ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍ ലൈഫിലും വരുമാനം നിലനിര്‍ത്താന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്‌നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം.
സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.
ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്‌സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ്് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും. കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കില്‍ ആ നീട്ടിയ കാലാവധിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു കുറയ്ക്കും.
5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates