പ്രതീകാത്മക ചിത്രം AI Generated Image
Business

ഇന്ത്യക്കാരുടെ കൈവശമുള്ളത് 32,000 ടണ്‍ സ്വര്‍ണം! മാര്‍ക്കറ്റിലെത്തിയാല്‍ രാജ്യത്തിന് വന്‍നേട്ടം; മോദിയുടെ ആഹ്വാനം ചുമ്മാതല്ല

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 7,200 കോടി ഡോളര്‍ മൂല്യമുള്ള സ്വര്‍ണം ഇറക്കുമതി ചെയ്തു. ഇത് രാജ്യത്തിന്റെ ആകെ ഇറക്കുമതി ബില്ലിന്റെ 10 ശതമാനത്തോളം വരും

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്വര്‍ണത്തോടുള്ള പ്രത്യേക താല്‍പര്യം ലോക പ്രസിദ്ധമാണ്. വിവാഹങ്ങളിലും ആഘോഷ വേളകളിലും സ്വര്‍ണം വാങ്ങുന്നതു കൂടാതെ പാരമ്പര്യമായി തലമുറകള്‍ കൈമാറിവരുന്നതും നിക്ഷേപകര്‍ സ്വന്തമാക്കി വെച്ചിരിക്കുന്നതുമായി ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണം എത്രയെന്നതിന് കൃത്യമായ കണക്കുകളില്ല എന്നതാണ് യാഥാര്‍ഥ്യം. ഓരോ വര്‍ഷവും ടണ്‍കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുമ്പോഴും ഇന്ത്യന്‍ വീട്ടകങ്ങളില്‍ ഇതിലും എത്രയോ ഇരട്ടി പുറംലോകം കാണാതെ ഒളിഞ്ഞിരിക്കുന്നുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

30,000 മുതല്‍ 32,000 ടണ്‍ വരെ സ്വര്‍ണം ഇന്ത്യന്‍ വീടുകളിലുണ്ടെന്നാണ് വിപണി വിദഗ്ധര്‍ കണക്കാക്കുന്നത്. ഇത് 35,000 ടണ്‍ വരെയാകാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഉപയോഗിക്കപ്പെടാതെ ലോക്കറുകളിലോ അലമാരകളിലോ വോള്‍ട്ടുകളിലോ സൂക്ഷിച്ചിരിക്കുകയാണ് ഇത്രയധികം സ്വര്‍ണം. 3.8 ലക്ഷംകോടി രൂപയുടെ മൂല്യം വരുമിതിന്‌. ഇതില്‍ ചെറിയൊരളവ് പുറത്തുവന്നാല്‍ തന്നെ അത് സ്വര്‍ണ വിപണിയില്‍ വലിയ മാറ്റമാണ് വരുത്തുക.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാര്‍ പുതിയ സ്വര്‍ണം വാങ്ങുന്ന പ്രവണത കുറയ്ക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. വിദേശത്തുനിന്ന് വാങ്ങല്‍ കുറയ്ക്കുന്നതു വഴി രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം കുറയാതെ സൂക്ഷിക്കാമെന്നും ഇതുവഴി രൂപയുടെ മൂല്യം തകരാതെ സംരക്ഷിക്കാമെന്നതുമാണ് ഇതിനു പിന്നിലെ പ്രധാന കാരണം. രാജ്യത്തിന്റെ ഉയര്‍ന്ന സ്വര്‍ണ ഇറക്കുമതി ബില്‍ കുറയ്ക്കുകയെന്നത് ഈ ആഹ്വാനത്തിന്റെ പ്രധാന ലക്ഷ്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് ഡോളറിലാണ് പണം നല്‍കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 7,200 കോടി ഡോളര്‍ (ഏകദേശം 6 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്വര്‍ണം ഇറക്കുമതി ചെയ്തു. ഇത് രാജ്യത്തിന്റെ ആകെ ഇറക്കുമതി ബില്ലിന്റെ 10 ശതമാനത്തോളം വരും. ആഗോള അനിശ്ചിതത്വവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും കാരണം ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 69,100 കോടി ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. അനാവശ്യ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് സഹായകരമാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

റീസൈക്ലിങ് എങ്ങനെ സഹായിക്കും?

പുതിയ സ്വര്‍ണം വാങ്ങുന്നതിനുപകരം, വീട്ടിലുള്ള പഴയ ആഭരണങ്ങള്‍ മാറ്റി പുതിയ ആഭരണങ്ങള്‍ വാങ്ങുകയോ അവ ഉരുക്കി പുനരുപയോഗിക്കുകയോ ചെയ്താല്‍ പുതിയ സ്വര്‍ണം ഇറക്കുമതി ചെയ്യേണ്ട ആവശ്യം കുറയും. ഇതുവഴി രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന ഡോളറിന്റെ അളവും കുറയും. ജ്വല്ലറി വ്യാപാരികളുടെ അഭിപ്രായത്തില്‍, സ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ നിരവധി ഉപഭോക്താക്കള്‍ ഇതിനകം തന്നെ പഴയ ആഭരണങ്ങള്‍ കൈമാറി പുതിയവ വാങ്ങുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഇതിലൂടെ പുതിയ ഇറക്കുമതിയുടെ ആവശ്യകത കുറയുന്നുണ്ട്.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സ്വര്‍ണ ഇറക്കുമതി 30-40 ശതമാനം കുറഞ്ഞാല്‍ പ്രതിവര്‍ഷം 20 മുതല്‍ 2500 കോടി ഡോളര്‍ വരെ ലാഭിക്കാനാകും. ഇറക്കുമതി 50 ശതമാനം വരെ കുറഞ്ഞാല്‍ ഏകദേശം 3600 കോടി ഡോളര്‍ വരെ ലാഭിക്കാം. ഇത് ഇന്ത്യയുടെ നിലവിലെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റിന്റെ വലിയൊരു ഭാഗം നികത്താന്‍ സഹായിക്കും.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. ഇതിലൂടെ സ്വര്‍ണവില കൂടുതല്‍ ഉയരുകയും ആവശ്യകത കുറയുകയും ചെയ്യും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇറക്കുമതി കുറയുന്നത് വിദേശനാണ്യ ശേഖരത്തിന് ഗുണകരമാണെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ സ്വര്‍ണക്കടത്ത് വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുമ്പ് ഉയര്‍ന്ന തീരുവകള്‍ നിലനിന്നിരുന്ന സമയത്ത് സ്വര്‍ണക്കടത്ത് വര്‍ധിച്ച അനുഭവം ഇന്ത്യക്കുണ്ട്.

India Sits On 32,000 Tonnes of Gold. Why PM Modi Wants It Back In Play

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

വൈദ്യുതി വകുപ്പ് ജനങ്ങളിലേക്ക്; ഊർജ്ജ മേഖലയെ ജനസൗഹൃദമാക്കാൻ നിർദ്ദേശങ്ങൾ ക്ഷണിച്ച് വൈദ്യുതി മന്ത്രി

'അയാള്‍ തനിച്ചായിരുന്നു, ഗതാഗതക്കുരുക്കില്‍ ഗര്‍ഭിണിയായ സ്ത്രീ കുടുങ്ങിയിട്ടില്ല'; വിശദീകരണവുമായി ബംഗളൂരു പൊലീസ്

പോളിടെക്‌നിക് കഴിഞ്ഞോ?, ഇന്ത്യൻ നേവിയിൽ ജോലി നേടാം;മികച്ച ശമ്പളവും അനുകൂല്യങ്ങളും

'എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു'; ഗുരുതര ആരോപണവുമായി ജൂലി

SCROLL FOR NEXT