ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

നിലവില്‍ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് പ്രള്‍ഹാദ് ജോഷി
Pralhad Joshi
പ്രള്‍ഹാദ് ജോഷിFile Photo | ANI
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെയാണ് പ്രള്‍ഹാദ് ജോഷിയെ തല്‍സ്ഥാനത്തേക്ക് നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കിയത്. നിലവില്‍ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് പ്രള്‍ഹാദ് ജോഷി.

'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75 ക്ലോസ് (2) പ്രകാരം, പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം, കേന്ദ്ര മന്ത്രിസഭയില്‍ നിന്നുള്ള ധര്‍മേന്ദ്ര പ്രധാന്റെ രാജി അടിയന്തര പ്രാബല്യത്തോടെ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നു. കൂടാതെ, പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ക്യാബിനറ്റ് മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് തന്റെ നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല നല്‍കാനും രാഷ്ട്രപതി ഉത്തരവിട്ടിട്ടുണ്ട്' -രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

57കാരനായ ധര്‍മേന്ദ്ര പ്രധാന്‍ ജന്തര്‍ മന്തറിലെ പ്രതിഷേധം 35-ാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് ശനിയാഴ്ച രാജി പ്രഖ്യാപിച്ചത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെ വിവിധ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റ് പ്രധാന്‍ രാജിവെക്കണമെന്നായിരുന്നു പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിജെപിയുടെ പ്രധാന ആവശ്യം. രാജിക്കു പിന്നാലെ നടന്ന ചര്‍ച്ചയില്‍ സിജെപിയുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു.

പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിഷേധക്കാരോട് വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു.  പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും പരീക്ഷാ നടത്തിപ്പില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന് തയ്യാറാണെന്നും കേന്ദ്രം സിജെപിക്ക് ഉറപ്പു നല്‍കി.

വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡയ്ക്കും ജിതേന്ദ്ര സിങ്ങിനുമൊപ്പം പങ്കെടുത്ത സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന വിശ്വാസത്തിലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും സിജെപി വക്താക്കള്‍ വ്യക്തമാക്കി.

Pralhad Joshi
എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി
Pralhad Joshi
രാജ്യം കെട്ടിപ്പടുക്കുന്നത് രാജി കൊണ്ടുമാത്രമല്ല, പരിഷ്‌കാരങ്ങളാണ് ആവശ്യം: സോനം വാങ്ചുക്
Pralhad Joshi
യഥാര്‍ഥ 'വിശ്വഗുരു' ജെന്‍ സികള്‍; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് വാങ്ചുകിന്റെ ഭാര്യ
Summary

Pralhad Joshi to take charge of Education Ministry after Dharmendra Pradhan's exit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com