മുംബൈ: മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും വേണ്ടിയാണ് നടപടിക്രമം ലളിതമാക്കാനും വേഗത്തിലാക്കാനും റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. കാലതാമസം വന്നാല്‍ നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും നഷ്ടപരിഹാരവും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനുള്ള കരട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്ക് 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. 2026 ജനുവരി ഒന്നോടെ നടപ്പാക്കാനാണ് നീക്കം. ബാങ്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫോമുകള്‍ ഉപയോഗിക്കണമെന്നും അവ ബ്രാഞ്ചുകളിലും അവരുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കണം. ആവശ്യമായ രേഖകളുടെ പട്ടികയും ഘട്ടം ഘട്ടമായുള്ള ക്ലെയിം നടപടിക്രമങ്ങളും സഹിതമായിരിക്കണം ഇത് ലഭ്യമാക്കേണ്ടതെന്നും കരടില്‍ നിര്‍ദ്ദേശിക്കുന്നു.
അക്കൗണ്ട് ഉടമകള്‍ മരിച്ച് ഏറെനാളായിട്ടും നടപടിക്രമത്തിലെ അവ്യക്തതമൂലം അവകാശികള്‍ക്ക് ക്ലെയിം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിത്. അക്കൗണ്ടിലെ പണം ലഭിക്കാനും ലോക്കറിലെ വസ്തുക്കള്‍ ലഭിക്കാനുമായി അവകാശികള്‍ നല്‍കേണ്ട രേഖകള്‍, അപേക്ഷാഫോം, എന്നിവ ഏകീകൃതമായിരിക്കും. അവകാശിയെ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ക്ലെയിം ഫോം, അക്കൗണ്ട് ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ്, നോമിനി, അവകാശിയുടെ തിരിച്ചറിയല്‍ രേഖ, മേല്‍വിലാസ രേഖ എന്നിവ നല്‍കിയാല്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. നോമിനിയെ നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ അവകാശിയെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം. ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച് കരട് സര്‍ക്കുലറില്‍ പറയുന്നുണ്ട്. ക്ലെയിം അപേക്ഷ ലഭിച്ച് രേഖകളിലെ അവ്യക്തതമൂലം തീര്‍പ്പാക്കല്‍ വൈകുകയാണെങ്കില്‍ ബാങ്കുകള്‍ അക്കാര്യം രേഖാമൂലം അറിയിച്ച് കഴിവതും വേഗം പുതിയ രേഖകള്‍ വാങ്ങി പ്രശ്‌നം പരിഹരിക്കണം.
ക്ലെയിം തീര്‍പ്പാക്കല്‍ നടപടിക്രമം ബാങ്കുകള്‍ അവയുടെ വെബ്‌സൈറ്റില്‍ വിശദമായി നല്‍കണം. 15 ദിവസത്തിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കിയില്ലെങ്കില്‍ ബാങ്കില്‍ നിലവിലുള്ള പലിശനിരക്കിന് പുറമേ പ്രതിവര്‍ഷം നാലുശതമാനം അധിക പലിശ കൂടി നല്‍കേണ്ടി വരും. ലോക്കറുകളുടെ കാര്യത്തില്‍ വൈകുന്ന ഓരോ ദിനത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കരടില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates