TVS Orbiter Electric Scooter  image credit: TVS
Automobile

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക!

സ്‌കൂട്ടര്‍ അല്ലെങ്കില്‍ ബൈക്ക് ഏത് വാങ്ങണമെന്ന ചോദ്യം ഉയരുമ്പോള്‍ ഭൂരിഭാഗം ആളുകളുടെയും മനസിലേക്ക് ആദ്യം വരിക ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്താലോ അല്ലെങ്കില്‍ ഇലക്ട്രിക് ബൈക്ക് വാങ്ങിയാലോ എന്ന ഉത്തരമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സ്‌കൂട്ടര്‍ അല്ലെങ്കില്‍ ബൈക്ക് ഏത് വാങ്ങണമെന്ന ചോദ്യം ഉയരുമ്പോള്‍ ഭൂരിഭാഗം ആളുകളുടെയും മനസിലേക്ക് ആദ്യം വരിക ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്താലോ അല്ലെങ്കില്‍ ഇലക്ട്രിക് ബൈക്ക് വാങ്ങിയാലോ എന്ന ഉത്തരമാണ്. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍/ ബൈക്ക് വിപണി അതിവേഗമാണ് വളരുന്നത്. കൂടുതല്‍ സാധ്യത മുന്നില്‍ കണ്ട് മത്സരരംഗത്തേയ്ക്ക് നിരവധി കമ്പനികള്‍ വന്നതോടെ വില്‍പ്പന കൂടിയിരിക്കുകയാണ്. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍/ ബൈക്ക് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഉദ്ദേശം

ആദ്യം എന്തിനാണ് ഇലക്ട്രിക് വാഹനം വാങ്ങുന്നത് എന്ന കാര്യത്തില്‍ വ്യക്ത വേണം. ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളായി തിരിക്കാം. വാണിജ്യ ആവശ്യങ്ങള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രധാനമായും സ്റ്റോറേജ് സ്‌പേസിനും ഭാരം വഹിക്കാനുള്ള ശേഷിക്കുമായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക. ബി2ബി വിഭാഗത്തിലെ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഈ മോഡലുകള്‍ക്ക് വില കുറവായിരിക്കും. എന്നാല്‍ ഇവയില്‍ അടിസ്ഥാനപരമായ ഫീച്ചറുകള്‍ മാത്രമാണ് ഉണ്ടാവുക. ഇവ കുറഞ്ഞ വേഗതയുള്ള മോഡലുകളാണ്. ഹീറോ ഇലക്ട്രിക് അടക്കമുള്ള ബ്രാന്‍ഡുകള്‍ വാണിജ്യ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളും മോട്ടോര്‍സൈക്കിളുകളും ലോ- സ്പീഡ്, ഹൈ- സ്പീഡ് എന്നി രണ്ടു ഫോര്‍മാറ്റുകളിലും ലഭ്യമാണ്. ലോ- സ്പീഡ് മോഡലുകള്‍ക്ക് വില വളരെ കുറവാണെങ്കിലും നഗരത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ അനുയോജ്യമായവയാണ്. അടിസ്ഥാന ഫീച്ചറുകള്‍ മാത്രമേ ഉള്ളൂ. ലൈസന്‍സ് ഇല്ലാതെയും ഇവ ഓടിക്കാം. പ്രീമിയം വിഭാഗത്തില്‍ വരുന്ന ഹൈ സ്പീഡ് ഇലക്ട്രിക് ടൂ വീലറുകള്‍ മികച്ച ഫീച്ചറുകള്‍, മതിയായ സ്റ്റോറേജ്, ആകര്‍ഷകമായ ഫിനിഷ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

ദൂരപരിധിയും വേഗവും

ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് 80-100 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇത് ദിവസേന ചാര്‍ജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സഹായിക്കും. ലോ- സ്പീഡ് ഇവികള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അവയുടെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫ്‌ലൈഓവറുകള്‍ ഉള്ള ഒരു നഗരത്തില്‍ ഇത് ഒട്ടും പ്രായോഗികമല്ല. ഇവിടെ ഹൈ- സ്പീഡ് മോഡലുകള്‍ വേണ്ടി വരും. ഇവ മികച്ച മൈലേജും വേഗതയും വാഗ്ദാനം ചെയ്യുന്നു.

ചാര്‍ജിങ് സൗകര്യം

നിലവില്‍ കമ്പനികള്‍ സ്വാപ്പ് ചെയ്യാവുന്ന, റിമൂവ് ചെയ്യാവുന്ന, ഫിക്‌സഡ് എന്നിങ്ങനെ വ്യത്യസ്ത തരം ബാറ്ററികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബൗണ്‍സ് ഇന്‍ഫിനിറ്റി പോലുള്ള ബ്രാന്‍ഡുകള്‍ തങ്ങളുടെ ഇ1- ഇലക്ട്രിക് സ്‌കൂട്ടറിനായി സ്വാപ്പ് സ്റ്റേഷനുകളില്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സേവനം സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ നല്‍കുന്നുണ്ട്. തീര്‍ന്ന ബാറ്ററിക്ക് പകരം ചാര്‍ജ് ചെയ്ത ബാറ്ററി സ്റ്റേഷനില്‍ നിന്ന് മാറ്റിയെടുക്കാം.

റിമൂവബിള്‍ ബാറ്ററികള്‍ വീടുകളിലോ ഓഫീസുകളിലോ പാര്‍ക്കിങ് സ്ഥലങ്ങളിലോ കൊണ്ടുപോയി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെങ്കിലും കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടാണ്. ഫിക്‌സഡ് ബാറ്ററിയുള്ള സ്‌കൂട്ടറുകള്‍ ചാര്‍ജ് ചെയ്യാന്‍ കൃത്യമായ പാര്‍ക്കിങ് സ്ഥലം ആവശ്യമാണ്.

സബ്‌സിഡിയും വിലയും

വാങ്ങുന്ന വാഹനം എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച് വില 50,000 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ വ്യത്യാസപ്പെടാം. ഹീറോ ഇലക്ട്രിക് ഒപ്റ്റിമ, ഒകിനാവ ആര്‍30 പോലുള്ള ലോ സ്പീഡ് മോഡലുകള്‍ക്ക് ഏകദേശം 60000 രൂപയാണ് വില വരിക. അതേസമയം ഏഥറിന്റെയും ടിവിഎസിന്റെയും ഒലയുടെയും ബജാജിന്റെയും ചില മോഡലുകള്‍ക്ക് ഒരു ലക്ഷത്തിന് മുകളിലാണ് വില വരുന്നത്. ഈ വിലകളില്‍ സ്‌റ്റേറ്റ് സബ്‌സിഡികളും ഉള്‍പ്പെടുന്നുണ്ട്.

ആഫ്റ്റര്‍ സെയില്‍സ് സേവനം

ബ്രേക്ക് പാഡുകളും ടയറുകളും മാത്രമാണ് ഇവയില്‍ പ്രധാനമായും മാറ്റേണ്ട സാധനങ്ങള്‍ എന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആഫ്റ്റര്‍ സെയില്‍സ് സേവനങ്ങള്‍ വളരെ കുറവാണ്. ഒരു നിശ്ചിത കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാലോ നിശ്ചിത കാലയളവിന് ശേഷമോ ബാറ്ററി മാറ്റേണ്ടി വന്നേക്കാം. അതിനാല്‍ സര്‍വീസ് സെന്ററുകളെ കുറിച്ചും ഇ- സ്‌കൂട്ടര്‍ എപ്പോഴൊക്കെ പരിശോധനയ്ക്ക് വിധേയമാക്കണം എന്നതിനെ കുറിച്ചും കൃത്യമായി മനസിലാക്കിയിരിക്കണം.

5 things to remember before buying an electric scooter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതൊക്കെ മറക്കണോ?; ബാക്കി പിന്നെ'; പിണറായി അനുകൂല നിലപാടിനെതിരെ സിആര്‍ മഹേഷ്

പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ഇടത്ത് യെല്ലോ

ആറായിരം കിലോമീറ്റര്‍ വരെ ഓയില്‍ മാറ്റേണ്ടതില്ല, പാനിക് ബ്രേക്ക് അലര്‍ട്ട്; ഹീറോ എക്‌സ്ട്രീം 160ആര്‍ 4വി 2026 വിപണിയില്‍

പരസ്യമായി മാപ്പുപറയണം ; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ സണ്ണി ജോസഫിന് വക്കീല്‍ നോട്ടീസ്