H1B visa file
Business

എച്ച്-1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ചത് റദ്ദാക്കി അമേരിക്കൻ കോടതി; ഇന്ത്യക്കാർക്ക് എങ്ങനെ ​ഗുണകരമാകും?

അമേരിക്കയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. ട്രംപ് ഭരണകൂടം എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയ നടപടി മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള ഫെഡറല്‍ കോടതി റദ്ദാക്കി. കൂടാതെ ഫീസ് ഉയര്‍ത്തിയ നടപടി നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിക്കുകയും ചെയ്തു.

യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഫയല്‍ ചെയ്ത കേസില്‍, വാഷിംഗ്ടണ്‍ ഡിസിയിലെ മറ്റൊരു ഫെഡറല്‍ കോടതി 2025 ഡിസംബറില്‍ ഈ ഫീസ് വര്‍ധന ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഒറ്റത്തവണയായി അടയ്‌ക്കേണ്ട ഈ ഫീസ് ട്രംപ് ഭരണകൂടം വര്‍ദ്ധിപ്പിച്ചതിന് ശേഷം ഈ നടപടി ചോദ്യം ചെയ്ത് ബോസ്റ്റണ്‍ കോടതിയിലേത് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് ഹര്‍ജികളെങ്കിലും ഫയല്‍ ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ വൈദഗ്ധ്യമുള്ള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാനാണ് എച്ച് -1ബി വിസ നല്‍കുന്നത്. തൊഴിലുടമകളുടെ ആവശ്യപ്രകാരമാണ് എച്ച് -1ബി വിസ നല്‍കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നത്.

എച്ച്-1ബി പ്രോഗ്രാമിന്റെ ഭാഗമായി പ്രതിവര്‍ഷം 65,000 വിസകളാണ് നല്‍കാറുള്ളത്. ഇതിന് പുറമെ ഉന്നത ബിരുദങ്ങളുള്ള തൊഴിലാളികള്‍ക്കായി 20,000 വിസകള്‍ വേറെയും മാറ്റിവെക്കാറുണ്ട്. വിസ അനുവദിച്ചുകഴിഞ്ഞാല്‍ മൂന്ന് മുതല്‍ ആറ് വര്‍ഷം വരെയാണ് ഇതിന്റെ കാലാവധി. എന്നാല്‍ ഇത് പിന്നീട് പുതുക്കാവുന്നതുമാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷാ ഫീസ് ശരാശരി 2,000 ഡോളറില്‍ നിന്ന് 100,000 ഡോളര്‍ ആയി ഉയര്‍ത്തിയത്. യുഎസില്‍ ജോലി ചെയ്യുന്നതിനായി വിദഗ്ധരായ കുടിയേറ്റക്കാരെ സ്‌പോണ്‍സര്‍ ചെയ്യേണ്ട തൊഴിലുടമകളാണ് ഈ തുക നല്‍കേണ്ടിയിരുന്നത്. ഈ പ്രോഗ്രാം വഴി അമേരിക്കന്‍ തൊഴിലാളികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് ട്രംപ് ഭരണകൂടത്തിലെ ചിലര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ കമ്പനികള്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഫീസ് വര്‍ധന ഏര്‍പ്പെടുത്തിയത്.

യുഎസിലെ എച്ച്-1ബി വിസ കൈവശമുള്ളവരില്‍ വലിയൊരു പങ്ക് ഇന്ത്യന്‍ കുടിയേറ്റക്കാരാണ്. യുഎസ് ഭരണകൂടത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 2024-ല്‍ അനുവദിച്ച എച്ച്-1ബി വിസകളില്‍ 70 ശതമാനത്തോളവും ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ലഭിച്ചത്. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന വരുമാനവുമുള്ള ജനവിഭാഗമായി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ മാറിയതിന് പിന്നിലെ പ്രധാന കാരണം ഈ എച്ച്-1ബി പ്രോഗ്രാം ആണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

US court strikes down Trump's ‘unlawful’ fee for H-1B visa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയ്യപ്പ സംഗമത്തില്‍ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റ്; പരാജയം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞില്ല; 30 മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് നല്‍കി'

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: ഇന്ത്യയടക്കം 10 രാജ്യങ്ങള്‍ക്ക് അംഗീകാരം

'ആൾക്കൂട്ടത്തിന് നടുവിൽ നിശബ്ദനും നിശ്ചലനുമായ സലിമിൻ്റെ ദൃശ്യം; മരണത്തിനു മാത്രമേ അതിനെ മറികടക്കാൻ കഴിയുമായിരുന്നുള്ളൂ'

ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഷിഗെല്ല രോഗബാധ: ശുചിത്വ ക്യാംപയിന്‍ ശക്തമാക്കി ആരോഗ്യവകുപ്പ്, വൃത്തിയില്ലാത്ത തട്ടുകടകള്‍ അടച്ചുപൂട്ടുമെന്ന് ആരോഗ്യമന്ത്രി

SCROLL FOR NEXT