upi payment ai image
Business

യുപിഐയില്‍ അബദ്ധത്തില്‍ ആളുമാറി പണം അയച്ചോ?, തിരികെ കിട്ടാന്‍ നിരവധി വഴികള്‍; വിശദാംശങ്ങള്‍

എന്തിനും ഏതിനും യുപിഐ വഴി ഇടപാടുകള്‍ നടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

എന്തിനും ഏതിനും യുപിഐ വഴി ഇടപാടുകള്‍ നടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്രയും ജനകീയമായി യുപിഐ മാറി കഴിഞ്ഞു. ഒരു ചായ കുടിച്ചാല്‍ പോലും ഫോണെടുത്ത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കുന്നവരാണ് ഒട്ടുമിക്ക ആളുകളും.

മറ്റൊരാള്‍ക്ക് പണം അയക്കാനുണ്ടെങ്കിലും ഫോണ്‍ നമ്പര്‍ സെര്‍ച്ച് ചെയ്ത് വളരെ എളുപ്പം അക്കൗണ്ടിലേക്ക് പണമയക്കാനാകും. എന്നാല്‍, ചിലപ്പോഴൊക്കെ അബദ്ധം സംഭവിക്കാനും സാധ്യതയുണ്ട്. യുപിഐ ആപ്പില്‍ പേരോ നമ്പറോ സെര്‍ച് ചെയ്ത് പണം അയച്ചപ്പോള്‍ മറ്റൊരാള്‍ക്കാണ് പണം പോയതെങ്കിലോ? അങ്ങനെ സംഭവിച്ചാല്‍ പണം തിരികെ ലഭിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.

ആദ്യം ചെയ്യേണ്ടത് പണം അയച്ചതിന്റെ തെളിവ് സൂക്ഷിക്കുകയാണ്. അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട്, തുക, സമയം, ട്രാന്‍സാക്ഷന്‍ നമ്പര്‍, യുടിആര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ ഉണ്ടെങ്കില്‍ അത് ഉള്‍പ്പെടെ സേവ് ചെയ്യണം. സാധാരണഗതിയില്‍ പ്രാഥമികമായി ചെയ്യേണ്ടത് പണം അയച്ചുകൊടുത്തയാള്‍ നമ്മുടെ കോണ്‍ടാക്റ്റില്‍ ഉള്ളയാളാണെങ്കില്‍ വിളിച്ച് കാര്യം പറയുക എന്നതാണ്. അതുവഴി എളുപ്പം പണം തിരികെ ലഭിക്കാം. പക്ഷേ, നമ്മുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്തയാളാണെങ്കില്‍ നമ്പര്‍ കണ്ടെത്തി ബന്ധപ്പെട്ട് കാര്യം അവതരിപ്പിക്കാം. പണം തിരികെ അയക്കാന്‍ മാന്യമായി ആവശ്യപ്പെടുകയും ചെയ്യാം.

എന്നാല്‍, ചില സാഹചര്യങ്ങളില്‍ പണം അയച്ചുപോയ അക്കൗണ്ട് ഉടമയെ ബന്ധപ്പെടാന്‍ സാധിച്ചെന്ന് വരില്ല. ഈ സാഹചര്യത്തില്‍ അടുത്ത മാര്‍ഗം യുപിഐ ആപ്പുകളുടെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ട് കാര്യം പറയുകയാണ്. ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനും ആപ്പുകളിലുണ്ട്. ട്രാന്‍സാക്ഷന്‍ റിവേഴ്‌സ് ചെയ്യാന്‍ സാധിക്കുന്നതാണെങ്കില്‍ യുപിഐ ആപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.

യുപിഐ ആപ്പ് ഉപയോഗിച്ച് തെറ്റായ ഇടപാട് റിപ്പോര്‍ട്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ആദ്യം ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി പരിശോധിക്കുക. തുടര്‍ന്ന് തെറ്റായ വ്യക്തിക്ക് അയച്ച പേയ്‌മെന്റ് തെരഞ്ഞെടുക്കുക. അതില്‍ ഹെല്‍പ്പ്, സപ്പോര്‍ട്ട്, അല്ലെങ്കില്‍ Report an Issue എന്നി ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കുക. തെറ്റായ വ്യക്തിക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും അനുയോജ്യമായ വിഭാഗം തെരഞ്ഞെടുക്കുക. ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളും പണം ലഭിച്ച വ്യക്തിയെ കുറിച്ചുള്ള വിശദാംശങ്ങളും ഉള്‍പ്പെടുത്തി പരാതി സമര്‍പ്പിക്കുക. എന്നാല്‍ ഇത്തരത്തില്‍ പരാതി നല്‍കിയതു കൊണ്ട് മാത്രം പണം തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല.

ഉടനടി ബാങ്കുമായി ബന്ധപ്പെടുക. അവരുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ നമ്പര്‍, മൊബൈല്‍ ബാങ്കിങ് സേവനം, വെബ് സെറ്റ് അല്ലെങ്കില്‍ ബാങ്ക് ശാഖ എന്നിവ വഴി വിവരമറിയിക്കുക. ട്രാന്‍സാക്ഷന്‍ ഐഡി അല്ലെങ്കില്‍ യുപിഐ റഫറന്‍സ് നമ്പര്‍, പണം നല്‍കിയ തീയതിയും സമയവും, കൈമാറ്റം ചെയ്യപ്പെട്ട തുക, തെറ്റായ ഗുണഭോക്താവിന്റെ യുപിഐ ഐഡി അല്ലെങ്കില്‍ ലഭ്യമായ മറ്റു വിവരങ്ങള്‍, ഇടപാടിന്റെ സ്‌ക്രീന്‍ഷോട്ട് എന്നി വിവരങ്ങള്‍ ബാങ്കിന് കൈമാറുക. ബാങ്ക് പരാതി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് നല്‍കുന്ന രേഖയും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച മറ്റു രേഖാമൂലമുള്ള ആശയവിനിമയങ്ങളും സൂക്ഷിച്ച് വെയ്ക്കുക. ബാങ്കുകള്‍ക്ക് പരാതി ലഭിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും ഇടപാട് പരിശോധിക്കാനും സാധിക്കും. പണം തിരികെ ലഭിക്കുന്നതിന് സ്വീകര്‍ത്താവിന്റെ സഹകരണം തേടാനും അവര്‍ക്ക് കഴിയും.

ബാങ്ക് വഴിയും പരിഹാരം ലഭിച്ചില്ലെങ്കില്‍ അടുത്ത ഘട്ടമായി യുപിഐ ഇടപാടുകളെ നിയന്ത്രിക്കുന്ന എന്‍പിസിഐയില്‍ (നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ബന്ധപ്പെടാവുന്നതാണ്. കസ്റ്റമര്‍ കെയര്‍ -1800 120 1740, എന്‍പിസിഐയുടെ വെബ് പോര്‍ട്ടല്‍ (https://www.npci.org.in/upi-complaint) എന്നിവ വഴി പരാതിപ്പെടാം. എന്‍പിസിഐ ബാങ്കുമായി ബന്ധപ്പെടും. ഇടപാട് പരിശോധിക്കും. അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന് കണ്ടെത്തിയാല്‍ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബാങ്കിന് നിര്‍ദേശം നല്‍കും.

എന്‍പിസിഐയില്‍ നിന്നും പരിഹാരമായില്ലെങ്കില്‍ റിസര്‍വ് ബാങ്കിന് കീഴിലെ ബാങ്കിങ് ഓംബുഡ്‌സ്മാന്റെ സഹായം തേടാം. ബാങ്കിലോ എന്‍പിസിഐയിലോ പരാതി കൊടുത്ത് 30 ദിവസമായിട്ടും നടപടിയില്ലെങ്കില്‍ മാത്രമാണ് ബാങ്കിങ് ഓംബുഡ്‌സ്മാന്റെ സഹായം തേടാനാകുക. ഇതിനായി റിസര്‍വ് ബാങ്കിന്റെ https://cms.rbi.org.in/cms/indexpage.html എന്ന വെബ് പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. 1800 267 7955 എന്ന റിസര്‍വ് ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

accidental upi transfer to wrong account, Here are ways to return back

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു ദുര്‍ബല നിമിഷത്തില്‍ പിഎം ശ്രീയില്‍ ഒപ്പിട്ടുപോയി; ചെയ്തത് ശരിയായില്ലെന്ന് ടിപി രാമകൃഷ്ണന്‍

ദുബൈയില്‍ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ഭക്ഷണം വേഗത്തിൽ കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ ബാധിക്കുന്ന 6 പ്രശ്നങ്ങൾ

ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം; അഭിഭാഷകന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി

സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടോ?, റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ്; ആശ്വാസ നടപടി