ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയൊരധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും. ഹരിത ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പായി മാറുന്ന അത്യാധുനിക പരിസ്ഥിതി സൗഹൃദ ട്രെയിന്‍ ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, ചൈന, യുഎസ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വിജയകരമായി ഓടിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്നതോടെ അത്യാധുനിക സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ലോകത്തിലെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരും.
ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് പദ്ധതി. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഈ ട്രെയിന്‍ ആദ്യ ഘട്ടത്തില്‍ ഹരിയാനയിലെ ജിന്ദ് - സോനിപത് റൂട്ടിലാണ് സര്‍വീസ് നടത്തുക. 2030-ഓടെ ഇന്ത്യന്‍ റെയില്‍വേയെ പൂര്‍ണമായും കാര്‍ബണ്‍ രഹിതമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയെ കുതിച്ചുചാട്ടമാണിത്. പൈലറ്റ് പ്രോജക്റ്റ് വിജയകരമാകുന്നതോടെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലകളായ ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക-ഷിംല തുടങ്ങിയ പൈതൃക മലയോര പാതകളിലും ഹൈഡ്രജന്‍ ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
പ്രധാന സവിശേഷതകള്‍
പരമ്പരാഗത ഡീസല്‍ ട്രെയിനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാത്ത സാങ്കേതികവിദ്യയാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹാനികരമായ പുകയോ കാര്‍ബണ്‍ വാതകങ്ങളോ ഈ ട്രെയിന്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നില്ല. ഓക്‌സിജനും ഹൈഡ്രജനും തമ്മില്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ട്രെയിന്‍ ഓടുന്നത്. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി പുറത്തുവരുന്നത് നീരാവിയും ജല കണികകളും മാത്രമാണ്.
ഭീമന്‍ ഡീസല്‍ എന്‍ജിനുകളെപ്പോലെ വലിയ ശബ്ദകോലാഹലങ്ങള്‍ ഈ ട്രെയിനുകള്‍ ഉണ്ടാക്കുന്നില്ല. വളരെ കുറഞ്ഞ ശബ്ദത്തില്‍ സുഗമമായി സഞ്ചരിക്കാന്‍ കഴിയുമെന്നത് യാത്രക്കാര്‍ക്കും ട്രാക്കിന് സമീപം താമസിക്കുന്നവര്‍ക്കും വലിയ ആശ്വാസമാകും. ട്രെയിനിന്റെ മുകള്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ഹൈഡ്രജന്‍ സംഭരണികളില്‍ നിന്നാണ് ഇന്ധനം ഫ്യുവല്‍ സെല്ലുകളിലേക്ക് എത്തിക്കുന്നത്. ഇത് ആവശ്യാനുസരണം ഉയര്‍ന്ന അളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയും ട്രെയിനിന്റെ മോട്ടോറുകളെ ചലിപ്പിക്കുകയും ചെയ്യുന്നു.
തദ്ദേശീയ സാങ്കേതികവിദ്യ വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കാതെ, കേന്ദ്ര സര്‍ക്കാരിന്റെ 'മേക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഗവേഷണ വിഭാഗമാണ് ഈ ട്രെയിനിന്റെ സാങ്കേതികവിദ്യ പൂര്‍ണമായും വികസിപ്പിച്ചെടുത്തത്. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇതിന്റെ ഉള്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകള്‍, അത്യാധുനിക സീറ്റുകള്‍, വലിയ ജനലുകള്‍, ട്രാഫിക് സുരക്ഷയ്ക്കായുള്ള 'കവച്' സംവിധാനം, റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം, ബയോ ടോയ്ലറ്റുകള്‍ എന്നിവ ഇതിലുണ്ട്.
ഒരേസമയം 2600 പേര്‍ക്ക് സഞ്ചരിക്കാനുള്ള സംവിധാനമാണ് നിലവില്‍ ട്രെയിനിലുള്ളത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകുമെങ്കിലും നിലവില്‍ 75 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ ഓടിക്കുക. ജിന്ദില്‍ പ്രത്യേക ഹൈഡ്രജന്‍ ഉത്പാദന, റീഫ്യുവലിങ് പ്ലാന്റ് സജ്ജമാക്കിയിട്ടുണ്ട്. കംപ്രസ് ചെയ്ത ഹൈഡ്രജന്‍ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ഇവിടെയുണ്ട്.
ഹരിയാനയിലെ ജിന്ദില്‍ നിന്നും ആരംഭിച്ച് സോണിപത് വരെയുള്ള ഏകദേശം 89 കിലോമീറ്റര്‍ ദൂരമാണ് ഹൈഡ്രജഡന്‍ ട്രെയിന്‍ ആദ്യ ഘട്ടത്തില്‍ സഞ്ചരിക്കുക. ഈ റൂട്ടിലെ പ്രധാന നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സാധാരണക്കാര്‍ക്കും ഓഫിസ് ജോലിക്കാര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന സ്റ്റോപ്പുകള്‍: ജിന്ദ് ജങ്ഷന്‍, പില്ലു ഖേര, സഫിദോന്‍, ബുധാന, ഗോഹാന, സോനിപത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates