മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ ദേശീയ ഓഹരി വിപണിയിലെ (എന്‍എസ്ഇ) കേരളത്തിന്റെ സാന്നിധ്യത്തില്‍ വലിയ കുതിച്ചുചാട്ടം. ദേശീയ ഓഹരി വിപണിയിലെ മലയാളി നിക്ഷേപകരുടെ എണ്ണം ഏകദേശം 32 ലക്ഷമായി ഉയര്‍ന്നു. കോവിഡ് കാലഘട്ടത്തിനുശേഷം 3.4 മടങ്ങിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
2010 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്ത് നിന്നുള്ള നിക്ഷേപകരുടെ രജിസ്‌ട്രേഷനില്‍ ഒമ്പത് മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍ദശാബ്ദത്തെ അപേക്ഷിച്ച് നിക്ഷേപകരുടെ എണ്ണത്തില്‍ 17.5 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2021 മുതലുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ദേശീയ ഓഹരി വിപണിയില്‍ 20.6 ലക്ഷം പുതിയ നിക്ഷേപകരാണ് കേരളത്തില്‍ നിന്ന് ഉണ്ടായത്.
കേരളത്തിന്റെ നിക്ഷേപത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. 2022ലെ 25.3 ശതമാനത്തില്‍ നിന്ന് 2025 ആയപ്പോഴേക്കും 28.1 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ സ്ത്രീ പങ്കാളിത്തത്തില്‍ 3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ദേശീയ ശരാശരി 24.7 ശതമാനം മാത്രമാണ് എന്നിരിക്കെയാണ് ഈ വര്‍ധന.
ദേശീയ ഓഹരി വിപണിയിലെ മലയാളി നിക്ഷേപകരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് എറണാകുളമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.7 ലക്ഷം പുതിയ നിക്ഷേപകരാണ് എറണാകുളം ജില്ലയില്‍ നിന്ന് ഉണ്ടായത്. കേരളത്തില്‍ നിന്നുള്ള മൊത്തം പുതിയ നിക്ഷേപകരില്‍ എറണാകുളത്തിന്റെ പങ്ക് 12.2 ശതമാനം വരും. തൃശൂര്‍ (1.2 ലക്ഷം), മലപ്പുറം (1.5 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു ജില്ലകള്‍. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നിക്ഷേപകരെ സംരക്ഷിക്കുന്നതില്‍ എക്‌സ് ചേഞ്ചിന്റെ പ്രതിബദ്ധതയാണ് ഇതില്‍ പ്രകടമാകുന്നതെന്ന് എന്‍എസ്ഇ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ പുതുമുഖങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇവ കൃത്യമായി മനസ്സിലാക്കാന്‍ സമയമുണ്ടെങ്കില്‍ മാത്രം വിപണിയില്‍ നേരിട്ട് വ്യാപാരം നടത്തുക. അല്ലെങ്കില്‍ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2012-13ല്‍ കുടുംബങ്ങളുടെ 58 ശതമാനം സമ്പാദ്യവും സ്ഥിര നിക്ഷേപങ്ങളിലായിരുന്നു. വെറും 1.8 ശതമാനം മാത്രമായിരുന്നു ഓഹരി വിപണികളില്‍. 2025 സാമ്പത്തിക വര്‍ഷത്തോടെ സ്ഥിര നിക്ഷേപങ്ങള്‍ 35 ശതമാനമായി കുറഞ്ഞു. അതേസമയം വിപണി നിക്ഷേപം ഉയര്‍ന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates