൂജ
ആദ്യം ഗണപതിയെ ധ്യാനിച്ച്
ഓം ഗം ഗണപതയേ നമഃ
എന്ന മന്ത്രം ജപിച്ച് പൂവ് സമർപ്പിക്കണം. എല്ലാ വിഘ്നങ്ങളും അകന്ന് ചടങ്ങ് നിർവിഘ്നമായി പൂർത്തിയാകാൻ ഗണപതിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണം.
പിതൃ ആവാഹനം
ദർഭപ്പുല്ല് വെള്ളത്തിൽ മുക്കി കൈയിൽ പിടിച്ച് പിതൃലോകത്തുനിന്ന് വംശപിതൃക്കളെ മനസ്സിൽ ധ്യാനിച്ച് നാക്കിലയിൽ വിരിച്ചുവയ്ക്കണം. തുടർന്ന് എള്ള്, പൂവ്, ചന്ദനം, വെള്ളം എന്നിവ ചേർത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് അഭിവാദയേ എന്ന് ഉച്ചരിച്ച് മൂന്നു പ്രാവശ്യം സമർപ്പണം നടത്തണം.
ആദ്യ സമർപ്പണം – സ്ഥലശുദ്ധി പ്രായശ്ചിത്തം
രണ്ടാം സമർപ്പണം – കർമശുദ്ധി പ്രായശ്ചിത്തം
മൂന്നാം സമർപ്പണം – ദേഹശുദ്ധി പ്രായശ്ചിത്തം
ദർഭത്തിന്റെ തല, നടുഭാഗം, പാദഭാഗം എന്നിവ പിതൃദേഹത്തിന്റെ പ്രതീകമായാണ് സങ്കൽപ്പിക്കുന്നത്.
ഏകോധിഷ്ഠ പ്രായശ്ചിത്തം
ദർഭത്തിന്റെ വലതുഭാഗത്ത് തുളസിയും പൂവും വെച്ചശേഷം എള്ള്, പൂവ്, ചന്ദനം, വെള്ളം എന്നിവ ചേർത്ത് ഏകോധിഷ്ഠ പ്രായശ്ചിത്തം ഇദം ഓം തത്സത് എന്ന മന്ത്രം ജപിച്ച് സമർപ്പിക്കണം. തുടർന്ന് മൂന്ന് പ്രാവശ്യം നീർ നൽകി ആരാധിക്കണം.
വിശ്വദേവതാ പൂജ
അശ്വിനീദേവന്മാരെ ധ്യാനിച്ച് വിശ്വദേവതകൾക്ക് അക്ഷതപിണ്ഡം സമർപ്പിക്കണം. എള്ള്, ചന്ദനം, പൂവ് എന്നിവ സമർപ്പിച്ച് നീർ നൽകണം.
ഉച്ഛിഷ്ടബലി
വീണ്ടും എള്ള്, പൂവ്, ചന്ദനം, വെള്ളം എന്നിവ ചേർത്ത് വംശപിതൃക്കൾക്ക് ഉച്ഛിഷ്ടബലി സങ്കൽപ്പിച്ച് സമർപ്പിക്കണം. അവസാനമായി ഇരുകൈകളിലും എള്ളും പൂവും ചന്ദനവും വെള്ളവും എടുത്ത് ഹൃദയത്തോട് ചേർത്ത് ഏതൻ മേ നാന്ദീമുഖ ശ്രാദ്ധം വിശ്വഭ്യോ ദേവേഭ്യഃ പിതൃപിതാമഹേഭ്യഃ പ്രപിതാമഹേഭ്യഃ ഓം തത്സത് സർവദോഷ പരിഹാരാർത്ഥേ എന്ന മന്ത്രം ജപിച്ച് ദർഭത്തിന്റെ പാദഭാഗത്ത് സമർപ്പിക്കണം.
പിണ്ഡ സമർപ്പണം
ഇലയിലുള്ള ഉണക്കലരിയും എള്ളും നനച്ച് രണ്ട് കൈകളിലും എടുത്ത് പിതൃക്കളെ മനസ്സിൽ ധ്യാനിച്ച് അമാവാസി പിണ്ഡം ദർഭത്തിന്റെ നടുഭാഗത്ത് സമർപ്പിക്കണം. തുടർന്ന് നീർ നൽകി ആരാധിക്കണം. ശേഷം ഇല കുമ്പിളാക്കി വെള്ളം പകർന്ന് പിണ്ഡത്തിന് ചുറ്റും മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് ഇല കമിഴ്ത്തി വയ്ക്കണം.
ചടങ്ങിന്റെ സമാപനം
പവിത്രം അഴിച്ച് ഇലയുടെ ചുവട്ടിൽ വയ്ക്കുക. വെള്ളം തളിച്ച് ഇല നിവർത്തി അതിലെ പൂവ് വാസനിച്ച് പിന്നിലേക്ക് ഇടണം. തുടർന്ന് കിഴക്കോട്ട് അഭിമുഖമായി നിന്ന് കാശി –ഗയ സങ്കൽപ്പത്തോടെ വംശപിതൃക്കളെ പ്രാർത്ഥിക്കണം. പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും സ്ത്രീകൾ മുട്ടുകുത്തി നമസ്കാരവും ചെയ്യണം. ശേഷം പിണ്ഡത്തിലേക്ക് മൂന്ന് പ്രാവശ്യം നീർ നൽകി നാരായണനാമം ജപിച്ച് പ്രാർത്ഥിക്കണം. ചടങ്ങ് കഴിഞ്ഞാൽ വാവ് ഊട്ടിയ അരിയിൽ നിന്ന് രണ്ട് മണി അരി കിണറ്റിൽ ഇടുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. തുടർന്ന് കുളിച്ച് ഭസ്മം ധരിച്ച് തറവാട്ടിലെ ധർമ്മദൈവത്തെ പ്രാർത്ഥിക്കണം. സാധിക്കുന്നവർ ക്ഷേത്രത്തിൽ തിലഹോമം, സായുജ്യപൂജ, പിതൃശാന്തി പൂജ എന്നിവ നടത്തുന്നത് കൂടുതൽ ശ്രേയസ്കരമാണെന്ന് ആചാരപരമായി വിശ്വസിക്കപ്പെടുന്നു. പിതൃസ്മരണ ഭയത്തിന്റെ ആചാരമല്ല. നന്ദിയുടെയും കടപ്പാടിന്റെയും ആത്മീയ പ്രകടനമാണ്. ആത്മാർത്ഥമായ ഭക്തിയും ശുദ്ധമായ മനസ്സുമാണ് ബലിയിലെ ഏറ്റവും പ്രധാന സമർപ്പണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates