ന്യൂഡല്‍ഹി: വാഹന യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് രാജ്യത്ത് തുടക്കമായി. റോഡ് സുരക്ഷയ്ക്ക് പുറമേ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡം 3.5 ടണ്‍ വരെയാക്കി ഉയര്‍ത്തി പരിഷ്‌കരിക്കാനും ലക്ഷ്യമിട്ടുള്ള പ്രോഗ്രാമിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു.ജനങ്ങളുടെ ജീവനും റോഡ് സുരക്ഷയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. പദ്ധതി ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വിപണിയില്‍ ലഭ്യമായ കാറുകളുടെ ക്രാഷ് സേഫ്റ്റി താരതമ്യം ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പദ്ധതി. താരതമ്യ പഠനത്തിലൂടെ ഏറ്റവും സുരക്ഷമായ കാര്‍ ഏതാണ് എന്ന് കണ്ടെത്തി അത് വാങ്ങാന്‍ ഉപഭോക്താവിന് കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
വിപണിയിലുള്ള വിവിധ വാഹനങ്ങള്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന് മുന്‍കൂട്ടി മനസിലാക്കി കാര്‍ വാങ്ങാന്‍ ഉപഭോക്താവിനെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് 197 പ്രകാരം കാറുകളെ സ്വമേധയാ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാന്‍ ഉല്‍പ്പാദകരെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ക്രാഷ് ടെസ്റ്റിന് ശേഷം കാറുകള്‍ക്ക് റേറ്റിങ് നല്‍കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വാഹന സുരക്ഷയെ മുന്‍നിര്‍ത്തിയാണ് റേറ്റിങ് നല്‍കുക. ഇത് വിശകലനം ചെയ്ത് കൂടുതല്‍ സുരക്ഷ നല്‍കുന്ന വാഹനമേതാണ് എന്ന് കണ്ടെത്താന്‍ ഉപഭോക്താവിന് അവസരം നല്‍കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച വാഹനങ്ങള്‍ക്ക് ത്രീസ്റ്റാര്‍ റേറ്റിങ് ആണ് നല്‍കുക. ഇത്തരത്തില്‍ റേറ്റിങ് ഉപയോഗിച്ച് ഉപഭോക്താവിന് സുരക്ഷിതമെന്ന് തോന്നുന്ന വാഹനം തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
ഈ പദ്ധതിയിലൂടെ സുരക്ഷിത വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യകത വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി വാഹനം നിര്‍മ്മിക്കാന്‍ ഉല്‍പ്പാദകരെ ഇത് പ്രേരിപ്പിക്കും. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നതോടെ, ഇന്ത്യന്‍ കാറുകള്‍ക്ക് ആഗോള തലത്തില്‍ മത്സരിക്കാനുള്ള അവസരവും ലഭിക്കും. ഇത് കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates