വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും കൃത്യതയുമാണ് സിന്തൈറ്റിന്റെ വിജയരഹസ്യം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ 'എക്സ്പ്രസ്സ് ഡയലോഗ്സ്' അഭിമുഖത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ് മനസ്സ് തുറക്കുന്നു.
ഇന്ന് ലോകവിപണിയിൽ സിന്തൈറ്റ് ഇത്രയും വലിയ സാന്നിധ്യമായി നിൽക്കുന്നതിന് പിന്നിലെ രഹസ്യമെന്താണ്?
ഇന്ന് സിന്തൈറ്റ് സിന്തൈറ്റ് ആയിട്ട് നിൽക്കുന്നത് വിട്ടുവീഴ്ചയില്ലാത്ത കൃത്യതയും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും കൊണ്ടാണ്. വിപണിയിൽ പുതിയ ആളുകൾ കടന്നുവരുമ്പോൾ ഞങ്ങളവരെ ഒരു എതിരാളിയായി കാണാറില്ല. കാരണം പുതിയ ആളുകൾക്കും ഇവിടെ കൃത്യമായ സ്പേസ് ഉണ്ട്. എല്ലാവർക്കും വളരാനുള്ള അവസരങ്ങൾ ഈ മേഖലയിലുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരുകളിൽ നിന്ന് ലഭിച്ച പിന്തുണ എങ്ങനെയായിരുന്നു?
1988-ൽ രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടായ കാലത്ത് അന്നത്തെ സർക്കാർ തങ്ങൾക്ക് നികുതി ഇളവ് അനുവദിച്ചു നൽകിയിരുന്നു. അത് ഞങ്ങൾക്ക് വലിയ ഗുണം ചെയ്തു. അത്തരം പിന്തുണകൾ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഏറെ അത്യാവശ്യമാണ്.
സിന്തൈറ്റിൽ നിലവിൽ എത്ര ജീവനക്കാരുണ്ട്?
ഞങ്ങളുടെ ഹോട്ടലുകളും റാമാഡ റിസോർട്ടുകളും ഉൾപ്പെടെ ലോകമെമ്പാടുമായി ഏകദേശം 3,000 ജീവനക്കാരുണ്ട്. ഇതിൽ കൊച്ചിയിൽ മാത്രം 1,900 പേരുണ്ട്. ലോകത്ത് മറ്റെവിടെയുമുള്ളതിനേക്കാൾ കൂടുതൽ ആളുകളെ ഞങ്ങൾ ജോലിക്ക് നിയമിച്ചിരിക്കുന്നത് കൊച്ചിയിലാണ്.
ഇനി കേരളത്തിൽ തുടർന്നുള്ള നിക്ഷേപങ്ങൾ ഉണ്ടാകുമോ? മറ്റ് സംസ്ഥാനങ്ങളിലെ വ്യാവസായിക അന്തരീക്ഷം എങ്ങനെയുണ്ട്?
കേരളത്തിൽ ഇനി നിക്ഷേപമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾക്ക് ഇപ്പോൾത്തന്നെ ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഫാക്ടറികളുണ്ട്. ഒഡീഷ സർക്കാർ നൽകുന്ന ഓഫറുകൾ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. വൻ തുക സബ്‌സിഡി, 100 ശതമാനം സൗജന്യ ഭൂമി... നമ്മൾ എന്താവശ്യപ്പെട്ടാലും അവർ നൽകാൻ തയ്യാറാണ്. ഒരു സംസ്ഥാനം വളരുന്നത് അങ്ങനെയാണ്. ഭരണാധികാരികൾക്ക് ദീർഘവീക്ഷണം വേണം. മുഴുവൻ സമയവും രാഷ്ട്രീയം മാത്രം കളിച്ചുകൊണ്ടിരുന്നാൽ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് സമയം ലഭിക്കില്ല.
1980-കളിലെയും ഇപ്പോഴത്തെയും കേരളത്തിലെ ബിസിനസ്സ് അന്തരീക്ഷത്തെ എങ്ങനെ താരതമ്യം ചെയ്യുന്നു?
സർക്കാരിൽ നിന്നുള്ള നയപരമായ ആനുകൂല്യങ്ങളെ ഞങ്ങൾ ആശ്രയിക്കാറില്ല. വ്യവസായത്തിന്റെ സൂക്ഷ്മമായ കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്ക് പലപ്പോഴും സാധിക്കാറില്ല. 2018-ൽ സി.പി.എം ഞങ്ങൾക്ക് എതിരെ സമരം നടത്തിയിരുന്നു. എന്തുകൊണ്ടാണ് സമരമെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. കാരണം, ഇവിടെ ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന കമ്പനികളിലൊന്നായിരുന്നു ഞങ്ങൾ. എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് ഉണ്ടായിരുന്നു. ഇന്ത്യയിൽ പെൻഷൻ പദ്ധതി നടപ്പിലാക്കിയ ആദ്യത്തെ സ്വകാര്യ കമ്പനിയും ഞങ്ങളായിരുന്നു.
ഞാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചു. "എന്റെ ഡ്രൈവർമാർക്ക് പ്രതിമാസം 60,000 രൂപയും പ്ലംബർമാർക്ക് 80,000 രൂപയും ശമ്പളമുണ്ട്. ഇതിലും കൂടുതൽ നൽകാൻ ഞങ്ങൾക്ക് എങ്ങനെ സാധിക്കും?" എന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. വിഷയം അവിടെ അവസാനിച്ചതായി അദ്ദേഹം പറഞ്ഞു, അധികം വൈകാതെ തന്നെ ആ സമരം അവസാനിക്കുകയും ചെയ്തു. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ആ നിലവാരമുള്ള മുഖ്യമന്ത്രിമാരെയാണ് നമുക്ക് ആവശ്യം.
വി.ഡി. സതീശനും വ്യത്യസ്തനല്ല. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്, അദ്ദേഹം എന്റെ ജൂനിയറായിരുന്നു. അതീവ കഴിവുള്ള, മികച്ചൊരു വ്യക്തിയാണദ്ദേഹം. അടുത്തിടെ അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകർക്ക് എന്നെ പരിചയപ്പെടുത്തിയത് തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളെന്നാണ്. വളർച്ചയുടെ ചില ഘട്ടങ്ങളിൽ എത്തുമ്പോൾ തങ്ങൾ എവിടെ നിന്നാണ് വന്നതെന്നും കൂടെയുണ്ടായിരുന്നവരെയും ആളുകൾ മറന്നുപോകാറുണ്ട്. എന്നാൽ സതീശൻ അങ്ങനെയല്ല.
2018-ലെ ആ സംഭവത്തിന് ശേഷം മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലേ?
ഇല്ല. സത്യത്തിൽ കോവിഡ് മഹാമാരിയുടെ കാലത്താണ് കമ്പനി ഏറ്റവും കൂടുതൽ വളർന്നത്. സുഗന്ധവ്യഞ്ജനങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയും, ഞങ്ങൾ കണ്ടെയ്നർ കണക്കിന് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്തു. ആ കാലയളവിൽ സിന്തൈറ്റ് 50 ശതമാനം വളർച്ച നേടുകയും 30 ശതമാനം കൂടുതൽ ലാഭമുണ്ടാക്കുകയും ചെയ്തു.
പിതാവ് എങ്ങനെയാണ് ഈ ബിസിനസ്സിലേക്ക് കടന്നുവരുന്നത്?
1970-ൽ ജപ്പാൻ സന്ദർശിച്ചപ്പോൾ എക്സ്ട്രാക്ഷൻ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന് താല്പര്യം തോന്നി. പിന്നീട് യു.എസിലായിരുന്നപ്പോൾ, കേരളത്തിൽ ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ഉള്ളതിനാൽ കൃത്രിമ ഉൽപന്നങ്ങൾക്ക് പകരം സ്വാഭാവിക എക്സ്ട്രാക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു ബന്ധു നിർദ്ദേശിച്ചു. ആ ആശയമാണ് സിന്തൈറ്റിന്റെ തറക്കല്ലായത്.
നിങ്ങൾ കേരളത്തിൽ നിന്നാണോ കുരുമുളക് ശേഖരിച്ചിരുന്നത്?
അതെ, തുടക്കത്തിൽ അങ്ങനെയായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ പ്രധാനമായും വിയറ്റ്‌നാമിൽ നിന്നും ശ്രീലങ്കയിൽ നിന്നുമാണ് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. കാരണം ഞങ്ങൾക്ക് ആവശ്യമായ ഇനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് ആ രാജ്യങ്ങളാണ്. ഇന്നത്തെ ആഗോള കുരുമുളക് ഉൽപ്പാദനം എടുത്താൽ വിയറ്റ്‌നാം പ്രതിവർഷം 2.5 ലക്ഷം ടണ്ണും ഇന്തോനേഷ്യ 70,000 ടണ്ണും ശ്രീലങ്ക 30,000 ടണ്ണും ഉൽപ്പാദിക്കുന്നു. ഇന്ത്യയിൽ വെറും 60,000 ടൺ മാത്രമാണ് ഉൽപ്പാദനം.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (CIAL) സിന്തൈറ്റ് എങ്ങനെയാണ് നിക്ഷേപകരാകുന്നത്?
1993-94 കാലഘട്ടത്തിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ എന്റെ പിതാവിനോട് ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. പ്രൊപ്പോസൽ ഞങ്ങളുടെ ബോർഡിന് മുന്നിൽ വന്നപ്പോൾ ഭൂരിഭാഗം ഡയറക്ടർമാരും എതിർത്തു. യോഗത്തിന് ശേഷം പിതാവ് എന്റെ അഭിപ്രായം ചോദിച്ചു. എന്റെ തീരുമാനമാണെങ്കിൽ ഒരു മടിയും കൂടാതെ ഞാൻ നിക്ഷേപിക്കുമെന്ന് ഞാൻ പറഞ്ഞു. എനിക്ക് എപ്പോഴും വ്യോമയാന മേഖലയോട് വലിയ കമ്പമായിരുന്നു, ഒരു പൈലറ്റ് ആകാൻ പോലും ഞാൻ ആഗ്രഹിച്ചിരുന്നു. പിതാവ് ഉടൻ തന്നെ പറഞ്ഞു, "ചെക്ക് എഴുതിക്കൊടുത്തോളൂ".
നിങ്ങൾ ഇപ്പോഴും സിയാലിലെ ഏറ്റവും വലിയ ഓഹരി ഉടമയാണോ?
ഞാൻ ഇപ്പോഴും ഡയറക്ടറാണ്. ചില ഓഹരികൾ വിറ്റതിനാൽ ഞങ്ങൾ ഇപ്പോൾ രണ്ടാമത്തെ വലിയ ഓഹരി ഉടമയാണ്. തിരിഞ്ഞുനോക്കുമ്പോൾ, ഓഹരികൾ വിറ്റത് ഒരു തെറ്റായിരുന്നു. സിയാൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഷെയർ വില ഗണ്യമായി വർദ്ധിച്ചു, കമ്പനി 50% ഡിവിഡന്റ് നൽകുന്നുണ്ട്. കൂടുതൽ എയറോബ്രിഡ്ജുകളോടെ വിമാനത്താവളം വികസിക്കുകയാണ്, ഇത് കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങളെ ആകർഷിക്കാൻ സഹായിക്കും.
കുസാറ്റിൽ (CUSAT) നിങ്ങളുടെ പിതാവിന്റെ പേരിൽ ഒരു സെന്റർ ഓഫ് എക്സലൻസ് ഉണ്ടല്ലോ. അത് എങ്ങനെ പ്രവർത്തിക്കുന്നു?
ഞങ്ങൾ 10 കോടി രൂപ സംഭാവന നൽകി, 10 കോടി കൂടി നൽകാനുണ്ട്. അവിടെ ക്രമമായ യോഗങ്ങളും വലിയ രീതിയിലുള്ള ഇടപെടലുകളും ഉണ്ടാകണമായിരുന്നു, എന്നാൽ ആർക്കും സമയമില്ലാത്ത അവസ്ഥയാണ്. അവർ എന്തൊക്കെയോ ചെയ്യുന്നുണ്ട്... പക്ഷേ ഒരു പദ്ധതി ഏറ്റെടുത്താൽ അത് കുറ്റമറ്റതായിരിക്കണം. ആ മേഖല വളരേണ്ടതുണ്ട്.
അവിടെ നിന്ന് പരിശീലനം ലഭിച്ച ജീവനക്കാരുടെ ലഭ്യത നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ?
അതെ. എന്നാൽ, അതിനുപകരം ഞങ്ങൾ കോയമ്പത്തൂരിലെ കരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ആളുകളെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നത്. കാരണം അവിടെ മികച്ച ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റുണ്ട്. ഞങ്ങളുടെ ജീവനക്കാരിൽ 40 ശതമാനത്തോളം പേരും അവിടെ നിന്നുള്ളവരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates