

ഇ20 പെട്രോള്‍ ഉപയോഗിച്ചതിന് ശേഷം തന്റെ ബെന്‍സ് കാറിന്റെ മൈലേജ് കുത്തനെ ഇടിഞ്ഞുവെന്ന പ്രമുഖ ഇന്ത്യന്‍ ലൈഫ്‌സ്‌റ്റൈല്‍ വ്‌ലോഗറായ സൗരവ് ജോഷിയുടെ അവകാശവാദം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ ആഡംബര വാഹനമായ ബെന്‍സ് ജിഎല്‍സി എസ് യുവിയുടെ മൈലേജ് 16-17 കിലോമീറ്ററില്‍ നിന്ന് വെറും അഞ്ചു കിലോമീറ്ററായി ഇടിഞ്ഞുവെന്നാണ് സൗരവ് ജോഷി വിഡിയോയിലൂടെ അവകാശപ്പെട്ടത്. സര്‍ക്കാര്‍ നിര്‍ദേശിച്ച ഇ20 (20 ശതമാനം എഥനോള്‍ കലര്‍ന്ന) പെട്രോളാണ് ഇതിന് കാരണമെന്നും ജോഷി വിഡിയോയില്‍ ആരോപിക്കുന്നുണ്ട്. എന്‍ജിന് കേടുപാടുകള്‍ സംഭവിക്കുമോ എന്ന ആശങ്ക പങ്കുവെച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ വീഡിയോ അതിവേഗമാണ് വൈറലായത്.
എന്നാല്‍ കൃത്യമായ സാങ്കേതിക പരിശോധനകള്‍ ഇല്ലാതെ പരസ്യ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം മെക്കാനിക്കല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ നേരിട്ട് രംഗത്തെത്തുകയും കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്തു. തങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ആധുനിക വാഹനങ്ങളും ഇ20 ഇന്ധനവുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. 'മെഴ്‌സിഡേസ് ബെന്‍സിനെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ സുരക്ഷ, വാഹനത്തിന്റെ വിശ്വാസ്യത, പ്രകടനം എന്നിവയ്ക്കാണ് പരമപ്രധാനം. മെഴ്‌സിഡസ് ബെന്‍സിന്റെ എല്ലാ ബിഎസ് VI (BS VI) പെട്രോള്‍ വാഹനങ്ങളും ഇ20 ഇന്ധനം ഉപയോഗിക്കാന്‍ അനുയോജ്യമായവയും ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയവയുമാണ്. സാങ്കേതികപരമായ സംശയങ്ങള്‍ക്ക് ഉപഭോക്താക്കളെ സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സുസ്ഥിരമായ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കമ്പനി എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.'- പ്രസ്താവനയില്‍ പറയുന്നു.
ഇന്ധനം നിറച്ചതിന് തൊട്ടുപിന്നാലെ മൈലേജ് കുത്തനെ കുറഞ്ഞതായി കാണിക്കാന്‍ ജോഷി തന്റെ എസ്യുവിയുടെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വീഡിയോയില്‍ കാണിച്ചിരുന്നു. മൈലേജ് 17-ല്‍ നിന്ന് 5 ആയി കുറയുന്നത് തീര്‍ച്ചയായും ആശങ്കാജനകമാണെങ്കിലും ഇത് പൂര്‍ണ്ണമായും ഇ20 എഥനോള്‍ പ്രശ്‌നം ആണെന്ന് വിലയിരുത്തുന്നത് സാങ്കേതികമായി തെറ്റാണെന്നും വിദഗ്ധര്‍ പറയുന്നു.
ആധുനിക വാഹനങ്ങളില്‍ മൈലേജ് എന്നത് ഇലക്ട്രോണിക് സെന്‍സറുകള്‍, ഡ്രൈവിങ് രീതികള്‍, വാഹനം നിര്‍ത്താതെയുള്ള എന്‍ജിന്‍ പ്രവര്‍ത്തനം, അന്തരീക്ഷ സാഹചര്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായ എന്‍ജിന്‍ പരിശോധനയോ, ഇന്ധന സാമ്പിള്‍ പരിശോധനയോ, നടത്താതെ വെറും ഡാഷ്ബോര്‍ഡ് റീഡിങ്ങിനെ മാത്രം ആശ്രയിച്ച് വാഹനം തകരാറിലാണെന്നോ ഇന്ധനത്തിന്റെ ഗുണനിലവാരമില്ലായ്മയാണെന്നോ ഉറപ്പിച്ചു പറയുന്നത് ശാസ്ത്രീയമല്ല. കൃത്യമായ സാങ്കേതിക പരിശോധന ഇല്ലാതെ ഇ20 പോലുള്ള പുതിയ ഇന്ധന നയങ്ങളെ കുറ്റപ്പെടുത്തുന്നത് മറ്റ് വാഹന ഉടമകള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തി പരത്താന്‍ മാത്രമേ ഉപകരിക്കൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ശുദ്ധമായ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊര്‍ജ്ജ സാന്ദ്രത കുറവാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍, ഇ20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളുടെ മൈലേജില്‍ 1.5% മുതല്‍ 3% വരെയുള്ള ചെറിയ കുറവ് മാത്രമാണ് സംഭവിക്കാറ്. എന്നാല്‍ 17ല്‍ നിന്ന് 5 കിലോമീറ്ററിലേക്ക് മൈലേജ് കുറയുക എന്നത് 70 ശതമാനത്തോളം ഇടിവാണ് കാണിക്കുന്നത്. ഇത്രയും വലിയൊരു കുറവ് ഉണ്ടാകുന്നത് ഇ20 പെട്രോളിന്റെ രാസഘടന കൊണ്ടല്ല. മറിച്ച് ഗുരുതരമായ മെക്കാനിക്കല്‍/സെന്‍സര്‍ തകരാറുകള്‍ കൊണ്ടോ, ഇന്ധനത്തില്‍ വെള്ളം കലര്‍ന്നത് പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ വാഹനം ദീര്‍ഘനേരം സ്റ്റാര്‍ട്ട് ചെയ്ത് ഒരേ സ്ഥലത്ത് നിര്‍ത്തിയിട്ടത് കൊണ്ടോ ആയിരിക്കാമെന്നും വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates