കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസികള്‍ അയക്കുന്ന പണമാണ്. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ അധ്വാനിച്ച് ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്. ഇവരുടെ സംഭാവനകളെ മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് പ്രവാസികള്‍ക്ക് ജീവിതകാലം മുഴുവന്‍ സുരക്ഷിതമായ പലിശയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി.
എന്താണ് പ്രവാസി ഡിവിഡന്റ് പദ്ധതി?
പ്രവാസി മലയാളികളുടെ സമ്പാദ്യത്തിന് സര്‍ക്കാരിന്റെ പൂര്‍ണ ഗ്യാരണ്ടിയും ജീവിതകാലം മുഴുവന്‍ ഉറപ്പുള്ള ലാഭവിഹിതവും ഉറപ്പാക്കുന്ന ദീര്‍ഘകാല സ്വഭാവമുള്ള ഒരു സര്‍ക്കാര്‍ പദ്ധതിയാണിത്.
നിക്ഷേപിക്കുന്ന തുക സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായാണ് വിനിയോഗിക്കുന്നത്. ലാഭവിഹിതത്തിന്റെ തോത് ആണ് ഏറെ ആകര്‍ഷണം. 10 ശതമാനം ലാഭവിഹിതമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
നിക്ഷേപം നടത്തി ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ഈ 10 ശതമാനം ലാഭവിഹിതം മുതലിനോട് കൂട്ടിച്ചേര്‍ക്കും. മൂന്നാം വര്‍ഷം അവസാനമുള്ള ആകെ തുകയുടെ 10 ശതമാനം ആയിരിക്കും പിന്നീട് പ്രതിമാസ ഗഡുക്കളായി ലഭിക്കുക. അതായത് ഈ നിബന്ധന ഒരു മൂന്ന് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് പോലെയാണ്.
ഈ കാലാവധി കഴിഞ്ഞാല്‍ നിക്ഷേപകന് ജീവിതാവസാനം വരെ മാസം തോറും ഡിവിഡന്റ് ലഭിക്കും. അതായത് മാസംതോറുമുള്ള പെന്‍ഷന്‍ പ്ലാന്‍, അല്ലെങ്കില്‍ മാസംതോറുമുള്ള വരുമാനം എന്ന നിലയില്‍ ഇത് പ്രവര്‍ത്തിക്കും. നിക്ഷേപകന്റെ മരണശേഷം, ജീവിതപങ്കാളിക്ക് ജീവിതാവസാനം വരെ ഈ പ്രതിമാസ തുക ലഭിക്കും. രണ്ടുപേരുടെയും കാലശേഷം നിക്ഷേപ തുക നിയമപരമായ അവകാശിക്ക് അല്ലെങ്കില്‍ നോമിനിക്ക് കിട്ടും.
നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ഏതൊരു മലയാളിക്കും ഈ പദ്ധതി പ്രയോജനകരമാണ്. വിദേശത്ത് നിന്ന് മടങ്ങിയവര്‍ക്കും ഇതില്‍ ചേരാം. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ആറു മാസത്തിലധികമായി ജോലി ചെയ്തുവരുന്ന മലയാളികള്‍ക്കും ഈ പദ്ധതി ഉപയോഗിക്കാന്‍ കഴിയും.
എത്ര രൂപ നിക്ഷേപിക്കണം?
പദ്ധതിയില്‍ കുറഞ്ഞ നിക്ഷേപ തുക മൂന്ന് ലക്ഷം രൂപയാണ്. പരമാവധി നിക്ഷേപ തുക 51 ലക്ഷം രൂപയാണ്. മൂന്ന് ലക്ഷത്തിന്റെ ഗുണിതങ്ങളായി വേണം നിക്ഷേപിക്കാന്‍. അതായത് 3 ലക്ഷം, 6 ലക്ഷം, 9 ലക്ഷം എന്നിങ്ങനെ നിക്ഷേപിക്കാം. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ആണ് ഈ പദ്ധതി നടത്തുന്നതും നിയന്ത്രിക്കുന്നതും. പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://www.pravasikerala.org) സന്ദര്‍ശിച്ച് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. ബാങ്ക് എഫ്ഡികള്‍ പോലെ ഇടയ്ക്ക് പണം പിന്‍വലിക്കുക എളുപ്പമല്ല. ദീര്‍ഘകാല പ്രതിമാസ വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് മാത്രമാകും ഈ പദ്ധതി നേട്ടമാകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates