ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി നടക്കുന്ന പരമ്പരാഗത ഹല്‍വ ചടങ്ങില്‍ പങ്കെടുത്ത് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബജറ്റ് തയ്യാറെടുപ്പിന്റെ അവസാന ഘട്ടം അടയാളപ്പെടുത്തുന്നതിനായാണ് കാലങ്ങളായി ഹല്‍വ ചടങ്ങ് നടത്തുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.
ധനകാര്യ മന്ത്രാലയം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന റെയ്സിന കുന്നിലെ നോര്‍ത്ത് ബ്ലോക്കിലാണ് ചടങ്ങ് നടന്നത്. 2025 സെപ്റ്റംബറിലാണ് നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് കര്‍ത്തവ്യ ഭവനില്‍ സ്ഥിതി ചെയ്യുന്ന ആധുനിക സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ഓഫീസിലേക്ക് ധനമന്ത്രിയും സംഘവും മാറിയത്. പരമ്പരാഗത മധുരപലഹാരമായ 'ഹല്‍വ' തയ്യാറാക്കി ബജറ്റ് തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വിളമ്പുന്ന ഒരു ആചാരമാണ് ചടങ്ങ്.
കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ 'ലോക്ക്-ഇന്‍' ചെയ്യുന്നതിന് മുമ്പാണ് ഹല്‍വ ചടങ്ങ് നടത്തുന്നത്. പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട്, നോര്‍ത്ത് ബ്ലോക്കിന്റെ ബേസ്‌മെന്റിലാണ് ഇത് സംഘടിപ്പിച്ചത്. ഇതിലാണ് ധനമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തത്.
ചടങ്ങിന്റെ ഭാഗമായി ധനമന്ത്രി ബജറ്റ് പ്രസ്സ് സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. കൂടാതെ മുഴുവന്‍ ബജറ്റ് ടീമിനും ആശംസകള്‍ നേരുകയും ചെയ്തു. ഹല്‍വ ചടങ്ങില്‍, ധനമന്ത്രിയോടൊപ്പം ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും ധനമന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരും ബജറ്റ് തയ്യാറാക്കലില്‍ ഉള്‍പ്പെട്ട മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
ബ്രിട്ടീഷ് കാലഘട്ടം മുതലുള്ളതും സ്വതന്ത്ര ഇന്ത്യയില്‍ പതിറ്റാണ്ടുകളായി പിന്തുടരുന്നതുമായ ഒരു പാരമ്പര്യമാണ് ഹല്‍വ ചടങ്ങ്. കാലക്രമേണ, ഇത് കീഴ് വഴക്കമെന്ന നിലയില്‍ കേന്ദ്ര ബജറ്റിന്റെ ഭാഗമായി തീര്‍ന്നു. തുടക്കത്തില്‍, നോര്‍ത്ത് ബ്ലോക്കിന്റെ ബേസ്‌മെന്റില്‍ നടന്നിരുന്ന ബജറ്റ് അച്ചടി പ്രക്രിയയുമായാണ് ഈ ചടങ്ങ് ബന്ധപ്പെട്ട് കിടക്കുന്നത്. പേപ്പര്‍ലെസ് ബജറ്റുകളിലേക്ക് മാറിയതോടെ, ഈ രീതി പ്രതീകാത്മകമായി തുടരുന്നുവെന്ന് മാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates