ചാങ്കെസ് ഖാന്‍ ( Changez Khan - Dynimated ) ഫോട്ടോ: ടിപി സൂരജ്‌
Business

കേരളത്തിലെ ആദ്യ 'ഫിജിറ്റല്‍ സ്റ്റുഡിയോ' കൊച്ചിയില്‍; ആഗോള കമ്പനി ഡൈനിമേറ്റഡ് സംസ്ഥാനത്ത്

യൂറോപ്പില്‍ രജിസ്റ്റര്‍ ചെയ്ത ക്രിയേറ്റീവ് ടെക് ബ്രാന്‍ഡായ ഡൈനിമേറ്റഡ് കേരളത്തില്‍

അന്ന ജോസ്

കൊച്ചി: യൂറോപ്പില്‍ രജിസ്റ്റര്‍ ചെയ്ത ക്രിയേറ്റീവ് ടെക് ബ്രാന്‍ഡായ ഡൈനിമേറ്റഡ് (Dynimated) കേരളത്തില്‍. എറണാകുളം ജില്ലയില്‍ ആലങ്ങാട് ഭൗതികവും ഡിജിറ്റല്‍ അനുഭവങ്ങളും സംയോജിപ്പിച്ച് ആദ്യത്തെ 'ഫിജിറ്റല്‍' സ്റ്റുഡിയോയ്ക്ക് ഡൈനിമേറ്റഡ് തുടക്കമിട്ടു.

ആഗോള ഭീമന്മാരായ മാര്‍വലുമായും അതിന്റെ മാതൃ സ്ഥാപനമായ വാള്‍ട്ട് ഡിസ്‌നി കമ്പനിക്കുമൊപ്പം പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ഡല്‍ഹി സ്വദേശി ചാങ്കെസ് ഖാന്‍ (Changez Khan) ആണ് ഡൈനിമേറ്റഡ് കമ്പനിക്ക് പിന്നില്‍.

ഇറ്റലിയിലെ മിലാനിലെ സിനിമാ, കോമിക് മ്യൂസിയങ്ങളുമായും സഹകരിച്ച് ഒട്ടേറെ പരിചയസമ്പത്തുമായാണ് അദ്ദേഹത്തിന്റെ വരവ്. യൂറോപ്യന്‍ മാതൃ കമ്പനിയായ എഎസ്എ ലിമിറ്റഡിന് കീഴിലാണ് ഈ 'ഫിജിറ്റല്‍' സ്റ്റുഡിയോ സൗകര്യം വികസിപ്പിച്ചിരിക്കുന്നത്. അതിന്റെ ഏഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ KXAN ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കൈകാര്യം ചെയ്യുക.

'ആശയങ്ങള്‍ക്ക് ശ്വസിക്കാന്‍ കഴിയുന്ന ഒരു സ്ഥലം ഞാന്‍ തിരയുകയായിരുന്നു, ഈ ശാന്തവും പ്രകൃതിദത്തവുമായ അന്തരീക്ഷം ശ്രദ്ധ വ്യതിചലിക്കാതെ സര്‍ഗ്ഗാത്മകതയെ മുന്നോട്ട് ഒഴുകാന്‍ അനുവദിക്കുന്നു. കൂടാതെ, കൊച്ചിയുടെ കണക്റ്റിവിറ്റി പ്രൊഫഷണലുകളെയും പ്രേക്ഷകരെയും കൊണ്ടുവരാന്‍ സഹായിക്കും'- ചാങ്കെസ് ഖാന്‍ പറഞ്ഞു. ഡൈനിമേറ്റിന്റെ പ്രവേശനം ആഗോള കമ്പനികള്‍ക്ക് കേരളം എങ്ങനെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്നുവെന്ന് കാണിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

'ജാക്കി ചാന്‍ സിനിമകള്‍ക്ക് സാങ്കേതിക സേവനങ്ങള്‍ പോലും നല്‍കിയിട്ടുള്ള ഡൈനിമേറ്റഡ് പോലുള്ള ലോകോത്തര കമ്പനികള്‍ അവരുടെ ഇന്നൊവേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കാന്‍ കേരളം തെരഞ്ഞെടുക്കുന്നത് വളരെ അഭിമാനകരമാണ്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ നവയുഗ വ്യവസായങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ പോലും എത്തുന്നുണ്ടെന്നും നമ്മള്‍ ശരിയായ പാതയിലാണെന്നതിന്റെയും വ്യക്തമായ സൂചനയാണിത്' - പി രാജീവ് കുറിച്ചു.

പുതിയ സൗകര്യമായ DYND ഇന്നൊവേഷന്‍ ഹബ്ബില്‍ സന്ദര്‍ശകര്‍ക്ക് പുരാതന ഇന്ത്യന്‍, ഈജിപ്ഷ്യന്‍ നാഗരികതകളിലേക്ക് സഞ്ചരിക്കാനും സിമുലേറ്റഡ് അന്യഗ്രഹ ജീവികളുമായി ഇടപഴകാനും സാധിക്കും. റഷ്യ, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി സഹകരിച്ച് ആണ് ഹോളോഗ്രാഫി, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ എന്നി പ്രധാന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചിരിക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ എപ്പോഴും തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. മിലാനിലെ മ്യൂസിയങ്ങളുമായും സ്റ്റുഡിയോകളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചതും ഡിസ്‌നി ഇറ്റലിക്ക് വേണ്ടിയുള്ള പ്രോജക്ടുകളും നല്ല കഥകളും സാങ്കേതികവിദ്യയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയും എന്നതിനെ കുറിച്ച് തനിക്ക് ഉള്‍ക്കാഴ്ച നല്‍കിയെന്നും ചാങ്കെസ് ഖാന്‍ പറഞ്ഞു.

ഡൈനിമേറ്റഡിന്റെ കേരള യൂണിറ്റ് കുട്ടികളുടെ ക്ലബ്ബുകള്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍, ഒരു സര്‍ഗ്ഗാത്മക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. ഡിസൈനര്‍മാര്‍, കലാകാരന്മാര്‍, ടെക് ഇന്നൊവേറ്റര്‍മാര്‍ എന്നിവരുടെ ഒരു കേന്ദ്രമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യമെന്നും ചാങ്കെസ് ഖാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT