നരേന്ദ്ര മോദി  AI Generated Image
Business

'രാമരാജ്യ'ത്തിന്റെ പ്രതിഫലനം; 12 വര്‍ഷത്തിനിടെ ആദായനികുതി ഭാരം കുറഞ്ഞെന്ന് കേന്ദ്രം

2014 മുതല്‍ മോദി സര്‍ക്കാര്‍ നാല് തവണ നികുതി ഇളവുകള്‍ നല്‍കിയതായും രേഖയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

ന്യൂഡല്‍ഹി: കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദായനികുതി ഭാരം കുറച്ചത് 'രാമരാജ്യ' ദര്‍ശനത്തിന്റെ പ്രതിഫലനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്ര മോദി രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയതിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജിഎസ്ടി, ഫേസ്‌ലെസ് ടാക്സ് സംവിധാനം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പൊതുസംവിധാനങ്ങളിലുള്ള വിശ്വാസം വര്‍ധിപ്പിച്ചെന്നും, ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള യാത്രയ്ക്ക് ഇവ പിന്തുണ നല്‍കുമെന്നും ലഘുലേഖയില്‍ പറയുന്നു.

2014 മുതല്‍ മോദി സര്‍ക്കാര്‍ നാല് തവണ നികുതി ഇളവുകള്‍ നല്‍കി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ വാര്‍ഷിക നികുതിരഹിത വരുമാന പരിധി ആറു തവണ വര്‍ധിപ്പിച്ചിട്ടുണ്ട്‌. 2 ലക്ഷം രൂപയില്‍ നിന്ന് 12.75 ലക്ഷം രൂപയായി അത് ഉയര്‍ന്നു. അതേസമയം, ആദായനികുതി ദായകരുടെ എണ്ണം 5.26 കോടിയില്‍ നിന്ന് 12.13 കോടിയായി ഉയര്‍ന്നതായും ലഘുലേഖയില്‍ വ്യക്തമാക്കുന്നു.

'സര്‍ക്കാരിന്റെ വരുമാനം വര്‍ധിച്ചപ്പോള്‍ ആ പണം ഖജനാവില്‍ കിടന്നില്ല; അത് ജനങ്ങളിലേക്കുതന്നെ തിരിച്ചെത്തി. റോഡുകള്‍, ആശുപത്രികള്‍, അടിസ്ഥാനസൗകര്യ വികസനം, രാജ്യത്തിന്റെ ഭാവി ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ എന്നിവയ്ക്കായാണ് ഈ നിക്ഷേപങ്ങള്‍ ഉപയോഗിച്ചത്. ആദായനികുതി റീഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കിയതിലൂടെ നികുതിദായകര്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കി. നികുതി ഭാരം കുറഞ്ഞു, ജന വിശ്വാസം വര്‍ധിച്ചു. ജനങ്ങള്‍ തങ്ങളുടെ പണം റോഡുകളിലേക്കും ആശുപത്രികളിലേക്കും രാജ്യത്തിന്റെ ഭാവിയിലേക്കും പോകുന്നത് കാണുന്നു. അതിനാലാണ് നികുതിദായകരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നത്. ഇതാണ് നല്ല ഭരണവും 'രാമരാജ്യ'ത്തിന്റെ സന്ദേശവും' -ലഘുലേഖയില്‍ പറയുന്നു.

2014 മെയ് 26നാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 2019ല്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2024 ജൂണ്‍ 9ന് തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി. 2026 ജൂണ്‍ 10ന്, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 4,398 ദിവസം അധികാരത്തിലിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡ് മോദി മറികടന്നു. 1947 മുതല്‍ 1952 വരെ നെഹ്റു ഇടക്കാല സര്‍ക്കാരിന്റെ തലവനായാണ് പ്രവര്‍ത്തിച്ചതെന്നും പൊതുതെരഞ്ഞെടുപ്പ് 1952ലാണ് നടന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

2013ല്‍ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ അഞ്ച് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യയെ കണക്കാക്കിയിരുന്നുവെങ്കിലും, നിര്‍ണായക പരിഷ്‌കാരങ്ങളിലൂടെ സ്ഥിതി പൂര്‍ണമായും മാറിയെന്ന് രേഖ അവകാശപ്പെടുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ നിലകൊള്ളുന്നു. ഈ വലിയ മാറ്റത്തിന് പിന്നില്‍ നിര്‍ണായക പരിഷ്‌കാരങ്ങളുണ്ട്. ജിഎസ്ടി നടപ്പാക്കിയതിലൂടെ രാജ്യത്തെ ഏകീകൃത വിപണിയാക്കി മാറ്റി. ബാങ്കിങ് പരിഷ്‌കാരങ്ങളിലൂടെ കിട്ടാക്കടങ്ങളുടെ തോത് കുറയ്ക്കാനായി.

12 വര്‍ഷത്തെ പരിഷ്‌കാരങ്ങള്‍ പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസമായി മാറി. ജിഎസ്ടി, ഫേസ്‌ലെസ് ടാക്സ്, ഡിജിറ്റല്‍ ഇന്ത്യ എന്നിങ്ങനെ ഓരോ പദ്ധതിയും പൗരര്‍ക്കും രാഷ്ട്രനിര്‍മാണത്തില്‍ പങ്കുണ്ടെന്ന ബോധ്യം സൃഷ്ടിച്ചു. ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്കാണ് നീങ്ങുന്നത്. അത് ഒരു സംഖ്യ മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളുടെ ഉയര്‍ച്ചയാണ്. അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ജീവിതം ലളിതമാക്കി. എല്ലാ വരുമാന വിഭാഗങ്ങള്‍ക്കും 10 ശതമാനം വരെ ലാഭം ലഭ്യമാക്കി.

ഏപ്രിലില്‍ ജിഎസ്ടി വരുമാനം സര്‍വകാല റെക്കോര്‍ഡായ 2.42 ലക്ഷം കോടി രൂപയിലെത്തി. പരിഷ്‌കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മധ്യവര്‍ഗം മാറി. ആഭ്യന്തര ഉപഭോഗം 2 ലക്ഷം കോടി രൂപ വര്‍ധിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ ഏകദേശം 2 ലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭം നേടിയതായും സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

Income tax burden reduction over 12 years reflects 'Ramrajya', says government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ല'; രണ്ടാഴ്ചയ്ക്കിടെ ജീവന്‍ നഷ്ടമായത് ആറുപേര്‍ക്ക്; ഒരു സംവിധാനവും ഉണ്ടായില്ല'

'മോദിയുടെ ശത്രു'; ശത്രുഘ്‌നന്‍ സിന്‍ഹ, യൂസഫ് പഠാന്‍ ... 19 എംപി മാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക്; റിപ്പോര്‍ട്ട്

പെട്രോള്‍ അടിച്ചത് 500 രൂപയ്ക്ക്, സ്‌കാനര്‍ വഴി അയച്ചത് 50,000; ബാക്കി പണമായി വാങ്ങി, പിന്നാലെ അക്കൗണ്ട് ഫ്രീസ്; ന്യൂജെന്‍ തട്ടിപ്പില്‍ മുന്നറിയിപ്പ്‌

കൂടുതല്‍ പേര്‍ക്ക് ഷിഗല്ല; വയനാട്ടില്‍ 13 സ്‌കൂള്‍ക്ക് അവധി; ജാഗ്രത

ലോകകപ്പില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ

SCROLL FOR NEXT