Petrol Pumb 
Business

ഹൈ സ്‌പീഡ് ഡീസൽ വിതരണത്തിന് നിയന്ത്രണം: ഒരു വാഹനത്തിന് പരമാവധി 200 ലിറ്റർ മാത്രം

റീട്ടെയിൽ പമ്പുകളിൽ വലിയ തോതിൽ ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: വ്യാവസായിക, വാണിജ്യ, സ്ഥാപനപരമായ ഉപഭോക്താക്കൾ ചില്ലറ വിൽപന പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഹൈ സ്‌പീഡ് ഡീസലും വാങ്ങുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ അടിയന്തര നിയന്ത്രണ ഉത്തരവിറക്കി. ഇത്തരം വൻകിട ഉപഭോക്താക്കൾ ഇനിമുതൽ തങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള മൊത്തവ്യാപാര വിതരണ കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ ഇന്ധനം കൈപ്പറ്റാവൂ എന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നിർദ്ദേശിച്ചു. ചില്ലറ വിൽപന പമ്പുകളിൽ നിന്നുള്ള ഹൈ സ്‌പീഡ് ഡീസൽ വിതരണം ഒരു ഉപഭോക്താവിന് അല്ലെങ്കിൽ ഒരു വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്ററായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു തവണ പ്രഖ്യാപിച്ചാൽ 90 ദിവസങ്ങൾ വരെ പ്രാബല്യത്തിൽ തുടരാവുന്നതാണ് ഈ നിയന്ത്രണം

ചില്ലറ വിൽപന പമ്പുകളിൽ നിന്നും വൻതോതിൽ ഹൈ സ്‌പീഡ് ഡീസൽ വാങ്ങി, അത് വാണിജ്യ-വ്യാവസായിക ആവശ്യങ്ങൾക്കായി നിയമവിരുദ്ധമായി മറിച്ചുവിൽക്കുന്നതും കരിഞ്ചന്തയിൽ വിൽക്കുന്നതും തടയാനാണ് പ്രതിദിന വിതരണത്തിൽ 200 ലിറ്ററിന്റെ ഈ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം അശാസ്ത്രീയമായ ഇന്ധന വിപണനം സാധാരണക്കാരായ വാഹനയാത്രക്കാർക്കും കർഷകർക്കും വലിയ ബുദ്ധിമുട്ടാണ് സമ്മാനിക്കുന്നത്. പല സംസ്ഥാനങ്ങളും ഈ നിയമവിരുദ്ധ പ്രവണതയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയും ഇത് തടയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വൻകിടക്കാർ കൂട്ടത്തോടെ ചില്ലറ വിൽപന പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ രാജ്യത്തെ ചില്ലറ വിൽപന മേഖലയിലെ ഹൈ സ്‌പീഡ് ഡീസൽ വിപണനത്തിൽ ഇരട്ട അക്ക വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം വ്യാവസായിക ഉപഭോക്താക്കൾക്കായി സ്ഥാപിച്ചിട്ടുള്ള കൺസ്യൂമർ പമ്പുകളിലെ വിൽപനയിൽ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തു. നിലവിലെ വിപണി പ്രതിസന്ധി മുതലെടുത്ത് ചിലർ നടത്തുന്ന ഈ ചൂഷണം തടയാനുള്ള താൽക്കാലിക നടപടിയാണ് പുതിയ ഉത്തരവ്.

മൊത്തവ്യാപാര ഡീസൽ വിലയും ചില്ലറ വിൽപന നടത്തുന്ന പമ്പുകളിലെ വിലയും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഈ അട്ടിമറിക്ക് കാരണം. ഉദാഹരണത്തിന്, ഡൽഹിയിൽ നിലവിൽ ഇന്ധന പമ്പുകളിലെ ചില്ലറ വിൽപന വില ലിറ്ററിന് 95.20 രൂപയാണെങ്കിൽ, മൊത്തവ്യാപാര നിരക്ക് ലിറ്ററിന് 134.50 രൂപയാണ്. ഫെബ്രുവരി അവസാന വാരത്തിലുണ്ടായ പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നപ്പോൾ, സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ ചില്ലറ വിൽപന നിരക്കുകൾ വർദ്ധിപ്പിക്കാതെ സന്തുലിതമായി നിലനിർത്തിയിരുന്നു. എന്നാൽ ടെലികോം ടവറുകൾ, ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്ന വ്യവസായങ്ങൾ, എണ്ണ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയ വൻകിട ഉപഭോക്താക്കൾക്ക് വിപണിധിഷ്ഠിതമായ ഉയർന്ന മൊത്തവ്യാപാര നിരക്കാണ് ഈടാക്കുന്നത്. ഇതാണ് സാധാരണ പമ്പുകളിലേക്ക് വൻകിടക്കാർ മാറാൻ കാരണം.

ഇന്ധന ക്ഷാമമില്ല; കരിഞ്ചന്ത തടയാൻ കർശന നിർദ്ദേശം

രാജ്യത്ത് നിലവിൽ ഇന്ധന ക്ഷാമമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, സാധാരണക്കാർക്കുള്ള ഇന്ധനം വ്യാവസായിക ആവശ്യങ്ങൾക്കായി മറിച്ചുവിടുന്നത് തടയാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കർശന നിർദ്ദേശം നൽകി. വൻകിടക്കാർ കൂട്ടത്തോടെ ചില്ലറ വിൽപന പമ്പുകളെ ആശ്രയിക്കുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് പ്രാദേശികമായി ഇന്ധനക്ഷാമം ഉണ്ടാക്കാനും അവശ്യസേവനങ്ങളെ ബാധിക്കാനും ഇടയാക്കുമെന്ന് സർക്കാർ നിരീക്ഷിച്ചു.

ഇന്ധന വിതരണത്തിലെ അട്ടിമറികളും കരിഞ്ചന്തയും തടയാൻ എണ്ണക്കമ്പനികൾക്കും സംസ്ഥാന സർക്കാരുകൾക്കും പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. 90 ദിവസത്തെ പ്രാരംഭ നിയന്ത്രണത്തിന് ശേഷം സാഹചര്യങ്ങൾ വിലയിരുത്തി പുതിയ വിജ്ഞാപനത്തിലൂടെ ഇതിന്റെ കാലാവധി നീട്ടാനും കേന്ദ്രത്തിന് അധികാരമുണ്ട്. അതേസമയം, പ്രത്യേക സാഹചര്യങ്ങളിൽ ഏതെങ്കിലും ഉപഭോക്താവിനോ മേഖലയ്ക്കോ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകാൻ സർക്കാരിന് പ്രത്യേക ഉത്തരവിലൂടെ സാധിക്കും. രാജ്യത്തുടനീളം ഇന്ധന വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കി

The Ministry of Petroleum and Natural Gas has officially barred industrial, commercial, and institutional consumers from procuring petrol and diesel through retail fuel stations, directing them instead to rely strictly on designated bulk supply networks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

സ്വര്‍ണ വിലയില്‍ വന്‍വര്‍ധന; പവന് ഒറ്റയടിക്ക് 2160 രൂപ കൂടി

പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം, ഷിഗെല്ല ഇതുവരെ 114 പേർക്ക്, അമീബിക് മസ്തിഷ്‌കജ്വരം 133, എഇഎസ് 62 കേസുകള്‍, റിപ്പോര്‍ട്ട്

'സ്ത്രീകളെ അപമാനിക്കുന്ന പരാമർശം, നീക്കം ചെയ്ത വിഡിയോ പങ്കുവച്ചാൽ നിയമനടപടി'; തൊപ്പി ​ഗ്യാങിനെതിരെ ഹനാൻ ഷാ

രാജ്യസഭ തെരഞ്ഞെടുപ്പ്: 24 സീറ്റില്‍ എതിരില്ലാതെ ജയം; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

SCROLL FOR NEXT