

പോസ്റ്റ് ഓഫീസിന്റെ നിരവധി ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് ടൈം ഡെപ്പോസിറ്റ് സ്‌കീം. ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇവയില്‍ ജനപ്രിയമായ ഒരു ലഘു സമ്പാദ്യ പദ്ധതിയായാണ് ടൈം ഡെപ്പോസിറ്റ് സ്‌കീമിനെ കണക്കാക്കുന്നത്. ബാങ്ക് എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട റിട്ടേണ്‍ ആണ് ഇത് നല്‍കുന്നത്.
നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്ന തരത്തിലാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റ് ഓഫീസ് സ്‌കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല.
നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്‌കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്‌മെന്റുകള്‍ വാര്‍ഷികമായി നല്‍കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.
പോസ്റ്റ് ഓഫീസ് ടിഡി സ്‌കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നുണ്ട്. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് എത്ര റിട്ടേണ്‍ കിട്ടും?
ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കുന്ന തുകയ്ക്കുള്ള റിട്ടേണ്‍ നിക്ഷേപിക്കുന്ന കാലയളവിന് അനുസരിച്ച് വ്യത്യാസപ്പെടും. ഒരു ലക്ഷം രൂപ ഒരു വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.9 ശതമാനം പലിശയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ 7,081 രൂപ റിട്ടേണോടെ 1,07,081 രൂപയാണ് കൈയില്‍ കിട്ടുക.
ഇനി രണ്ടുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 14,888 രൂപയാണ് റിട്ടേണായി ലഭിക്കുക. ഇവിടെ ഏഴു ശതമാനമാണ് പലിശ. 1,14,888 രൂപയാണ് കൈയില്‍ കിട്ടുക. ഇനി മൂന്ന് വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.1 ശതമാനം പലിശയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ 23,508 രൂപ പലിശ വരുമാനത്തോടെ 1,23,508 രൂപയാണ് കൈയില്‍ കിട്ടുക.
ഇനി അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ റിട്ടേണ്‍ കൂടുതല്‍ ലഭിക്കും. ഇവിടെ 7.5 ശതമാനം പലിശയാണ് ലഭിക്കുക. പലിശയിനത്തില്‍ മാത്രം 44,995 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കൈയില്‍ 1,44,995 രൂപയാണ് കിട്ടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates