വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസ് 
Business

11 നില, 665 കോടി നിക്ഷേപം, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വ്യാവസായിക മേഖലയ്ക്ക് കരുത്തുപകര്‍ന്ന് കേരളത്തില്‍ രണ്ട് വന്‍നിക്ഷേപ പദ്ധതികള്‍

സംസ്ഥാനത്തിന്റെ ഇലക്ട്രിക്കല്‍- ഇലക്ട്രോണിക്‌സ് വ്യവസായരംഗത്ത് കുതിപ്പുണ്ടാക്കുന്ന രണ്ട് ബൃഹത് പദ്ധതികള്‍ കിന്‍ഫ്ര പാര്‍ക്കുകളില്‍ പ്രവര്‍ത്തനസജ്ജമായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തിന്റെ ഇലക്ട്രിക്കല്‍- ഇലക്ട്രോണിക്‌സ് വ്യവസായരംഗത്ത് കുതിപ്പുണ്ടാക്കുന്ന രണ്ട് ബൃഹത് പദ്ധതികള്‍ കിന്‍ഫ്ര പാര്‍ക്കുകളില്‍ പ്രവര്‍ത്തനസജ്ജമായി. കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ വി- ഗാര്‍ഡ് ഇന്നൊവേഷന്‍ ക്യാംപസ് 10നും പെരുമ്പാവൂര്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കെയ്ന്‍സ് ടെക്നോളജിയുടെ ആദ്യ ഉല്‍പാദന യൂണിറ്റ് 11നും വ്യവസായ് വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

കാക്കനാട് പാര്‍ക്കില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് ഭൂഗര്‍ഭ നില ഉള്‍പ്പെടെ 11 നിലകളിലായി 1,10,338 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വി-ഗാര്‍ഡ് ഇന്നൊവേഷന്‍ ക്യാംപസിന്റെ ആദ്യഘട്ടം പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലയിലെ പഠന ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ക്യാംപസിന്റെ ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായത്. ഇവിടെ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. 2021 ജനുവരിയിലാണ് കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ ഇന്നൊവേഷന്‍ ക്യാംപസ് സ്ഥാപിക്കാന്‍ വി-ഗാര്‍ഡിന് ഭൂമി അനുവദിച്ചത്. 2023 ഏപ്രിലില്‍ നിര്‍മാണം തുടങ്ങിയ പദ്ധതി രണ്ടരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ടമായി 200 കോടി രൂപ നിക്ഷേപത്തില്‍ മറ്റൊരു യൂണിറ്റിനുകൂടി പദ്ധതിയിട്ടിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ 600 പേര്‍ക്കുകൂടി ഇവിടെ തൊഴില്‍ നല്‍കാനാകും.

പെരുമ്പാവൂര്‍ ചേലാമറ്റത്ത് ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കിലെ 28 ഏക്കര്‍ സ്ഥലത്ത് നിലവിലുണ്ടായിരുന്ന 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നവീകരിച്ചാണ് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് സിസ്റ്റം ആന്‍ഡ് ഡിസൈന്‍ മാനുഫാക്ചറിംഗ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ന്‍സ് ടെക്‌നോളജീസ് ആദ്യഘട്ട ഉല്‍പാദന യൂണിറ്റ് തുറക്കുന്നത്. 2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനമാണ് ഇതിലൂടെ യാഥാര്‍ഥ്യമാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കെയ്ന്‍സിന് ഭൂമി കൈമാറിയത്. നാലുമാസംകൊണ്ട് ആദ്യഘട്ടം സജ്ജമായി. രണ്ടാംഘട്ടമായി നിര്‍മിക്കുന്ന 80,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ബീറ്റ ബില്‍ഡിംഗിന്റെ നിര്‍മാണോദ്ഘാടനവും 11ന് നടക്കും. തുടര്‍ന്ന് 80,000 ചതുരശ്ര അടി വരുന്ന ഗാമ, ഒരു ലക്ഷം ചതുരശ്ര അടി വരുന്ന ഡെല്‍റ്റ എന്നീ സമുച്ചയങ്ങള്‍കൂടി പദ്ധതിയുടെ ഭാഗമായി കെയ്ന്‍സ് നിര്‍മിക്കും.

350 കോടിയുടെ നിക്ഷേപവും വലിയതോതിലുള്ള തൊഴിലവസരങ്ങളുമാണ് പെരുമ്പാവൂരിലും പ്രതീക്ഷിക്കുന്നത്. വാഹനങ്ങള്‍, റയില്‍വേ, മെഡിക്കല്‍, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ രൂപകല്‍പനചെയ്ത് നിര്‍മിക്കുന്ന, മൈസൂര്‍ ആസ്ഥാനമായ കെയ്ന്‍സിന് നിലവില്‍ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉല്‍പാദന യൂണിറ്റുകളുള്ളത്. കേരളത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് സെന്റര്‍ മാത്രമായിരുന്നു ഇതുവരെയുള്ള സാന്നിധ്യം.

കേരളത്തിന്റെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ ഈ രണ്ട് സ്ഥാപനങ്ങളും നിര്‍ണായക പങ്ക് വഹിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇലക്ട്രിക്കല്‍- ഇലക്ട്രോണിക്‌സ് രംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം നൂതനസാങ്കേതിക ഉപകരണങ്ങളുടെ നിര്‍മ്മാണവും നൈപുണ്യ വികസനവും ഇവിടെത്തന്നെ സാധ്യമാകും. ഇലക്ട്രോണിക്‌സ് നിര്‍മ്മാണരംഗത്തെ വളര്‍ന്നുവരുന്ന നൂതന വ്യാവസായിക കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Two major investment projects in Kerala to strengthen the industrial sector realised

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യന്‍ എണ്ണ നിര്‍ത്തിയോ?, മറുപടി പറയാതെ വിദേശകാര്യ മന്ത്രാലയം; പ്രാധാന്യം ഊര്‍ജ്ജസുരക്ഷയ്ക്ക്, വേണ്ടി വന്നാല്‍ വെനസ്വേലയില്‍ നിന്നും വാങ്ങും

ഐപിഎല്ലില്‍ നിന്ന് പുറത്താക്കി; മുസ്തഫിസുര്‍ റഹ്മാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍

ഇമ്മ്യൂണിറ്റി കൂട്ടാൻ ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ

കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ടി ജി പുരുഷോത്തമൻ ക്ലബ് വിട്ടു

പാര്‍ലമെന്റ് കവാടത്തില്‍ തെന്നി വീണ ശശി തരൂരിന്റ കാല്‍ ഒടിഞ്ഞു; ചിത്രം പങ്കുവെച്ച് എംപി

SCROLL FOR NEXT