മുംബൈ: സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്‌ലെക്‌സ് ഫ്യുവലിന് പുറമേ എഥനോളില്‍ ഓടുന്ന മറ്റൊരു ബൈക്ക് കൂടി പുറത്തിറക്കി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. എച്ച്എഫ് ഡീലക്‌സ് ബൈക്കിന്റെ ഫ്‌ലെക്‌സ് ഫ്യുവല്‍ വകഭേദമാണ് കമ്പനി ലോഞ്ച് ചെയ്തത്. 72,792 രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില.
85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ E85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ രീതിയില്‍ നിരവധി മാറ്റങ്ങളാണ് ഈ ബൈക്കില്‍ വരുത്തിയിട്ടുള്ളത്. 72,792 രൂപ വിലവരുന്ന ഈ ഫ്‌ലെക്‌സ് ഫ്യുവല്‍ വകഭേദത്തിന്, അടിസ്ഥാന എച്ച്എഫ് ഡീലക്‌സ് മോഡലിനേക്കാള്‍ 13,315 രൂപയും എച്ച്എഫ് ഡീലക്‌സ് പ്രോ മോഡലിനേക്കാള്‍ 172 രൂപയും വില കൂടുതലുണ്ട്.
നിലവിലുള്ള 97.2cc, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് 8.4bhp കരുത്തും 8.3Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. E85 ഇന്ധനവുമായി പൊരുത്തപ്പെടുന്നതിനായി ഇതില്‍ പരിഷ്‌കരിച്ച ECUവും അപ്‌ഗ്രേഡ് ചെയ്ത ഫ്യുവല്‍ സിസ്റ്റം ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എച്ച്എഫ് ഡീലക്‌സ് ശ്രേണിയിലെ മറ്റ് മോഡലുകളില്‍ നിന്ന് ഇതിനെ വേറിട്ടു നിര്‍ത്താന്‍, ഹീറോ ഇതിന് ലൈം യെല്ലോ ഗ്രാഫിക്‌സോടു കൂടിയ പ്രത്യേക ബ്ലാക്ക് കളര്‍ സ്‌കീം നല്‍കിയിട്ടുണ്ട്. കൂടാതെ ഇതില്‍ പുതിയ ട്വിന്‍-പോഡ് സെമി-ഡിജിറ്റല്‍ കണ്‍സോളും നല്‍കിയിരിക്കുന്നു. ഇതിന്റെ ഒരു പോഡില്‍ അനലോഗ് സ്പീഡോമീറ്ററും മറ്റേതില്‍ ഡിജിറ്റല്‍ ഫ്യുവല്‍ ഗേജുമുണ്ട്. അതോടൊപ്പം സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ് ഫീച്ചറും ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്.
മുകളില്‍ പറഞ്ഞ മാറ്റങ്ങള്‍ ഒഴിച്ചാല്‍, ബൈക്കിന്റെ മെക്കാനിക്കല്‍ വശങ്ങളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇതിലുള്ളത്. ട്യൂബ് ലെസ് ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് ഓടുന്നത്. ബ്രേക്കിങ്ങിനായി ഇരുവശങ്ങളിലും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates