ന്യൂഡൽഹി; ഓഹരി വിപണിയിൽ വൻ തകർച്ച നേരിടുന്നതിനിടെ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. 20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റർപ്രൈസസ് നടത്തിയ എഫ്പിഒ ആണ് റദ്ദാക്കിയത്. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് കമ്പനിയുടെ അപ്രതീക്ഷിത തീരുമാനം. നിക്ഷേപകർക്ക് എഫ്പിഒ പണം തിരികെ നൽകുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
‘‘ഇന്നത്തെ വിപണി ഞെട്ടിക്കുന്നതാണ്. ഈ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോർഡ് കരുതുന്നു. നിക്ഷേപകരുടെ താൽപര്യം പരമപ്രധാനമാണ്. അതിനാൽ സാധ്യമായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ എഫ്‌പിഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചു.’’- ഗൗതം അദാനി പ്രസ്താവനയിൽ പറഞ്ഞു.
അദാനിയുടെ നാടകീയ നീക്കം ഇന്ന് വിപണിയിൽ ചലനങ്ങളുണ്ടാക്കിയേക്കും. അദാനിയുടെ ഓഹരികൾ ഇന്ന് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തലുകൾ. എഫ്പിഒയ്ക്ക് വിൽപനയ്ക്ക് വച്ച ഓഹരി വിലയെക്കാൾ ആയിരം രൂപയിലേറെ താഴെയാണ് അദാനി എന്‍റെർപ്രൈസസിന്‍റെ നിലവിലെ ഓഹരി വില. ഇന്നലെ മാത്രം 28 ശതമാനത്തിലേറെയാണ് നഷ്ടമുണ്ടായത്.
അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയാണ് അദാനി എന്റർപ്രൈസസ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആദ്യ ദിവസങ്ങളിൽ ഫോളോ ഓണ്‍ പബ്ലിക് ഓഫറില്‍ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ അവസാന ദിവസം അനുബന്ധ ഓഹരി വില്‍പ്പനയില്‍ നിക്ഷേപകരുടെ മുന്നില്‍ വച്ച ഓഹരികളെക്കാള്‍ കൂടുതല്‍ ഓഹരികള്‍ക്കാണ് ആവശ്യക്കാര്‍ എത്തിയത്. 4.5 കോടി ഓഹരികളാണ് എഫ്പിഒയിൽ വച്ചത്. 5.08 കോടി ഓഹരിക്കുള്ള അപേക്ഷയെത്തി.
അദാനിഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങള്‍ പണയമായി സ്വീകരിച്ച് വായ്പനല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സൂയിസിന്റെ തീരുമാനം പുറത്തുവന്നതിനുപിന്നാലെ ബുധനാഴ്ച അദാനിഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ അഴിമതിയാരോപണങ്ങള്‍ക്കുപിന്നാലെയാണ് ക്രെഡിറ്റ് സൂയിസിന്റെ തീരുമാനം. ഇതോടെയാണ് എഫ്പിഒ റദ്ദാക്കാൻ കമ്പനി തീരുമാനിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates