

ന്യൂഡല്‍ഹി: 2018 മാര്‍ച്ച് 29 ന് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളും ഭാവിയുമാണ് തകര്‍ക്കുന്നതെന്ന് 2018 മാര്‍ച്ച് 29ന് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നീറ്റ് ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും രാജ്യത്തെ ഉലയ്ക്കുമ്പോള്‍, രാഹുല്‍ അന്ന് നല്‍കിയ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.
'പരീക്ഷാ ചോര്‍ച്ചകള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളെയും ഭാവിയെയും ഇല്ലാതാക്കുന്നു. കോണ്‍ഗ്രസ് എപ്പോഴും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിച്ചുപോന്നിട്ടുണ്ട്. ആര്‍എസ്എസ് / ബിജെപി കൂട്ടുകെട്ട് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ഞാന്‍ പറയുന്നത് വിശ്വസിക്കൂ, ഇത് തുടക്കം മാത്രമാണ്.'- എന്നായിരുന്നു 2018 മാര്‍ച്ച് 29ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്.
കേന്ദ്ര മന്ത്രിയുടെ രാജിക്ക് ശേഷം സിജെപി സമരം അവസാനിപ്പിച്ചെങ്കിലും പ്രതിപക്ഷം ഇതുമായി മുമ്പോട്ട് പോകുമെന്ന സൂചനയാണ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും, സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിനെ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പാര്‍ലമെന്റിലും വിഷയം ശക്തമാക്കുമെന്നാണ് സൂചന.
2018-ല്‍ രാഹുല്‍ ഗാന്ധി നല്‍കിയ മുന്നറിയിപ്പ് കേവലം ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നില്ലെന്നും, അത് ഇന്നിന്റെ യാഥാര്‍ത്ഥ്യമാണെന്നും തെളിയിക്കുന്നതാണ് നിലവിലെ നീറ്റ് പരീക്ഷാ വിവാദവും മന്ത്രിയുടെ രാജിയുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates