post office scheme file
Business

മാസ വരുമാനം നേടാന്‍ രണ്ട് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍; അഞ്ചു ലക്ഷം നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, വിശദാംശങ്ങള്‍

സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ, പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതികളാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സകീമും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ, പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതികളാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സകീമും. ഇരു പദ്ധതികളുടെയും പലിശ നിരക്കിലും വരുമാനം ലഭിക്കുന്ന ഇടവേളയിലും വ്യത്യാസമുണ്ട്. 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ വരുമാനം ലഭിക്കുമെന്ന് നോക്കാം.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം. 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 20,500 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.

മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.

കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.

ജൂലൈ സെപ്റ്റംബര്‍ കാലത്തേക്ക് 8.2 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ പലിശ നിരക്ക്. ഈ സ്‌കീമില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 40966 രൂപയാണ്. ഈ സ്‌കീമില്‍ പലിശ നല്‍കുന്നത് മൂന്നു മാസത്തിലൊരിക്കലാണ്.

മാസം തോറുമുള്ള വരുമാന പദ്ധതി

നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

ഈ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഓരോ പാദങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കും. മാസ വരുമാന പദ്ധതിയില്‍ ചേരാന്‍ 10 വയസാണ് പ്രായപരിധി. ഇതില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ 36,996 രൂപയാണ് പലിശയായി ലഭിക്കുക.

post office monthly income scheme and senior citizen savings scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

'കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമലംഘനം': മനുഷ്യാവകാശ കമ്മീഷൻ

കരം അടച്ച രസീത് നോക്കി എത്ര സെന്റ് എന്ന് മനസിലാക്കാന്‍ പറ്റുന്നില്ലേ?; ഇതാ എളുപ്പമാര്‍ഗം

നേപ്പാള്‍ പ്രളയം; 16 മലയാളികൾ കൂടി നാട്ടിലെത്തി, ഇനി കണ്ടെത്താനുളളത് ഏഴ് പേർ

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു, ചേന്തി അനിലിനെ പുറത്താക്കി കോൺഗ്രസ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ