2024 ബഹിരാകാശത്ത് ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ വര്‍ഷം 
Business

2024 ബഹിരാകാശത്ത് ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ വര്‍ഷം, എക്സ്പോസാറ്റ് മുതല്‍ പ്രോബ3 വരെ

സമകാലിക മലയാളം ഡെസ്ക്

ന്ത്യയെ സംബന്ധിച്ച് 2024 ബഹിരാകാശത്ത് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. ഇന്ത്യയുടെ ആകാശ ദൗത്യങ്ങളെ കൂടാതെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി, നാസ ഇങ്ങനെ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് നിര്‍ണായക ചുവടുവെപ്പാണ് ഇന്ത്യന്‍ സ്പേസ് ഏജന്‍സി(ഐഎസ്ആര്‍ഒ) നടത്തിയത്. ഈ വര്‍ഷത്തെ ലോക ബഹിരാകാശ പുരസ്‌കാരമെന്ന അഭിമാന നേട്ടത്തിലും ഐഎസ്ആര്‍ഒ എത്തി. ചന്ദ്രയാന്‍3 ദൗത്യത്തിനായിരുന്നു ഇന്ത്യക്ക് അംഗീകാരം ലഭിച്ചത്. ഇങ്ങനെ ഈ വര്‍ഷം നടപ്പാക്കിയതും പ്രഖ്യാപിച്ചതുമായ നിരവധി നാഴികകല്ലുകള്‍ ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലുണ്ടായി. 2024 ജനുവരി 1ന് എക്സ്പോസാറ്റ് വിക്ഷേപിച്ചത് മുതല്‍ ഡിസംബറിലെ പ്രോബ3 ദൗത്യം വരെ നീളുന്നതാണ് ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ ഐഎസ്ആര്‍ഒയുടെ സംഭാവനകള്‍.

എക്സ്പോസാറ്റ് വിക്ഷേപണം

എക്സ്പോസാറ്റ് വിക്ഷേപണം

2024 പുതുവത്സരദിനത്തില്‍ ജനുവരി 1 ന് പുതിയ ചരിത്രം കുറിച്ചാണ് ഐഎസ്ആര്‍ഒ ഈ വര്‍ഷം തുടങ്ങിയത്. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യയുടെ അഭിമാന വിക്ഷേപണവാഹനമായ പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ(പിഎസ്എല്‍വി) അറുപതാമത് ദൗത്യം വിജയകരമായി നടന്നത്. പിഎസ്എല്‍വി സി58 റോക്കറ്റാണ് എക്സ്പോസാറ്റ് വിക്ഷേപിച്ചത്. എക്സ്റേ തരംഗങ്ങളിലൂടെ തമോഗര്‍ത്തങ്ങളെ കുറിച്ച് പഠിക്കുക എന്നതായിരുന്നു ഈ ഉപഗ്രഹത്തിന്റെ ലക്ഷ്യം. രാജ്യത്തെ ആദ്യ എക്സ്റേ പൊളാരിമെട്രി ഉപഗ്രഹമെന്ന പ്രത്യേകതയും എക്സ്പോസാറ്റിനുണ്ട്. 5 വര്‍ഷം നീളുന്ന ദൗത്യത്തില്‍ ന്യൂട്രോണ്‍ നക്ഷത്രങ്ങളെക്കുറിച്ചും തമോഗര്‍ത്തങ്ങളെ കുറിച്ചും പഠിക്കും.

ആദിത്യഎല്‍1

ആദിത്യഎല്‍1

2023 സെപ്റ്റംബര്‍ 2 ന് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യഎല്‍1 2024 ജനുവരി 6 നാണ് ലക്ഷ്യസ്ഥാനമായ ഹാലോ ഓര്‍ബിറ്റില്‍ എത്തിയത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഹാലോ ഓര്‍ബിറ്റ് സ്ഥിതി ചെയ്യുന്നത്. ഹാലോ ഭ്രമണപഥത്തിലെ സൂര്യന്റെ ചലനങ്ങള്‍, സൗര കൊടുങ്കാറ്റുകള്‍, ബഹിരാകാശത്തെ കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം.

ഇന്‍സാറ്റ്3 ഡിഎസ്

ഇന്‍സാറ്റ്3 ഡിഎസ്

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐഎസ്ആര്‍ഒ നിര്‍മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3ഡി എസ്. 2024 ഫെബ്രുവരി 17 ന് ജിഎസ്എല്‍വി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഒന്നിലധികം പേലോഡുകള്‍ വഹിച്ചാണ് വിക്ഷേപിച്ചത്. കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും. ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.

ഐഎസ്ആര്‍ഒ ക്രയോജനിക്

ഐഎസ്ആര്‍ഒ ക്രയോജനിക്

ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ക്രയോജനിക് എഞ്ചിന്‍ പരീക്ഷണം 2024 ഫെബ്രുവരി 21ന് വിജയകരമായി പൂര്‍ത്തിയാക്കി. മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് ഫെസിലിറ്റിയിലാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉള്‍പ്പെട്ട ക്രയോജനിക് എഞ്ചിന്‍ വിക്ഷേപം ബഹിരാകാശ രംഗത്തെ നിര്‍ണായക വഴിത്തിരിവാകുമെന്ന് ഐഎസ്ആര്‍ഒ എക്സില്‍ പങ്കിട്ട പോസ്റ്റില്‍ പറയുന്നു.

ഗഗന്‍യാന്‍ മിഷന്‍

ഗഗന്‍യാന്‍ മിഷന്‍

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യമാണ് ഗഗന്‍യാന്‍ പദ്ധതി. പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ ആദ്യത്തെ ആളില്ലാ പരീക്ഷണ പേടകത്തിന്റെ നിര്‍മ്മാണം 2024 ഫെബ്രുവരി 22 ന് പൂര്‍ത്തിയായി. പദ്ധതി 2028ലാണ് വിക്ഷേപിക്കുക. 2035ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് കുതിച്ചുയരാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ആസ്ട്രോനോട്ടുകള്‍ക്കുള്ള പരിശീലനവും സമാന്തരമായി നടക്കുന്നുണ്ട്.

ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികള്‍ നേടുന്ന പരിശീലനവും ഐഎസ്എസ് യാത്രയുമെല്ലാം ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും.

ആര്‍എല്‍വി ലെക്സ്02

ആര്‍എല്‍വി ലെക്സ്02

വിക്ഷേപണത്തിന് ശേഷവും പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് പുഷ്പകിന്റെ ആര്‍എല്‍വി ലെക്സ്02. 2024 മാര്‍ച്ച് 22നാണ് ആര്‍എല്‍വി ലെക്സ്02 ന്റെ ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയത്. കര്‍ണാടകയിലെ ചിത്രദുര്‍ഗിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലെ റണ്‍വേയിലാണ് ആര്‍എല്‍വി ലെക്സ്02 വന്നിറങ്ങിയത്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുമ്പോഴുള്ള ലാന്‍ഡിങ് പരീക്ഷണമായിരുന്നു ഇത്.

ആര്‍എല്‍വി ലെക്സ്03

ആര്‍എല്‍വി ലെക്സ്03

2024 ജൂണ്‍ 23നാണ് ആര്‍എല്‍വിയുടെ മൂന്നാം ഘട്ട ലാന്‍ഡിങ് പരീക്ഷണം വിജയകരമാകുന്നത്. 500 മീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ലാന്‍ഡിങ് നടത്തിയത്.

എയര്‍ ബ്രീത്തിങ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം

എയര്‍ ബ്രീത്തിങ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം

അന്തരീക്ഷവായു വലിച്ചെടുത്ത് റോക്കറ്റുകള്‍ക്ക് കുതിക്കാന്‍ കഴിയുന്ന എയര്‍ ബ്രീത്തിങ് പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യയുടെ രണ്ടാമത്തെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് 2024 ജൂലൈ 22 നാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ആര്‍എച്ച്560 സൗണ്ടിങ് റോക്കറ്റിന്റെ ഇരുവശങ്ങളിലും സമാന്തരമായാണ് എയര്‍ ബ്രീത്തിങ് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ ഘടിപ്പിച്ചത്. ഇന്ധനം കത്തിക്കാന്‍ ഓക്സിഡൈസറായി അന്തരീക്ഷ ഓക്സിജനാണ് ഉപയോഗിച്ചത്. ഇത് റോക്കറ്റുകളെ ഭാരം കുറയ്ക്കാനും ഉപകാരപ്രദമാണ്. ഇതുകാരണം റോക്കറ്റിന് കൂടുതല്‍ പേലോഡ് വഹിക്കാനും കഴിയും.

ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍

പ്രതീകാത്മക ചിത്രം

2035ല്‍ ഇന്ത്യ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന സ്വന്തം ബഹിരാകാശ നിലയമാണ് 'ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍'. ബഹിരാകാശ പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനുമായി വിഭാവനം ചെയ്യുന്ന തദ്ദേശീയമായ ബഹിരാകാശ നിലയത്തിന്റെ പ്രഖ്യാപനം 2024 ഓഗസ്റ്റ് 15നാണ് ഐഎസ്ആര്‍ഒ നടത്തിയത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷനില്‍ പ്രാരംഭ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് ഒരേസമയം തങ്ങാനാവുക

എസ്എസ്എല്‍വി ഡി3

എസ്എസ്എല്‍വി ഡി3

2024 ആഗസ്റ്റ് 16ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9:17നാണ് ഐഎസ്ആര്‍ഒ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി)ഡി3 വിജയകരമായി വിക്ഷേപിച്ചത്. ഇഒഎസ്08 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ഭൗമനിരീക്ഷണത്തിന് ഉപഗ്രഹം പ്രയോജനകരമാകും.

വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ പ്രഖ്യാപനം

പ്രതീകാത്മക ചിത്രം

ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ പഠന ദൗത്യം, 'ശുക്രയാന്‍' എന്നറിയപ്പെടുന്ന വീനസ് ഓര്‍ബിറ്റര്‍ മിഷന്റെ (വിഒഎം) പ്രഖ്യാപനം 2024 സെപ്റ്റംബര്‍ 28 നാണ് ഐഎസ്ആര്‍ഒ നടത്തിയത്. 2028 മാര്‍ച്ചിലാണ് വിക്ഷേപണം. മാര്‍ച്ച് 29ന് എല്‍വിഎം 3 റോക്കറ്റിലാണ് വിക്ഷേപണം. 112 ദിവസത്തെ യാത്രയ്ക്കു ശേഷം ജൂലൈ 19ന് ശുക്രന്റെ ഭ്രമണപഥത്തില്‍ വിഒഎമ്മിനെ എത്തിക്കുകയാണ് ലക്ഷ്യം. ഏകദേശം 1236 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

അനലോഗ് ദൗത്യം

അനലോഗ് ദൗത്യം

രാജ്യത്തെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം 2024 നവംബറില്‍ ലഡാക്കിലെ ലേയിലാണ് ആരംഭിച്ചത്. ഭൂമിക്കപ്പുറത്ത് ചന്ദ്രനിലോ ചൊവ്വയിലോ മറ്റ് ഗ്രഹങ്ങളിലോ മനുഷ്യവാസം സാധ്യമാവുമോ എന്നറിയാനാണ് പഠനം. ഇതിനായി ചന്ദ്രനും ചൊവ്വയ്ക്കും സമാനമായ ഉപരിതലമുള്ള ലേയില്‍ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പഠനം നടത്തുകയാണ് പദ്ധതി.

പ്രോബ3 ദൗത്യം

പ്രോബ3 സോളാര്‍ ദൗത്യം

2024 ഡിസംബര്‍ 5നാണ് പിഎസ്എല്‍വിസി59 റോക്കറ്റില്‍ ഐഎസ്ആര്‍ഒയുടെ പ്രോബ3 സോളാര്‍ ദൗത്യം വിക്ഷേപിച്ചത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ഐഎസ്ആര്‍ഒയും തമ്മില്‍ സഹകരിക്കുന്ന ദൗത്യമാണിത്. സൂര്യന്റെ കൊറോണ, സൂര്യന്റെ ബാഹ്യ അന്തരീക്ഷം എന്നിവയെ കുറിച്ചുള്ള പര്യവേക്ഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാകുന്ന ദൗത്യമാണ് പ്രോബ-3. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നുമാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി59 റോക്കറ്റ് വിക്ഷേപിച്ചത്. രണ്ട് പേടകങ്ങളെ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന പ്രത്യേകത കൂടി പ്രോബ 3 ദൗത്യത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT