ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 87,960 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 468 പോയിന്റ് ആണ് താഴ്ന്നത്. എണ്ണവിലയുടെ കുതിപ്പ്, ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഭാരതി എയര്‍ടെലിന് മാത്രം കഴിഞ്ഞയാഴ്ച 28,052 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 12,14,963 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം താഴ്ന്നത്. ടിസിഎസ് 22,070 കോടി, എസ്ബിഐ 20,861 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 16,975 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
അതേസമയം എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. കഴിഞ്ഞയാഴ്ച 12,650 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5,35,980 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സ്, എല്‍ആന്റ്ടി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates