കൊച്ചി: എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. സബ്‌സിഡി നിരത്തില്‍ പാചക വാതകം ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ അറിയിപ്പ്.
ഓരോ സാമ്പത്തിക വര്‍ഷത്തിലും ഒരു തവണ ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണമെന്നാണ് നിര്‍ദേശം. നേരത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയവരും അപ്‌ഡേഷന്‍ നടത്തണം. മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്‌സിഡി ലഭിക്കില്ല. അടുത്ത ഘട്ടത്തില്‍ സബ്‌സിഡി പൂര്‍ണമായും റദ്ദാകുമെന്നുമാണ് അറിച്ചിരിക്കുന്നത്.
പിഎംയുവൈ ഉപയോക്താക്കള്‍ക്ക് 14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന് 300 രൂപയാണ് സബ്‌സിഡി ലഭിക്കുക. 9 റീഫില്ലുകള്‍ക്കാണ് സബ്‌സിഡി നിരക്കിന് അര്‍ഹത. സബ്‌സിഡി നല്‍കുന്ന പണം യഥാര്‍ഥ ഉടമകള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് അപ്‌ഡേഷന്‍ എന്നും കമ്പനികള്‍ പറയുന്നു. സിലിണ്ടർ വിതരണ ഏജന്‍സി, വഴി ഓണ്‍ലൈന്‍, കമ്പനികളുടെ ആപ് എന്നിവ ഉപയോഗിച്ച് കെവൈസി പുതുക്കാന്‍ സാധിക്കും. ഏജന്‍സി ജീവനക്കാര്‍ സിലിണ്ടര്‍ വിതരണത്തിനായി വീട്ടിലെത്തുമ്പോഴും അപ്‌ഡേഷന്‍ സാധിക്കും.
ഓണ്‍ലൈന്‍ അപ്‌ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ഫെയ്‌സ്ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. വെബ്‌സൈറ്റ്: http://www.pmuy.gov.in/e-kyc.html. സംശയങ്ങള്‍ക്ക് 1800 2333555 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates